തിരുവനന്തപുരം: പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനുളള നീക്കത്തില്‍ നിന്ന് സാങ്കേതിക സര്‍വ്വകലാശാല പിന്‍മാറി. അധ്യാപക – വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുമായി വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടപടികള്‍ സര്‍വ്വകലാശാല തന്നെ നേരിട്ട് നടത്തും.

രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് മുന്‍പായി സര്‍വ്വകലാശാല തന്നെ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും. തുടര്‍ന്ന് ഈ സോഫ്റ്റ് വെയറിലൂടെയാവും പരീക്ഷകള്‍ നടക്കുക. പുതുക്കിയ പരീക്ഷ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും. ക്രിസ്മസ് അവധിക്ക് തൊട്ടുപിന്നാലെ പരീക്ഷ നടത്താനാണ് ഇപ്പോള്‍ സര്‍വ്വകലാശാല ആലോചിക്കുന്നത്.

പരീക്ഷ നടത്തിപ്പ് ചുമതല പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണിന് കൈമാറാം എന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി കെഎം ഏബ്രഹാം യോഗത്തെ അറിയിച്ചു. എന്നാല്‍ എല്ലാവരും ഒറ്റക്കെട്ടായി അതിനേയും എതിര്‍ത്തു. പ്രതിപക്ഷ അധ്യാപക – വിദ്യാര്‍ത്ഥി സംഘടനകള്‍ക്കൊപ്പം ഭരണപക്ഷ സംഘടനകളും സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തു. ഇതോടെ പരീക്ഷ നടത്തിപ്പ് മെറിറ്റ് ട്രാക്കിന് കൈമാറാണ്ടെതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിലപാടെടുക്കാന്‍ നിര്‍ബന്ധിതമായി.

എല്ലാ കോണുകളില്‍ നിന്നും ഉയര്‍ന്ന ആശങ്ക പരിഗണിച്ചാണ് നടപടി പിന്‍വലിക്കുന്നതെന്ന് വിദ്യഭ്യാസമന്ത്രി അബ്ദുറബ്ബ് മാധ്യമങ്ങളോട് പറഞ്ഞു. മതിയായ കൂടിയാലോചനകളോ, പഠനങ്ങളോ ഇല്ലാതെ ഏകപക്ഷീയമായി ആണ് സര്‍വ്വകലാശാല ഈ തീരുമാനം എടുത്തത്.

സ്വകാര്യ ഏജന്‍സിയെ വെച്ച് മാത്രമേ പരീക്ഷ നടത്തു എന്നായിരുന്നു വാര്‍ത്ത പുറത്തുവന്നതിന് ശേഷവും സര്‍വ്വകലാശാലയുടെ നിലപാട്. എന്നാല്‍ സിപിഐഎമ്മും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളും അധ്യാപക സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെ പരീക്ഷ നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ സാങ്കേതിക സര്‍വ്വകലാശാല നിര്‍ബന്ധിതമായി. തുടര്‍ന്നാണ് വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ത്ഥി സംഘടനകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. 100 കോടി രൂപക്ക് കരാര്‍ നല്‍കാനായിരുന്നു സാങ്കേതിക സര്‍വ്വകലാശാലയുടെ തീരുമാനം.

സാങ്കേതിക സര്‍വ്വകലാശാലയുടെ പരീക്ഷ നടത്തിപ്പ് ബംഗളുരു ആസ്ഥാനമായ സ്വകാര്യ ഏജന്‍സിക്ക് കൈമാറി എന്ന വാര്‍ത്ത കൈരളി ന്യൂസ് ഓണ്‍ലൈനാണ് പുറത്ത് വിട്ടത്.