ക്ഷേത്രങ്ങളിലെ വരുമാനം; സംഘപരിവാറിന്റെ വായടപ്പിച്ച് സര്‍ക്കാര്‍ നിയമസഭയില്‍; ഒരു രൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് കണക്കുകള്‍ ഉദ്ദരിച്ച് സര്‍ക്കാരിന്റെ മറുപടി

തിരുവനന്തപുരം: ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം ട്രഷറിയില്‍ നിക്ഷേപിച്ച് മറ്റു പല ആവശ്യങ്ങള്‍ക്കായി വകമാറ്റി ചെലവഴിക്കുകയാണെന്ന സംഘപരിവാറിന്റെ കള്ളപ്രചാരണങ്ങള്‍ക്ക് നിയമസഭയില്‍ കണക്കുകള്‍ കൊണ്ട് സര്‍ക്കാരിന്റെ മറുപടി. ക്ഷേത്രവരുമാനം എല്ലാം സര്‍ക്കാര്‍ കൊണ്ടുപോകുകയാണെന്നും ക്രിസ്ത്യന്‍-മുസ്ലിം പള്ളികളിലെ വരവു ചെലവു കണക്കുകള്‍ അവരവര്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ പറഞ്ഞു. നിയമസഭയില്‍ വിഡി സതീശന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് വി.എസ് ശിവകുമാര്‍ ഇക്കാര്യം സഭയില്‍ കണക്കുകള്‍ സഹിതം വ്യക്തമാക്കിയത്. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകളുടെ വരുമാനം അതാത് ദേവസ്വം ബോര്‍ഡുകളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് സൂക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. മലബാര്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ വരുമാനം അതാത് ക്ഷേത്രങ്ങളുടെ അക്കൗണ്ടുകളിലും സൂക്ഷിച്ചു വരുന്നു.

അമ്പലങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഒന്നും നല്‍കുന്നില്ലെന്നു പറഞ്ഞ സംഘപരിവാറിന്റെ വായടപ്പിച്ചു കൊണ്ടാണ് സര്‍ക്കാര്‍ കണക്കുകള്‍ സഭയുടെ മേശപ്പുറത്തു വച്ചത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ശബരിമല ഉള്‍പ്പടെയുള്ള വിവിധ ക്ഷേത്രങ്ങള്‍ അടക്കം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി 106.30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൊച്ചി ദേവസ്വം ബോര്‍ഡിനു വേണ്ടി 2 കോടി രൂപയും മലബാര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി 60.31 കോടി രൂപയും സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചു. ഇതിനെല്ലാം പുറമേ, ശ്രീപത്മനാഭസ്വമി ക്ഷേത്രസുരക്ഷയുമായി ബന്ധപ്പെട്ട് ഇതുവരെ 62.18 കോടി രൂപയും കൂടല്‍മാണിക്യം ദേവസ്വത്തിനു വേണ്ടി 50 ലക്ഷം രൂപയും സര്‍ക്കാര്‍ ചെലവഴിച്ചിട്ടുണ്ട്. മലപ്പുറത്തെ ചമ്രവട്ടം ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ പുനരുദ്ധാരണത്തിന് ദേവസ്വം ബോര്‍ഡ് നല്‍കിയതു കൂടാതെ 5 ലക്ഷം രൂപയും ചൊവ്വല്ലൂര്‍ ക്ഷേത്രപുനരുദ്ധാരണത്തിന് 4 ലക്ഷം രൂപയും അനുവദിച്ചതായി രേഖകള്‍ സഹിതം മന്ത്രി സഭയില്‍ വ്യക്തമാക്കി.

        

ഇതിനെല്ലാം പുറമെയാണ് ശബരിമല റോഡുകളുടെ നവീകരണത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക. ഈ സാമ്പത്തിക വര്‍ഷം മാത്രം അനുവദിച്ച 95 കോടി രൂപ അടക്കം ഇതുവരെ ഈയിനത്തില്‍ സര്‍ക്കാര്‍ 540 കോടിയില്‍ പരം ചെലവാക്കി. ശബരിമല ഉള്‍പ്പടെയുള്ള കേരളത്തിലെ ക്ഷേത്രങ്ങളുടെ വരുമാനം സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ഇത് മറ്റു പല കാര്യങ്ങള്‍ക്കുമായി ഉപയോഗിക്കുകയാണെന്നുമാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രചാരണം. എന്നാല്‍, മറ്റു മതസ്ഥാപനങ്ങളുടെ വരുമാനം അവര്‍ തന്നെ സൂക്ഷിക്കുകയാണെന്നും ആരോപിച്ച് കേരളത്തില്‍ വര്‍ഗീയത പരത്താനായിരുന്നു സംഘപരിവാര്‍ ശ്രമം. ഇതിന്റെ പത്തിക്കാണ് സര്‍ക്കാരിന്റെ അടികൊണ്ടത്.

ഇന്ന് നിയമസഭയിൽ ശ്രീ വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനും അതിന് ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. വി. എസ്. ശിവകുമാർ നൽകിയ മറു…

Posted by VT Balram on Monday, December 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here