ആ പഴയ സിനിമാ കൊട്ടക കാണാം; തട്ടുകടയില്‍നിന്ന് ചായകുടിക്കാം; ടാഗോര്‍ തീയറ്ററിലേക്ക് വരൂ…

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഗ്രാമാന്തരീക്ഷത്തിന്റെ ഗൃഹാതുരത്വമാണ് പ്രധാന വേദിയായ വഴുതക്കാട്ടെ ടാഗോര്‍ തീയറ്ററില്‍ എത്തുന്നവര്‍ക്ക് അനുഭവപ്പെടുന്നത്. പഴയകാല സിനിമാ കൊട്ടക മാതൃകയിലെ ടാക്കീസ്. നാടന്‍ ചായക്കട, ഇവയെല്ലാം മധുരമായ ഓര്‍മ്മകളാണ് സിനിമാ ആസ്വാദകര്‍ക്ക് സമ്മാനിക്കുന്നത്.

talkies-2

ചിത്രമാല ടാക്കീസ്. അതാണ് ആ പഴയ സിനിമാ കൊട്ടകയുടെ പേര്. പഴയകാല സിനിമാ കൊ്ടടകയുടെ തനിയാവിഷ്‌കാരം. കാണണമെങ്കില്‍, ഒന്ന് ആസ്വദിക്കണമെങ്കില്‍ വരൂ, വഴുതക്കാട് ടാഗോര്‍ തീയറ്ററിലേക്ക് വരൂ. ഇടവേള സമയത്ത് ഇറങ്ങി ഒരു ചൂടു ചായ കുടിക്കുന്നത് ഓര്‍മ്മയില്ലേ. ആ പഴയ സിനിമാ കൊട്ടകക്കാലം ആസ്വദിക്കാം. ഡെലഗേറ്റുകള്‍ക്കായി പുനര്‍നിര്‍മ്മിച്ചതാണ് ടാഗോര്‍ തീയറ്ററിലെ സിനിമാ കൊട്ടകയും നാടന്‍ തട്ടുകടയുടെ ഓര്‍മ്മ പുനസൃഷ്ടിക്കുന്ന ചായക്കടയും.

talkies-4

ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്നു നാടന്‍ ചായക്കടകള്‍. പഫ്‌സും ബോട്ടില്‍ വാട്ടറും സ്‌നാക്‌സും നിറഞ്ഞ ബേക്കറികള്‍ക്ക് മുമ്പത്തെ കാലം. കണ്ണാടിക്കൂടുകളില്‍ ബോണ്ടയും പഴംപൊരിയും ഉള്‍പ്പടെയുള്ള പലഹാരങ്ങള്‍ ഇപ്പോഴും നിറഞ്ഞിരിപ്പുണ്ട്. എല്ലാവരും ഒത്തുചേര്‍ന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനും ചര്‍ച്ചകള്‍ക്കും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കും ഒക്കെയായാണ് ടാഗോര്‍ തീയറ്റര്‍ വളപ്പില്‍ ചായക്കട സൃഷ്ടിച്ചത്.

talkies-3

ഓലപ്പുരയും സിനിമാ പോസ്റ്ററുകള്‍ പതിച്ച കാളവണ്ടിയും സൈക്കിളിലെ ഫിലിം പെട്ടിയും ഡെലഗേറ്റുകളെ ആ പഴയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കിണറും പനമ്പായ മറച്ച കൊട്ടകയും ഒക്കെ പുത്തന്‍ സിനിമാ ആസ്വാദകരുടെ ഹൃദയത്തില്‍ പഴയ നാട്ടിന്‍പുറത്തിന്റെ ദൃശ്യങ്ങളാണ് വരച്ചിടുന്നത്. പഴയ തലമുറയില്‍പ്പെട്ടവര്‍ക്ക് മധുരമായ ഓര്‍മ്മകളും ടാഗോര്‍ തീയറ്റര്‍ പരിസരം സമ്മാനിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here