നൗഷാദിനെ ‘മണ്ടനാ’ക്കിയ കെ പി ശശികലയ്‌ക്കൊരു തുറന്നകത്ത്; മനുഷ്യത്വമുണ്ടെന്നു തിരിച്ചറിയാന്‍ കേരളത്തില്‍ ഒരു ചെന്നൈ സംഭവിക്കണോ?

ബഹുമാനപ്പെട്ട ശശികല ടീച്ചര്‍,

മനുഷ്യപക്ഷത്ത് നിന്ന് കൊണ്ടുളള ചിന്തയും, എഴുത്തും മാത്രമായി ഈ തുറന്ന കത്തിനെ കാണുക, കാരണം എനിക്ക് മനുഷ്യര്‍ക്ക് വേണ്ടിയേ പറയാനാകൂ. കോഴിക്കോട് മാന്‍ ഹോള്‍ ദുരന്തത്തില്‍പ്പെട്ട നൗഷാദ് കാണിച്ചത് മണ്ടത്തരമാണെന്നും ഒരു കയറോ, തുണിയോ മാന്‍ ഹോളിനകത്തേക്കിട്ട് കൊടുത്താല്‍ തൊഴിലാളികള്‍ക്കതില്‍ പിടിച്ച് കയറാവുന്നതേയുളളൂ അതിന് പകരം നൗഷാദ് അപകടം മനസ്സിലാക്കാതെ മാന്‍ ഹോളിലേക്കെടുത്ത് ചാടുകയാണുണ്ടായതെന്നും, ഇത്തരം മണ്ടത്തരം കാണിക്കാതിരിക്കാന്‍ കേരളത്തിലെ മുഴുവന്‍ അമ്മമാരും മക്കളെ ഉപദേശിക്കണമെന്ന താങ്കളുടെ രാഷ്ട്രീയപരമല്ലാത്ത അഭിപ്രായത്തെ മാനിച്ച് കൊണ്ട് തന്നെ ഞാന്‍ ചിലതൊക്കെ പറയാന്‍ ആഗ്രഹിക്കുന്നു.

ഒരമ്മയും അധ്യാപികയും എന്ന നിലയില്‍ താങ്കളുടെ വികാരങ്ങള്‍ വാക്കിലൂടെ പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്‍ഹോളിലെ വിഷവാതകം ശ്വസിച്ചാല്‍ കുറഞ്ഞ സമയത്തിനുളളില്‍ അവശരാകുകയും അവര്‍ക്കു കയറില്‍ പിടിക്കാന്‍ പോയിട്ടു കൈ ഉയര്‍ത്താന്‍ പോലും പറ്റില്ലെന്ന വാസ്തവം ഞങ്ങളെപ്പോലുളള സാധാരണക്കാര്‍ മറന്നാലും താങ്കളെ പോലുളള ഒരധ്യാപിക വിസ്മരിക്കാന്‍ പാടില്ലായിരുന്നു. പിന്നെ സ്വന്തം കണ്‍മുമ്പില്‍ ഒരാള്‍ ജീവനു വേണ്ടി പിടയുമ്പോള്‍ ഒരു തുണിയോ കയറോ എടുക്കാനോടാന്‍ അരിയാഹാരം കഴിക്കുന്ന ഒരു സാമാന്യ മനുഷ്യനും തോന്നുകയില്ല എന്ന വസ്തുതയും താങ്കള്‍ ഈ നിമിഷത്തില്‍ തിരിച്ചറിയുക.
പെട്ടെന്നൊരു ദിവസം ഓടയിലേക്കെടുത്തു ചാടിയ ബുദ്ധിശൂന്യതയല്ല ശശികല ടീച്ചറേ ഈ നൗഷാദ്.

ആള്‍ക്കൂട്ടത്തിലാളാവാന്‍ വേണ്ടി ജീവിതത്തിലാദ്യമായി മാന്‍ ഹോളിലേക്കിറങ്ങിയ അല്പനുമല്ല ഈ നൗഷാദ്. മുംബൈയിലെ സെക്‌സ് റാക്കറ്റിന്റെ പിടിയിലകപ്പെട്ടൊരു അര്‍ദ്ധരാത്രി കോഴിക്കോട് റെയില്‍വേ സ്‌റേറഷനില് എത്തിയ പെണ്‍കുട്ടിയെ ഒരു സഹോദരന്റെ കരുതലോടെ ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തി, ബാല്യത്തില്‍, മൊഴിച്ചൊല്ലി പിരിഞ്ഞ അമ്മക്കരികിലേക്ക് കൈകാലുകള്‍ വളര്‍ന്നപ്പോളോടിയെത്തുകയും, ഗുരുവായൂര്‍ അമ്പലനടയില്‍ അമ്മയെ കാണിക്ക വെക്കുന്ന മക്കള്‍ക്ക് മുമ്പില്‍ ഇരുപതാം വയസ്സ് മുതല്‍ തന്റെ ഉമ്മയെ പൊന്നു പോലെ വളര്‍ത്തുകയും ചെയ്തവനാണീ നൗഷാദ്.

