വേഗരാജാവായി കെഎസ് പ്രണവ്; ജിസ്‌ന മാത്യു വേഗമേറിയ പെണ്‍കുട്ടി; കായികമേളയെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഫൈനല്‍

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കോഴിക്കോട്ടെ സിന്തറ്റിക് ട്രാക്കിനെ കോരിത്തരിപ്പിച്ച് 100 മീറ്റര്‍ ഓട്ടത്തിന്റെ ഫൈനല്‍. കെഎസ് പ്രണവും ജിസ്‌ന മാത്യുവുമാണ് മീറ്റിന്റെ വേഗമേറിയ താരങ്ങള്‍. കെ.എസ് പ്രണവ് വേഗമേറിയ ആണ്‍കുട്ടിയായി. എറണാകുളം കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളിന്റെ താരമാണ് പ്രണവ്. വേഗമേറിയ പെണ്‍കുട്ടിയായി ജിസ്‌ന മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജിസ്‌ന മാത്യു സ്വര്‍ണം നേടി. കരിയറിലെ മികച്ച സമയം കുറിച്ചു കൊണ്ടാണ് ജിസ്‌ന സ്വര്‍ണം അണിഞ്ഞത്. കോഴിക്കോട് ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിറെ താരമാണ് ജിസ്‌ന മാത്യു. ഉഷ സ്‌കൂളിന്റെ തന്നെ ഷഹര്‍ബാന സിദ്ധിഖിനാണ് ഈയിനത്തില്‍ വെള്ളി.

മീറ്റ് റെക്കോര്‍ഡോടെയാണ് ജിസ്‌ന മാത്യു സ്വര്‍ണം നേടിയത്. 12.08 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജിസ്‌നയുടെ സ്വര്‍ണനേട്ടം. 2008-ല്‍ കോഴിക്കോട് ഉഷ സ്‌കൂളിന്റെ തന്നെ ശില്‍പ സൃഷ്ടിച്ച റെക്കോര്‍ഡാണ് ജിസ്‌നയുടെ വേഗത്തിനു മുന്നില്‍ പഴങ്കഥയായത്. മീറ്റിലെ ജിസ്‌യുടെ രണ്ടാം സ്വര്‍ണമാണിത്. കഴിഞ്ഞ ദിവസം സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററിലും ജിസ്‌ന സ്വര്‍ണം നേടിയിരുന്നു. കോതമംഗലം സെന്റ് ജോര്‍ജിന്റെ മീറ്റിലെ ആദ്യ സ്വര്‍ണമാണ് കെഎസ് പ്രണവിലൂടെ സ്വന്തമായത്.

സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഗൗരി നന്ദനയ്ക്കാണ് സ്വര്‍ണം. എറണാകുളം പെരുമാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ഗൗരി. സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അലന്‍ ചാര്‍ളി ചെറിയാന്‍ സ്വര്‍ണം ചൂടി. കൊല്ലം സായിയുടെ താരമാണ് അലന്‍. 12.91 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അലന്റെ നേട്ടം. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അഞ്ജലി പി.ഡിക്കാണ് സ്വര്‍ണം. ഫോട്ടോഫിനിഷിനൊടുവിലാണ് വിജയിയെ തീരുമാനിച്ചത്. തൃശ്ശൂര്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ്ഞ്ജലി. മലപ്പുറം നാവാമുകുന്ദ സ്‌കൂളിലെ പി.പി ഫാത്തിമയ്ക്കാണ് ഈയിനത്തില്‍ വെള്ളി. ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പാലക്കാട് പറളി എച്ച്എസിലെ ടി.പി അമലും സ്വര്‍ണം നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News