ഡല്‍ഹിയെ മലര്‍ത്തിയടിച്ച് ഒന്നാം സ്ഥാനക്കാരായി ഗോവ സെമിയില്‍; ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ദില്ലി: നാടകീയമായ തിരിച്ചു വരവിലൂടെ ശക്തമായി തിരിച്ചടിച്ച എഫ്‌സി ഗോവ ഡല്‍ഹിയെ മലര്‍ത്തിയടിച്ച് സെമിഫൈനലില്‍ കടന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഗോവ ഡെല്‍ഹിയെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായിരുന്ന ഗോവ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചു വരവാണ് കാഴ്ചവച്ചത്. അടുത്തടുത്ത മിനുട്ടുകളില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് സമനില നേടി ഗോവ, അവസാന മിനുട്ടില്‍ ഒരു ഗോള്‍ കൂടിയടിച്ച് ജയം ഉറപ്പിച്ചു. 68, 69 മിനുട്ടുകളില്‍ റോമിയോ ഫെര്‍ണാണ്ടസും 90-ാം മിനുട്ടില്‍ ജോഫ്രിയുമാണ് ഗോവയുടെ ഗോളുകള്‍ നേടിയത്. 31-ാം മിനുട്ടില്‍ ഗ്രീനും 40-ാം മിനുട്ടില്‍ ആദില്‍ നബിയുമാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്.

ആദ്യപകുതിയില്‍ മുഴുവനായും ഡല്‍ഹിയുടെ മുന്നേറ്റമാണ് കണ്ടത്. പലതവണ ഗോവന്‍ ഗോള്‍മുഖത്തെത്തിയ അവര്‍, 31-ാം മിനുട്ടില്‍ ആദ്യമായി ലക്ഷ്യം കണ്ടു. മലൂദയുടെ വളഞ്ഞെത്തിയ ഫ്രീകിക്കില്‍ ഒന്നു തലവച്ചു കൊടുക്കുകയേ വേണ്ടിയിരുന്നുള്ളു ഗ്രീനിന്. വൈകാതെ രണ്ടാം ഗോളും അടിച്ച് ഡല്‍ഹി ഗോവയെ സമ്മര്‍ദ്ദത്തിലാക്കി. ബോക്‌സിനുള്ളില്‍ നിന്ന് ഗാഡ്‌സെയില്‍ നിന്ന് ലഭിച്ച ക്രോസ് ഒന്നു തട്ടിയിടുക മാത്രമാണ് നബി ചെയ്തത്. ഇതോടെ ജയം ഉറപ്പിച്ച ഡല്‍ഹിയെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഗോവയുടെ രണ്ടാം പകുതിയിലെ മടങ്ങിവരവ്.

68-ാം മിനുട്ടില്‍ ഡുഡുവില്‍ നിന്ന് ലഭിച്ച പന്ത് മികച്ച ഒരു ഇടംകാലന്‍ അടിയിലൂടെ റോമിയോ വലയിലാക്കി. തൊട്ടടുത്ത മിനുട്ടില്‍ റെയ്‌നാള്‍ഡോയുടെ സഹായത്തോടെ റോമിയോ തന്നെ ഗോവയ്ക്ക് സമനില സമ്മാനിച്ചു. പകരക്കാരനായി ഇറങ്ങിയായിരുന്നു റോമിയോയുടെ ഇരട്ട ഗോള്‍ പ്രകടനം. പിന്നീടങ്ങോട്ട് പകരക്കാരെ ഇറക്കി ഡല്‍ഹിയും ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 90-ാം മിനുട്ടില്‍ ഓഫ്‌സൈഡ് ചതിയും മറികടന്ന് ജോഫ്രി നടത്തിയ മുന്നേറ്റം ഗോളില്‍ കലാശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel