സുഷമ സ്വരാജ് ഇന്നു പാകിസ്താനിലേക്ക് തിരിക്കും; പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച

ദില്ലി: രണ്ടുദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തിനായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇന്നു യാത്രതിരിക്കും. പാക് വിദേശകാര്യമന്ത്രിയുമായി സുഷമ കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ചൈനയും ഇറാനുമുള്‍പ്പെടെ 27 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ബഹുരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാനാണ് സുഷമാ സ്വരാജ് ഇസ്ലാമാബാദില്‍ എത്തുന്നത്.

അഫ്ഗാനിസ്ഥാന്റെ ഭാവിസംബന്ധിച്ച കാര്യങ്ങളാണ് സമ്മേളന വിഷയമെങ്കിലും പാക് വിദേശകാര്യ മന്ത്രി സര്‍താജ് അസീസുമായി സുഷമാ സ്വരാജ് ചര്‍ച്ച നടത്തും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനത്തിന് പ്രാധാന്യം ഏറെയാണ്. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും സുഷമ സ്വരാജിനെ അനുഗമിക്കും.സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനത്തിന് മുന്നോടിയായാണ് കഴിഞ്ഞ ദിവസം സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ബാങ്കോക്കില്‍ ചര്‍ച്ച നടത്തിയത്. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും രഹസ്യമായി ചര്‍ച്ച നടത്തുകയും പിന്നീട് സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തു.

നാലു മണിക്കൂറിലധികം നീണ്ട ചര്‍ച്ചയില്‍ തീവ്രവാദം, നിയന്ത്രണ രേഖയിലെ സമാധാനം, കശ്മീര്‍ പ്രശ്‌നം തുടങ്ങിയവയാണ് വിഷയമായത്.പാരീസ് കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ അനൗദ്യേഗിക കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശ കാര്യമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. 2012ല്‍ എസ്എം കൃഷ്ണയാണ് ഇതിനു മുന്‍പ് ഇസ്ലാമാബാദ് സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News