ഐഎഫ്എഫ്‌കെയില്‍ കാണേണ്ട ചില ചിത്രങ്ങള്‍; ഡീഗ്രേഡ്, മസ്റ്റാംഗ്, യോന, ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍…

1. ഡീഗ്രേഡ്

ഗസയിലെ ഒരു വേനല്‍ക്കാല ദിനം. അന്നും ചൂട് കൂടുതലാണ്. ചൂടില്‍നിന്ന് രക്ഷ നേടാന്‍ എന്തായാലും ഇന്ന് ഗസയില്‍ വൈദ്യുതി ഉണ്ട്. എന്നും അത് ഉണ്ടാകാറില്ല. ക്രിസ്റ്റീന്റെ ബ്യൂട്ടി സലൂണില്‍ സ്ത്രീ സന്ദര്‍ശകരുടെ തിരക്കുണ്ട്. നവവധുവും ഗര്‍ഭിണിയും വിവാഹമോചിതയും ദൈവഭക്തിയുള്ളവരും എല്ലാം അതില്‍ ഉള്‍പ്പെടും. അതിനിടയിലാണ് തെരുവില്‍ ഒരിടത്ത് കാതടപ്പിക്കുന്ന വെടിയൊച്ച കേട്ടത്. ഗാസയിലെ ഏക മൃഗശാലയില്‍നിന്ന് പെണ്‍സിംഹത്തെ ഒരു സംഘം കവര്‍ന്നതായും കേള്‍ക്കുന്നുണ്ട്. ഒപ്പം പകരംവീട്ടാനൊരുങ്ങി ഹമാസും. കുടുങ്ങിപ്പോയത് ക്രിസ്റ്റീനയുടെ ബ്യൂട്ടി സലൂണില്‍ എത്തിയവരാണ്. കുടുങ്ങിയ സ്ത്രി കൂട്ടത്തെ രക്ഷിക്കാന്‍ എന്താണ് പോംവഴി. ഇവരുടെ ജീവന് എന്തു സംഭവിക്കും എന്ന് അന്വേഷിക്കുന്ന ചലച്ചിത്രമാണ് ഡീഗ്രേഡ്.

83 മിനുട്ട് ദൈര്‍ഘ്യമുള്ള ഫ്രാന്‍സ് – പലസ്തീന്‍ – ഖത്തര്‍ ചിത്രം ലോകസിനിമാ വിഭാഗത്തിലാണ് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കുന്നത്. അറബ് അബുനസ്സെര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം കാന്‍സ്, ടൊറാന്റോ, ചിക്കാഗോ ലോക ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചു. ആതന്‍സ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ അഥിന പുരസ്‌കാരവും മെഡിറ്ററേനിയന്‍ മേളയില്‍ മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരവും നേടിയ ചിത്രം കൂടിയാണ് ഡീഗ്രേഡ്.

2. മസ്റ്റാംഗ്

വേനലിന്റെ തുടക്കം. ഉത്തര തുര്‍ക്കിയിലെ ഒരു ഗ്രാമം. ലേല്‍ തന്റെ നാല് സഹോദരിമാര്‍ക്കൊപ്പം സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വരികയാണ്. കുറച്ച് ആണ്‍കുട്ടികളുമായി കളിച്ചാണ് വരവ്. കുട്ടികളുടെ നിഷ്‌കളങ്കത പിന്നീട് സദാചാര പ്രശ്‌നമായി മാറി. ഇത് അപ്രതീക്ഷിത മാനങ്ങല്‍ നല്‍കുന്നു. പെണ്‍കുട്ടികളുടെ പേരില്‍ അപവാദങ്ങള്‍ പ്രചരിച്ച് തുടങ്ങി. നാളുകള്‍ കഴിയുന്തോറും വീട് അവര്‍ക്ക ജയിലിന് സമാനമായി മാറി. സ്‌കൂളില്‍ നിന്ന് വിദ്യാഭ്യാസം നേടേണ്ട സമയത്ത് അവര്‍ പഠിക്കുന്നത് അടുക്കളയില്‍നിന്നുള്ള പാചക പാഠങ്ങളാണ്. വിവാഹത്തിന് നിര്‍ബന്ധവും തുടങ്ങി. ബന്ധങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാവാന്‍ ശ്രമിക്കുന്ന അഞ്ച് സഹോദരിമാരുടെ കഥ പറയുന്ന ചിത്രമാണ് മസ്റ്റാംഗ്.

ഡെനിസ് ഗാംസെ എര്‍ഗുവന്‍ ആണ് മസ്റ്റാംഗിന്‍രെ സംവിധായകന്‍. തിരക്കഛ ഡെനിസ് ഗാംസെ എര്‍ഗുവന്‍. ടോറാന്റോ, ന്യൂസിലാന്‍ഡ്, ചിക്കാഗോ, ഹവായ്, മെല്‍ബണ്‍, സ്‌റ്റേക്‌ഹോം മേളകള്‍ കഴിഞ്ഞാണ് മസ്റ്റാംഗ് കേരള മേളയിലേക്ക് എത്തുന്നത്.

