മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാമെന്ന് തമിഴ്‌നാടിന്റെ വാക്കാലുള്ള ഉറപ്പ്; മൂന്നു സ്പില്‍വേ ഷട്ടറുകള്‍ വീണ്ടും തുറന്നു; ഒഴുകിയെത്തുന്നത് 600 ഘനയടി വെള്ളം; പെരിയാര്‍ തീരത്ത് അതീവജാഗ്രതാ നിര്‍ദേശം

മുല്ലപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് കുറയ്ക്കാമെന്ന് തമിഴ്‌നാട് വാക്കാല്‍ ഉറപ്പു നല്‍കി. ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതിനായി പകല്‍ കൂടുതല്‍ വെള്ളം തുറന്നുവിടുമെന്നും തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് നേരിയ ശമനമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് അടച്ചിരുന്ന അണക്കെട്ടിന്റെ എട്ട് സ്പില്‍വേ ഷട്ടറുകളില്‍ മൂന്നെണ്ണം വീണ്ടും തുറന്നു. സെക്കന്‍ഡില്‍ 600 ഘനയടി വെള്ളം ഇതോടെ ഡാമിലേക്ക് ഒഴുകിയെത്തും. ഇതോടെ പ്രദേശവാസികള്‍ക്ക് കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാവിലെ 141.67 അടിയായി ഡാമിലെ ജലനിരപ്പ് കുറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വരെ 141.89 അടിയായിരുന്നു ജലനിരപ്പ്. മഴയുടെ ലഭ്യതയിലുണ്ടായ കുറവും നീരൊഴുക്ക് കുറഞ്ഞതുമാണ് ജലനിരപ്പ് കുറയാന്‍ ഇടയാക്കിത്. ജലനിരപ്പ് കുറഞ്ഞതോടെ രാത്രിയോടെ തുറന്ന എട്ട് സ്പില്‍വേ ഷട്ടറുകളും അടക്കുകയായിരുന്നു. ഷട്ടറുകള്‍ തുറന്നിരുന്നെങ്കിലും കാര്യമായി പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ആറു വീടുകളില്‍ വെള്ളം കയറുക മാത്രമാണുണ്ടായത്. 2,100 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ഇന്നലെ ഷട്ടര്‍ തുറന്നതോടെ നാട്ടുകാരെ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പോകാന്‍ നാട്ടുകാര്‍ തയ്യാറായില്ല. പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും പ്രദേശത്തെ ജനങ്ങളില്‍ ഭീതിയൊഴിഞ്ഞിട്ടില്ല. മഴ ഇപ്പോള്‍ അകന്നു നില്‍ക്കുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും മഴ വീണ്ടും പെയ്യാം എന്നുള്ളതാണ് ആളുകളെ ആശങ്കയിലാഴ്ത്തുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നതില്‍ നാട്ടുകാര്‍ക്ക് പ്രതിഷേധമുണ്ട്. കേരളം തമിഴ്‌നാടിനെ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here