തിരുവനന്തപുരം: പൊലീസ്, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ് വകുപ്പുകളെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പകപോക്കലായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ആരോപിച്ചു. ജേക്കബ്ബ് തോമസ് പണ്ടേ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു. ബാര്‍ കോഴക്കേസാണ് ജേക്കബ്ബ് തോമസിനെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായത്. സോളാര്‍ കേസില്‍ ബിജു രാധാകൃഷ്ണനെ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടതു കൊണ്ടാണ് ലോക്‌നാഥ് ബെഹ്‌റയെ സ്ഥാനം മാറ്റിയത്. പൊലീസിനെ സര്‍ക്കാര്‍ ചട്ടുകമാക്കി മാറ്റിയെന്ന് അടിയന്തരപ്രമേയത്തിനു അനുമതി തേടി നോട്ടീസ് നല്‍കി സംസാരിച്ച പി ശ്രീരാമകൃഷ്ണന്‍ എംഎല്‍എ ആരോപിച്ചു. സര്‍ക്കാരിന്റെ താളത്തിനൊത്തു തുള്ളുന്ന ചട്ടുകമാക്കിയെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു. അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, ജേക്കബ്ബ് തോമസിനെതിരായ നിലപാട് മുഖ്യമന്ത്രി നിയമസഭയില്‍ മാറ്റി. പാറ്റൂര്‍ കേസില്‍ ജേക്കബ്ബ് തോമസിന്റെ റിപ്പോര്‍ട്ട് തന്നെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥരുടെ പ്രസ്താവന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയില്ല. ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അനൈക്യമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജേക്കബ്ബ് തോമസിന്റെ പ്രസ്താവന തന്നെ പ്രതിക്കൂട്ടിലാക്കിയെന്ന് നേരത്തെ മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
അതേസമയം, പൊലീസ് തലപ്പത്ത് ന്യായമായ സ്ഥാനക്കയറ്റം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. ഋഷിരാജ് സിംഗിന് താമസമുണ്ടാകാതെ ഡിജിപി പദവി നല്‍കി. ഫ്‌ളാറ്റ് വിവാദവും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനവും തമ്മില്‍ ബന്ധിക്കിപ്പിക്കുന്നത് ശരിയല്ല. പൊലീസില്‍ 29 കേഡര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഡിജിപിമാരുടെ തസ്തിക കൂട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും തരംതാഴ്ത്താതെ പരമാവധി സ്ഥാനക്കയറ്റം നല്‍കാനാണ് ശ്രമമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു.
Get real time update about this post categories directly on your device, subscribe now.