ആര്‍എസ്പി ദേശീയ സമ്മേളനത്തിന് നാളെ തുടക്കം; കേരള ഘടകവും ദേശീയ ഘടകവും രണ്ടുതട്ടില്‍

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനം നാളെ ദില്ലിയില്‍ തുടങ്ങും. ഇന്നു ചേരുന്ന കേന്ദ്രകമ്മിറ്റിയും സെക്രട്ടറിയേറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുക വഴി രൂപപ്പെട്ട സംഘടനാ പ്രതിസന്ധിയാണ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് ജനറല്‍ സെക്രട്ടറി ടി.ജെ ചന്ദ്രചൂഡന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണ്ടെന്നും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്നതുമാണ് ദേശീയ തലത്തില്‍ ആര്‍എസ്പി തുടരുന്ന രാഷ്ട്രീയനയം. എന്നാല്‍ ഇതിനു കടക വിരുദ്ധമായാണ് കേരള ഘടകം കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയത്. കേരള ഘടകത്തിന്റെ ഈ നിലപാടിനെതിരെ പശ്ചിമബംഗാളില്‍ ഉള്‍പ്പടെ സംസ്ഥാന സമ്മേളനങ്ങളില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ദേശീയസമ്മേളനത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്.

പ്രാദേശിക തലത്തില്‍ സഖ്യങ്ങളുണ്ടാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം വേണമെന്നാണ് കേരള ഘടകത്തിന്റെ ആവശ്യം.ദേശീയ തലത്തില്‍ ഉയര്‍ന്നു വരുന്ന സംഘപരിവാര്‍ ഭീഷണി നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്ന് ദേശീയ നേതൃത്വത്തിലെ ഒരു വിഭാഗത്തിനും അഭിപ്രായമുണ്ട്. സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയപ്രമേയത്തിന്‍മേല്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഇതുസംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News