ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞു; ദില്ലി ടെസ്റ്റില്‍ ഇന്ത്യക്ക് 337 റണ്‍സിന്റെ തകര്‍പ്പന്‍ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

ദില്ലി: സ്പിന്നര്‍മാര്‍ താണ്ഡവമാടിയ ദില്ലി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ കടപുഴക്കിയെറിഞ്ഞ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 337 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചത്. 481 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 143 റണ്‍സിന് ഇന്ത്യ ചുരുട്ടിക്കൂട്ടി. മധ്യനിരയും വാലറ്റവും അമ്പേ പരാജയപ്പെട്ടപ്പോള്‍ പ്രോട്ടീസ് അതിവേഗത്തില്‍ അടിയറവു പറഞ്ഞു. മധ്യനിരയിലും വാലറ്റത്തിലും രണ്ടു പേര്‍ മാത്രമാണ് രണ്ടക്കം തികച്ചത്. രണ്ടു പേര്‍ പൂജ്യത്തിന് പുറത്തായി. 34 റണ്‍സെടുത്ത ബാവുമയും 43 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനില്‍പ് പ്രകടമാക്കിയത്. അഞ്ചുവിക്കറ്റെടുത്ത രവിചന്ദ്രന്‍ അശ്വിന്റെ ഓഫ് സ്പിന്‍ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം ഒരുക്കിയത്. ഉമേഷ് യാദവ് മൂന്നും ജഡേജ രണ്ടും വിക്കറ്റ് വീഴ്ത്തി. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മൂന്നും ജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരി. രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.

വന്‍മതില്‍ പോലെ നിലകൊണ്ട ഡിവില്ലിയേഴ്‌സും അംലയും വിചാരിച്ചിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷയുണ്ടായില്ല. 288 പന്തില്‍ നിന്നാണ് അംല 25 റണ്‍സ് അടിച്ചത്. 345 പന്ത് നേരിട്ട ഡിവില്ലിയേഴ്‌സ് 43 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നാല്‍ പിന്നീട് വന്നവര്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ചെയ്യാനായില്ല. ഡുപ്ലെസി 10 റണ്‍സിനും ഡുമിനി പൂജ്യത്തിനും പുറത്തായി. ഇതോടെ സമ്പൂര്‍ണമായി തകര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. 143 റണ്‍സിന് പരമ്പരയും ജയവും അടിയറവച്ച് ദക്ഷിണാഫ്രിക്ക മടങ്ങി. രണ്ട് ഇന്നിംഗ്‌സുകളിലുമായി ഏഴു വിക്കറ്റ് വീഴ്ത്തുകയും പരമ്പരയില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത അശ്വിനാണ് പരമ്പരയിലെ കേമന്‍. രണ്ട് ഇന്നിംഗ്‌സുകളിലും സെഞ്ച്വറി നേടി എലൈറ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഇടംപിടിച്ച അജിന്‍ക്യ രഹാനെ കളിയിലെ കേമനായും തെരഞ്ഞെടുക്കപ്പെട്ടു.

നാലു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. എന്നാല്‍, ചെന്നൈയില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴമൂലം ഉപേക്ഷിച്ചു. ഒരു ദിവസം മാത്രം കളിനടന്ന രണ്ടാം ടെസ്റ്റില്‍ പിന്നീട് ഒരു പന്തു പോലും എറിയാന്‍ സാധിച്ചിരുന്നില്ല. നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ ശവപ്പറമ്പായിരുന്നു. സ്പിന്നര്‍മാരുടെ മികവാണ് അവസാന രണ്ട് ടെസ്റ്റുകളിലും ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News