സോളാര്‍ കേസ്; സരിതയുമായി കൂടിക്കാഴ്ചയ്ക്ക് ഉമ്മന്‍ചാണ്ടി ദില്ലിയില്‍ എത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം; കേരളഹൗസ് നല്‍കിയ വിവരങ്ങള്‍ തെറ്റെന്നതിന് തെളിവ്

ദില്ലി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തട്ടിപ്പു കേസ് പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയിലെത്തിയത് ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം എന്ന് തെളിഞ്ഞു. സരിതയുമായി കൂടിക്കാഴ്ച നടത്തി എന്നു പറയപ്പെടുന്ന 2012 ഡിസംബര്‍ 27ന് മുഖ്യമന്ത്രിക്ക് ദില്ലിയില്‍ ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്തായി. കേരള ഹൗസില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയില്‍ നിന്ന് വ്യക്തമാകുന്നു. അന്നേദിവസം സരിതയെ കണ്ടിട്ടില്ലെന്നും ഔദ്യോഗിക പരിപാടിക്കാണ് ദില്ലിയില്‍ പോയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാദം. അതേസമയം, ഇതേവിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് കേരള ഹൗസ് വിവരാവകാശ രേഖകളില്‍ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ സ്റ്റാഫ് കൂടെ താമസിച്ചില്ല എന്നു ഈ വിവരാവകാശ രേഖയില്‍ പറയുമ്പോള്‍ പേഴ്‌സണല്‍ സെക്രട്ടറി ഉണ്ടായിരുന്നെന്ന് മറ്റൊരു വിവരാവകാശ രേഖയില്‍ പറയുന്നു. രഖകളുടെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

2012 ഡിസംബര്‍ 27 ന് സരിതാ നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദില്ലിയില്‍ വച്ച് കണ്ടിരുന്നുവെന്ന് ബിജൂ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷന് മൊഴി നല്‍കിയിരുന്നു. ഇതേദിവസം തന്നെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ദേശീയ വികസന കൗണ്‍സില്‍ യോഗത്തിനിടെ സരിതാ നായര്‍ ഉമ്മന്‍ചാണ്ടിയെ കണ്ടു എന്ന ആരോപണം നേരത്തെ നിലനില്‍ക്കുന്നുണ്ട്. അന്നേ ദിവസത്തെ മുഖ്യമന്ത്രിയുടെ ദില്ലിയിലെ പരിപാടികളെ കുറിച്ചുള്ള വിശദാംശങ്ങള്‍ തേടിയുള്ള വിവരാവകാശ രേഖയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ കേരള ഹൗസ് അധികൃതര്‍ നല്‍കിയത്. 2012 ഡിസംബര്‍ 26 ന് രാത്രി 11.20ന് ദില്ലിയില്‍ വന്ന മുഖ്യമന്ത്രി 27 ന് വൈകുന്നേരം 5 മണിക്ക് തിരിച്ചു പോയെന്നാണ് വിവരാവകാശ രേഖ. എന്നാല്‍, ഈ ദിവസങ്ങളില്‍ മുഖ്യമന്ത്രി ഏതെങ്കിലും ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തതായി കേരള ഹൗസിലെ ലെയ്‌സണ്‍ ഓഫീസില്‍ രേഖയില്ലെന്നാണ് അഡീഷണല്‍ റസിഡണ്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നും വിവരാവകാശ നിയമം വഴി ലഭിച്ച മറുപടി.

മുഖ്യമന്ത്രിയുടെ കൂടെ സ്റ്റാഫ് അംഗങ്ങള്‍ ആരും മുറിയെടുത്തു താമസിച്ചിട്ടില്ല എന്നും വിവരാവകാശ രേഖയിലുണ്ട്.എന്നാല്‍ കേരള ഹൗസില്‍ നിന്നും ലഭിച്ച ലഡ്ജറിന്റെ പകര്‍പ്പില്‍ മുഖ്യമന്ത്രി 204-ാം നമ്പര്‍ മുറിയിലും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി 203-ാം നമ്പര്‍ മുറിയിലും താമസിച്ചു എന്ന് വ്യക്തമാകുന്നു. ഉമ്മന്‍ചാണ്ടിയുടെ ദില്ലിയിലെ സഹായിയും സോളാര്‍ വിവാദത്തില്‍ ഉള്‍പ്പെട്ടയാളുമായ തോമസ് കുരുവിളയാണ് 203-ാം നമ്പര്‍ മുറിയില്‍ താമസിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ദില്ലിയിലെ സരിത-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച വീണ്ടും വിവാദമായ സാഹചര്യത്തില്‍ ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുന്നതാണ് കേരള ഹൗസില്‍ നിന്നും ലഭിച്ച രേഖയിലെ വൈരുദ്ധ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News