മുല്ലപ്പെരിയാര്‍ കേസ് തോറ്റതിന്റെ ഉത്തരവാദികള്‍ യുഡിഎഫ് സര്‍ക്കാരെന്ന് വിഎസ് അച്യുതാനന്ദന്‍; തമിഴ്‌നാടിന്റേത് നിഷേധാത്മക നിലപാടെന്ന് മുഖമന്ത്രി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരളം തോറ്റതിനു കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. അന്നത്തെ യുഡിഎഫ് സര്‍ക്കാരും ഉദ്യോഗസ്ഥരും കേസ് തോറ്റു കൊടുക്കുന്നതിന് ഒത്തുകളിച്ചെന്നും വിഎസ് ആരോപിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.

അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന്റേത് നിഷേധാത്മക നിലപാടാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അറിയിച്ചു. കേരളത്തിന്റെ വികാരം കണക്കിലെടുക്കാന്‍ പോലും തമിഴ്‌നാട് തയ്യാറാകുന്നില്ല. ഒരു ചര്‍ച്ചയ്ക്ക് പോലും തമിഴ്‌നാട് തയ്യാറായില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചു. ജലനിരപ്പ് കുറയുന്നതിനാല്‍ ആശങ്ക വേണ്ടെന്ന് ജലവിഭവ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജലവിഭവ വകുപ്പ് സെക്രട്ടറി ലോക്‌സഭയില്‍ റിപ്പോര്‍ട്ട് നല്‍കി. കോടതിവിധി ഉള്ളതിനാല്‍ ഇപ്പോള്‍ ഇടപെടുന്നതിന് പരിധിയുണ്ട്. ആവശ്യമെന്ന് തോന്നിയാല്‍ പിന്നീട് ഇടപെടാമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. എന്‍.കെ പ്രേമചന്ദ്രന്‍ എംപിയും ജോയ്‌സ് ജോര്‍ജ് എംപിയുമാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here