മുല്ലപ്പെരിയാര്‍; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; സര്‍ക്കാര്‍ നിസംഗത തുടരുന്നെന്ന് പ്രതിപക്ഷം; തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പ്രതിപക്ഷത്തുനിന്ന് ഇഎസ് ബിജി മോള്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത തുടരുകയാണെന്ന് അനുമതി തേടി സംസാരിച്ച ഇഎസ് ബിജിമോള്‍ എംഎല്‍എ ആരോപിച്ചു. ജനങ്ങളുടെ ആശങ്ക എത്രയും വേഗം അകറ്റാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷം ആരോപിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവഭിവ മന്ത്രി പി.ജെ ജോസഫ് അറിയിച്ചു. ഷട്ടര്‍ തുറക്കുന്നതിന് 12 മണിക്കൂര്‍ മുമ്പ് അറിയിക്കണമെന്ന കരാര്‍ തമിഴ്‌നാട് പാലിച്ചില്ല. ഒപ്പം സൂപ്പര്‍വൈസറി കമ്മിറ്റിയുടെ വീഴ്ചകളും കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും മന്ത്രി അറിയിച്ചു.

ചോദ്യോത്തര വേളയില്‍ തന്നെ പ്രതിപക്ഷം ബഹളം വച്ചു. ചോദ്യോത്തര വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് എ.കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. എന്നാല്‍, ഇതിന് സ്പീക്കര്‍ വിസമ്മതിച്ചു. വിഷയം ശൂന്യവേളയില്‍ ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തിന് ഉറപ്പു നല്‍കി. എന്നിട്ടും തൃപ്തരാകാതിരുന്ന പ്രതിപക്ഷം അല്‍പനേരം കൂടി ബഹളം വച്ച ശേഷം പിന്നീട് ചോദ്യോത്തര വേളയുമായി സഹകരിച്ചു.

ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ആദ്യത്തെ ചോദ്യം ചോദിക്കാന്‍ പോലും സമ്മതിക്കാതെയായിരുന്നു ബഹളം. ബാര്‍ കോഴക്കേസിലും സോളാര്‍ കേസിലും ആരോപണ വിധേയരായ മുഖ്യമന്ത്രിയും മന്ത്രി കെ ബാബുവും രാജിവച്ച് സഭയില്‍ മാന്യത കാട്ടണമെന്ന് ആവശ്യപ്പെട്ട് ബാനറുകളും ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News