ഗര്‍ഭപാത്രവും വൃക്കയുമില്ലെന്നു സ്‌കാനിംഗില്‍ തെളിഞ്ഞു; അമ്മയാകാനാവില്ലെന്ന വിഷമത്തില്‍ പതിനേഴുകാരി തീകൊളുത്തി മരിച്ചു

ബറേലി: ഗര്‍ഭപാത്രവും വൃക്കയും ഇല്ലാതെ ജനിച്ച പെണ്‍കുട്ടി പതിനേഴാം വയസില്‍ തീകൊളുത്തി മരിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അള്‍ട്രാസൗണ്ട് സ്‌കാനിംഗില്‍ ഗുരുതരമായ ആരോഗ്യാവസ്ഥ തിരിച്ചറിഞ്ഞ പെണ്‍കുട്ടി ജീവനൊടുക്കിയത്.

ബറേലി സുഭാഷ് നഗര്‍ സ്വദേശിനിയായ പെണ്‍കുട്ടി പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കുറച്ചു നാളുകള്‍ക്കു മുമ്പ് അസുഖബാധിതയായപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അള്‍ട്രാ സൗണ്ട് സ്‌കാനിംഗിനു വിധേയനാക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. പരിശോധനാഫലത്തിലാണ് ജന്മനാ ഗര്‍ഭപാത്രവും വൃക്കയുമില്ലെന്നു വ്യക്തമായത്.

ഇതേത്തുടര്‍ന്നു പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു. ഗുരുതരമായ പ്രശ്‌നമല്ലെന്നു പറഞ്ഞുമനസിലാക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കടുത്ത വിഷാദത്തില്‍ തുടരുകയായിരുന്നു. ചില മനശാസ്ത്ര വിദഗ്ധരുടെ സഹായം തേടിയെങ്കിലും പെണ്‍കുട്ടിക്കു മാറ്റമുണ്ടായില്ല. വെള്ളിയാഴ്ച പിതാവ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോയ സമയത്തു പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ചു തീകൊളുത്തുകയായിരുന്നു. കരച്ചില്‍കേട്ടു മാതാവ് ഓടിയെത്തിയപ്പോഴേക്കും ഗുരുതരമായ നിലയില്‍ പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗര്‍ഭപാത്രമില്ലാത്തതിനാല്‍ ഗര്‍ഭം ധരിക്കാനോ പ്രസവിക്കാനോ കഴിയില്ലെന്നു പറഞ്ഞു പെണ്‍കുട്ടി കരച്ചിലായിരുന്നു പല ദിവസങ്ങളിലുമെന്നു മാതാവ് പറഞ്ഞു. അമ്മയായില്ലെങ്കിലും ജീവിക്കാമെന്നു ബോധ്യപ്പെടുത്തി പല ഡോക്ടര്‍മാരുടെ അടുത്തും പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു കൊണ്ടുപോയിരുന്നു. എന്നാല്‍, കടുത്തമാനസിക സമ്മര്‍ദത്തില്‍നിന്നു പെണ്‍കുട്ടി മുക്തമാകാതിരിക്കുകയും ജീവനൊടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here