ചേതനയറ്റ നൗഷാദിനെ കാണാന്‍ കാഞ്ചനമാല ഓടിയെത്തിയത് മുസല്‍മാനായത് കൊണ്ടോ, കോഴിക്കോട്ടുകാരനായത് കൊണ്ടോ മാത്രമല്ല, യാത്രയില്‍ മറന്ന പണസഞ്ചി രണ്ട് നാള് കഴിഞ്ഞിട്ടും തേടിപിടിച്ച് തന്നെയേല്‍പിക്കാനെത്തിയ ആ സഹായഹസ്തമാണ് നിലച്ചതെന്നറിഞ്ഞാണ്. അറിഞ്ഞ കഥകള്‍ക്കിത്രമേല്‍ നോവും,നൊമ്പരവും, നൈര്‍മ്മല്ല്യവുമാണ് എങ്കില്‍ ആ ഓട്ടോയില്‍ കയറിയ അറിയാത്ത ആയിരങ്ങളുടെ ഓര്‍മ്മകളിലും കാണും ഇനിയും പറയാത്ത അറിയാത്ത ആ അല്‍പബുദ്ധിയുടെ സ്‌നേഹത്തിന്റെ മനുഷ്യത്വത്തിന്റെ ഒരായിരം കഥകള്‍ …

നേരിന്റെ നിറവുളള ഓര്‍മ്മകളെ താങ്കളുടെ മനുഷ്യത്വരഹിതമായ ഒരു വാക്കിനാലും നശിപ്പിക്കാനാകില്ല. കടലോളം ആഴത്തിലും വിശാലതയിലും അറിവ് നേടിയാലും ആ മാന്‍ ഹോളിലേക്കെടുത്ത് ചാടിയവന്റെ അല്‍പബുദ്ധിയുടെ ഏഴയലത്തേക്കില്ല ടീച്ചറേ താങ്കളുടെ ഇക്കാര്യത്തിലുളള ഏത് പ്രസ്താവനയും. ചെന്നൈ പോലരവസ്ഥ ഇവിടേയുമെത്തേണ്ടി വരും കയറോ തുണിയോ എടുക്കാന്‍ ഉളള ഓട്ടത്തിന്റെയും ചാട്ടത്തിന്റെയും അപ്പുറത്ത് ചില മാനുഷികമായ പ്രവര്‍ത്തികളുണ്ടെന്നു താങ്കളെപ്പോലുളള ചിലരെങ്കിലും മനസ്സിലാക്കാന്‍. ഇനി താങ്കളുടെ പ്രസ്താവന പോലെ നൗഷാദിനെ പോലുളള എടുത്തുചാട്ടക്കാരെല്ലാം മണ്ടന്‍മാരാണ് എങ്കില്‍ ഞാനടക്കമുളള ഓരോ സാധാരണക്കാരനും തീര്‍ച്ചയായും മണ്ടന്‍മാരായിരിക്കും എന്തിന് ബി.പി മൊയ്തീന്‍ പോലും.

കാരണം മനുഷ്യപക്ഷത്തുനിന്നു ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും, സംസാരിക്കാനും അറിയാവുന്ന സാധാരണക്കാരാണ് ഞങ്ങളൊക്കെ എന്നതു തന്നെ. അതില്‍ ചിലപ്പൊ സ്വന്തം ജീവനെക്കാള്‍ മൂല്യം അന്യന്റെ ജീവന് കൊടുത്തേക്കാം, സ്വന്തം ഒട്ടിയ വയറിനെ അവഗണിച്ച് അന്യന്റെ പാനത്തിലേക്കു ഭക്ഷണം വിളമ്പിയേക്കാം… അത് മനുഷ്യന് മനുഷ്യനെ മനസ്സിലാക്കുമ്പോള്‍ മാത്രം സാധിക്കുന്ന ഒന്നാണ്..
രാഷ്ട്രീയപരമല്ലാതെ ഒരമ്മയും, അധ്യാപികയുമായി താങ്കള്‍ താങ്കളുടെ അഭിപ്രായം വ്യക്തമാക്കുമമ്പോള്‍ ഒട്ടും രാഷ്ട്രീയപരമല്ലാതെ ഞാന്‍ വെറും മനുഷ്യന്‍ മാത്രമായി ആണ് ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ ഈ കത്തിലൂടെ തുറന്ന് പറഞ്ഞത്… കാരണം എനിക്ക് മനുഷ്യര്‍ക്ക് വേണ്ടിയേ പറയാനാകൂ എന്നതു തന്നെ…
നന്ദി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here