കാന്‍ മേളയില്‍ യൂറോപ്പ സിനിമാസ് പുരസ്‌കാരം, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചിക്കാഗോ മേളയിലെ പുരസ്‌കാരം, ഉള്‍പ്പടെ പത്തോളം പുസ്‌കാരം നേടിയ മസ്റ്റാംഗ് തിരുവനന്തപുരത്തും പ്രേക്ഷകാംഗീകാരം നേടും എന്നുറപ്പ്. ഐഎഫ്എഫ്‌കെയില്‍ ലോക സിനിമാ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

3. എംബ്രാന്‍സ് ഓഫ് ദി സെര്‍പന്റ്

കൊളോണിയലിസത്തെയും അധിനിവേശത്തെയും അതിന്റെ അനന്തരഫലങ്ങലെയും വിമര്‍ശനാത്മകമായി സമീപിക്കുന്ന ചിത്രമാണ് എംബ്രാന്‍സ് ഓഫ് ദി സെര്‍പന്റ്. വടക്കേ അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രം പ്രേക്ഷകരോട് സംവദിക്കുന്നത്. കാരമാകറ്റേ എന്ന് ആമസോണ്‍കാരനായ മന്ത്രവാദിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്ത്രതെ അവതരിപ്പിക്കുന്നത്. മനസിനും ശരീരകത്തിനും ആനന്ദവും ഉന്മാദവും പകരുന്ന യാക്കുരാന ചെടിയന്വേഷിച്ച് കഴിഞ്ഞ നൂറ്റാണ്ടില്‍ കൊളംബിയന്‍ ആമസോണ്‍ വനങ്ങളില്‍ സഞ്ചരിച്ചു. ഇതിന്റെ തുടര്‍ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

ചിക്കാഗോ, ടൊറാന്റോ, വാന്‍കൂവര്‍, ലണ്ടന്‍, മ്യൂണിച്ച് ഉള്‍പ്പടെയുള്ള നിരവധി മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. സിറോ ഗുവേര സംവിധാനം ചെയ്ത ചിത്രത്തിന് 125 മിനുട്ടാണ് ദൈര്‍ഘ്യം. കാന്‍സ്, ഹാംപ്ടന്‍സ്, പസഫിക് മെറിഡിയന്‍ ഉള്‍പ്പടെയുള്ള മേളകളില്‍ പുരസ്‌കാരം നേടിയ ചിത്രം കൂടിയാണ് എംബ്രാന്‍സ് ഓഫ് ദി സെര്‍പന്റ്.

4. യോന

ഹീബ്രു ഭാഷയില്‍ എഴുതുന്നവരില്‍ മികച്ച കവിയായി അറിയപ്പെട്ട ആളാണ് യോന വല്ലാക്. അവരുടെ ജീവിതത്തിലെ പ്രക്ഷുബ്ധതയാണ് യോന എന്ന ചലച്ചിത്രത്തിന്റെയും പ്രമേയം. പുരുഷ കേന്ദ്രീകൃതവും കലാപ കലുഷിതവും അശുദ്ധ രക്തത്താല്‍ മലീമസവുമായ കാവ്യ ലോകത്ത് നടത്തുന്ന വ്യത്യസ്തമായ പോരാട്ടം പശ്ചാത്തലമാകുന്നു. അവരുടെ പ്രാഥമിക വിജയങ്ങള്‍ക്കു ശേഷം ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് പറച്ചുനടുന്നു. തന്റെ പരിധികള്‍ പരീക്ഷിച്ച് സാധ്യമാക്കുന്നതിലും തല്‍പരയാണ് യോന. വൈകാതെ യോന മാനസികമായി തകരുന്നു. എഴുത്ത പുനരാരംഭിക്കാനംു ഹീബ്രു കവിതയുടെ പ്രമാണങ്ങളില്‍ സ്ഥാനം നേടാനുമുള്ള ശ്രമങ്ങള്‍ ചിത്രം പറയുന്നു.

നിര്‍ ബെര്‍ഗ്മാന്‍ സംവിധാനം ചെയ്ത ഇസ്രയേല്‍ ചിത്രത്തിന് 100 മിനുട്ട് ദൈര്‍ഘ്യമുണ്ട്. ഐഎഫ്എഫ്‌കെയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.

5. ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍

ഒറ്റ ടേക്കില്‍ ചിത്രീകരിച്ച ചിത്രം. ചന്ദ്രഗ്രഹണ സമയമായ രണ്ട് മണിക്കൂറില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന് ആധാരം. ചിത്രത്തില്‍ ആകെ മൂന്ന് കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ വൈകാരിക നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രം കൂടിയാണ് ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍. സായുധ യുദ്ധത്തെ പരിശോധിക്കാനും അതിജീവിക്കാനും ശ്രമിക്കുന്ന സൈനികനും ദമ്പതിമാരും തമ്മിലുള്ള സൗഹൃദത്തെ ചിത്രം അനാവരണം ചെയ്യുന്നു.

ജുന്‍ റോബിള്‍സ് ലാന തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍. 121 മിനുട്ടില്‍ ചിത്രീകരിച്ച ഫിലിപ്പൈന്‍സ് ചിത്രം ഐഎഫ്എഫ്‌കെയില്‍ മത്സര വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here