ദിവസം മുഴുവന്‍ ഉറക്കം തൂങ്ങുന്ന പോലെ തോന്നുന്നുണ്ടോ? ഉടനെ ഡോക്ടറെ കാണിച്ചോളൂ; ഹൃദ്രോഗം വരെ വരാന്‍ സാധ്യതയുണ്ട്

ഉച്ചഭക്ഷണം കഴിഞ്ഞാല്‍ ഒരു മയക്കം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍, ദിവസം മുഴുവന്‍ ഉറക്കം വരുന്നതു പോലെ ഉറക്കം തൂങ്ങി ഇരിക്കുന്നുണ്ടോ. ഓഫീസില്‍ ഇരിക്കുമ്പോള്‍ ഉറക്കം തൂങ്ങുക, ഡ്രൈവ് ചെയ്യുമ്പോള്‍ കോട്ടുവാ ഇടുക, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുക എന്നീ പ്രശ്‌നങ്ങളുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. എന്തോ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നാണ് അതിന്റെ സാരം. അതുകൊണ്ട് ഉടന്‍ തന്നെ ഏതെങ്കിലും ഡോക്ടറെ കണ്ട് രോഗം തിരിച്ചറിയുന്നത് ഉത്തമമായിരിക്കും. ശരിയായ രീതിയില്‍ ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ അത് നിങ്ങളില്‍ അമിതവണ്ണം, രക്താതിസമ്മര്‍ദ്ദം, ഹൈപര്‍ ടെന്‍ഷന്‍, പ്രമേഹം, ഉന്‍മാദം തുടങ്ങി ഹൃദ്രോഗത്തിനു വരെ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒരു മനുഷ്യന്‍ ശരാശരി ഒരു ദിവസം ഉറങ്ങേണ്ട സമയം ഏഴു മുതല്‍ എട്ടു മണിക്കൂറാണ്. എന്നാല്‍, ആറു മണിക്കൂര്‍ മാത്രം ഉറങ്ങുകയും അതുതന്നെ ധാരാളം എന്നു ചിന്തിക്കുകയും ചെയ്യുന്നത് വിഡ്ഢിത്തമാണ്. അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ വിളിച്ചു വരുത്തും. രാത്രിയില്‍ ശരിയായ രീതിയില്‍ ഉറങ്ങാത്തതാണ് പകല്‍ ഉറക്കം തൂങ്ങുന്ന പോലെ തോന്നുന്നതിന്റെ പ്രധാന കാരണം. ഒപ്പം നീണ്ട യാത്രകള്‍, ക്രമരഹിതമായ ഷിഫ്റ്റുകളിലെ ജോലി, വ്യത്യസ്ത സമയങ്ങളിലെ ഉറക്കം എന്നിവയെല്ലാം പകലത്തെ ഉറക്കം തൂങ്ങലിന് കാരണമാകുന്നു. ഈ പ്രശ്‌നത്തിന് പരിഹാരമായി ചായ, കോഫി എന്നിവ കുടിച്ച് ഉറക്കം തൂങ്ങുന്നത് ഒഴിവാക്കാം എന്നു വിചാരിക്കുകയോ അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മണ്ടത്തരമാണ്. അത് നിങ്ങളെ കൂടുതല്‍ വിഷമവൃത്തത്തിലാക്കുമെന്ന് ഉറപ്പാണ്.

ഇനി അതല്ല എന്നും കൃത്യം എട്ടു മണിക്കൂര്‍ ഉറങ്ങിയിട്ടും പകല്‍ സമയങ്ങളില്‍ ഉറക്കം തൂങ്ങുന്നുണ്ടെങ്കില്‍ നിങ്ങള്‍ ക്രമം തെറ്റിയ ഉറക്കത്തിന് അടിമയാണെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ നിങ്ങളെ എന്തോ അലട്ടുന്നുണ്ടാകാം. അതല്ലെങ്കില്‍ ഉറക്കത്തില്‍ നിന്ന് പെട്ടെന്നു ഞെട്ടി ഉണരുന്നുണ്ടായിരിക്കാം. അതല്ലെങ്കില്‍ ഉറങ്ങുമ്പോള്‍ പെട്ടെന്ന് ആഴത്തിലേക്ക് വീഴുന്ന പോലെ തോന്നുന്നുണ്ടാകാം. അതായത് എത്ര ഉറങ്ങുന്നു എന്നതോടൊപ്പം തന്നെ പ്രധാനമാണ് ഉറക്കത്തിന്റെ ഗുണമേന്‍മയും. അതുകൊണ്ട് തന്നെ നിങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്താണെന്ന് മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ എന്നു ഒന്നു പരിശോധിക്കുന്നതു നന്നായിരിക്കും.

-ഉറങ്ങാന്‍ കിടന്നു ഒരു മണിക്കൂറോളം എടുത്തിട്ടാണോ നിങ്ങള്‍ക്ക് ഉറക്കം വരുന്നത്?

-പകല്‍ സമയങ്ങളില്‍ ചെറിയ രീതിയില്‍ എങ്കിലും മയങ്ങിയിട്ടു പോലും വീണ്ടും ഉറക്കം തൂങ്ങുന്നുന്നുണ്ടോ?

-ജോലിസമയങ്ങളില്‍ ഉറക്കം വരുന്നുണ്ടോ?

-പങ്കാളിക്ക് ശല്യമാകുന്ന തരത്തില്‍ ഉച്ഛത്തില്‍ കൂര്‍ക്കം വലിക്കുന്നുണ്ടോ?

-ഉറങ്ങുമ്പോള്‍ കൈകാലുകള്‍ തുള്ളുകയും ആഴത്തിലേക്ക് വീഴുന്നതു പോലെ തോന്നുകയും ചെയ്യുന്നുണ്ടോ?

-ഉറക്കമില്ലായ്മ പലരിലും ഒരു പ്രശ്‌നമായി കണ്ടുവരുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു മാത്രം.

-കൂര്‍ക്കംവലി ശ്വാസം മുറിയുന്നതിന് ഇടയാക്കുന്നുണ്ട്. വീര്‍പ്പുമുട്ടല്‍, കഴുത്ത് ഞെരുങ്ങുക തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കൂര്‍ക്കംവലി കാരണമാകുന്നുണ്ട്. തുടര്‍ച്ചയായി ശ്വാസം മുറിഞ്ഞു പോകുന്നത് ഓക്‌സിജന്‍ പ്രവാഹത്തെ തടയുകയും അത് ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്.

-കാലുകള്‍ പെട്ടെന്നു തുള്ളുകയും കാല്‍ വലിക്കണമെന്ന് തോന്നുകയും ചെയ്യുന്നുണ്ടോ? പെട്ടെന്ന് വീഴാന്‍പോകുന്ന പോലെ തോന്നുകയും കാല്‍ വലിക്കുകയും ചെയ്യുന്നത് തുടര്‍ച്ചയാണെങ്കില്‍ അതും ഉറക്കത്തെ ബാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News