ഭഗവാന്റെ മരണം കാലഘട്ടത്തിന്റെ കഥ; മറ്റാരും എഴുതാതിരുന്നപ്പോള്‍ താനെഴുതിയെന്ന് കെ ആര്‍ മീര; ശ്രീനാരായണ ഗുരുവിനെ കേരളത്തിന്റെ മുഴുവന്‍ തത്വചിന്തകനായി സ്വീകരിക്കേണ്ടതിനു പകരം രൂപക്കൂടുകളില്‍ ഒതുക്കുന്നതു ദുരന്തക്കാഴ്ച

അസഹിഷ്ണുതയെക്കുറിച്ച് രാജ്യമാകെ സംവാദം നടക്കുമ്പോഴാണ് മലയാളത്തിന്റെ പ്രിയ കഥാകാരി കെ ആര്‍ മീര ഭഗവാന്റെ മരണം എന്ന കഥയുമായി എത്തുന്നത്. തത്വചിന്തകനും കവിയുമായ ബസവണ്ണയുടെ വചനങ്ങളും സമീപകാലത്തു രാജ്യത്തുണ്ടായ അസഹിഷ്ണുതാ കൊലപാതകങ്ങളും കൂട്ടിയിണക്കി മാനവികതയുടെ മഹത്തായ സന്ദേശമായി കഥ മാറി. എഴുത്തിനെ രാഷ്ട്രീയപ്രവര്‍ത്തനമായി പ്രഖ്യാപിക്കുന്ന കെ ആര്‍ മീരതന്നെ പറയുന്നത്, കാലം ആവശ്യപ്പെട്ട കഥയാണ് ഭഗവാന്റെ മരണമെന്നാണ്. സംവാദങ്ങളുടെയും സമകാലിക ഇന്ത്യ നല്‍കുന്ന ഭീതിയാര്‍ന്ന ഭാവിയെക്കുറിച്ചുള്ള ആശങ്കകളുടെയും പശ്ചാത്തലത്തില്‍ എഴുത്തിന്റെയും ഇന്ത്യയുടെയും കേരളത്തിന്റെയും പരിസരങ്ങളിലൂടെ കെ ആര്‍ മീരയുമായി കൈരളി ടിവി ന്യൂസ് ഡയറക്ടര്‍ എന്‍ പി ചന്ദ്രശേഖരന്‍ നടത്തുന്ന സംഭാഷണം.

എന്‍പി ചന്ദ്രശേഖരന്‍: മീര ഒരു പുതിയ കഥ എഴുതിയിരിക്കുന്നു. അതൊരു വാര്‍ത്തയല്ല. പക്ഷേ, ആ കഥ ഭഗവാന്റെ മരണം എന്നതാണ്. ഇപ്പോഴത്തെ അസഹിഷ്ണുതയെക്കുറിച്ചുള്ള ഒരു വിവാദത്തില്‍ ഒരു നിലപാടെടുക്കുന്ന കഥ, അസഹിഷ്ണുതാ വിരുദ്ധകഥ… അങ്ങനെ വിശേഷിപ്പിച്ചാല്‍ അധികപ്പറ്റാകുമോ?

കെആര്‍ മീര: ഇല്ലെന്നു തോന്നുന്നു. എങ്ങനെ ഒരു കഥയെ വിശേഷിപ്പിക്കണമെന്നതു വായനക്കാരുടെ സ്വാതന്ത്ര്യമാണ്. പക്ഷേ, ആരെങ്കിലും എഴുതിയേ തീരൂ എന്നു ഞാന്‍ വിചാരിച്ച കഥയാണത്. മറ്റാരും എഴുതാതിരുന്നതുകൊണ്ട് ഞാന്‍ എഴുതിയെന്നു മാത്രം.

എന്‍പിസി: ആ കഥ പ്രസിദ്ധീകരിച്ചു വന്നിട്ടു ദിവസങ്ങളാകുന്നു. അനുകൂലമായോ പ്രതികൂലമായോ എന്തെങ്കിലും പ്രതികരണങ്ങളുണ്ടായോ?

മീര: അനുകൂലമായി ധാരാളം പ്രതികരണങ്ങളുണ്ടായി. പ്രത്യേകിച്ച് എന്നെ സന്തോഷിപ്പിച്ചതു കേരളത്തിലെ ഇടതുപക്ഷ അനുഭാവികളും പ്രവര്‍ത്തകരും ധാരാളമായി കഥയെ പ്രശംസിക്കുകയും അത് ഏറ്റുവാങ്ങുകയും ചെയ്തു എന്നതാണ്. ഇടതുപക്ഷ അനുഭാവികള്‍ എന്നു ഞാന്‍ പറയുമ്പോള്‍, പ്രവര്‍ത്തകര്‍ മാത്രമല്ല. ഇടതുപക്ഷ അനുഭാവം, ഇടതുപക്ഷത്തോടുള്ള സ്‌നേഹം മനസില്‍ സൂക്ഷിക്കുന്ന സെക്കുലറായ ഒരു വലിയ വിഭാഗമാണവര്‍. അതില്‍ എല്ലാ മതവിശ്വാസികളും ഉള്‍പ്പെടുന്നു എന്നതാണ് എന്നെ സന്തോഷിപ്പിക്കുന്ന കാര്യം.

meera-lead-1

എന്‍പിസി: അതു സന്തോഷകരമായ കാര്യമാണ്. ഈ പക്ഷത്തിന് വിരുദ്ധമായ ഒരു പക്ഷവുമുണ്ടല്ലോ? അവരില്‍നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലേ?

മീര: ഇതുവരെ അറിഞ്ഞുകൂടാ. എന്റെ നേര്‍ക്ക് ഒന്നുമുണ്ടായിട്ടില്ല. എന്റെ അറിവില്‍ ഒന്നുമില്ല. ഒരു പക്ഷേ, ആക്രമിക്കേണ്ടവര്‍ കഥവായിച്ച് മാനസാന്തരപ്പെട്ടിട്ടുണ്ടാകാം.

എന്‍പിസി: മീരയുടെ കഥകളില്‍ രാഷ്ട്രീയമില്ല എന്നു പറഞ്ഞുകൂടാ. ഒരു കഥയിലും രാഷ്ട്രീയമില്ല എന്നു പറയാനാകില്ല. സൂക്ഷ്മമായ രാഷ്ട്രീയമുണ്ട്.

മീര: എന്റെ രാഷ്ട്രീയം കൃത്യമായി, അത് ജെന്‍ഡര്‍ രാഷ്ട്രീയമായാലും അല്ലാതെ എന്റെ രാഷ്ട്രീയാനുഭാവമാണെങ്കിലും കഥകളിലുണ്ട്. രാഷ്ട്രത്തെക്കുറിച്ചും ലോകത്തെക്കുറിച്ചും വരാനിരിക്കുന്ന ലോകത്തെക്കുറിച്ചും എന്റെ സങ്കല്‍പങ്ങളാണെങ്കിലും എല്ലാ കഥകളിലും ഉണ്ട് എന്നാണ് എന്റെ വിശ്വാസം.

എന്‍പിസി: പരോക്ഷമായിട്ടാണെങ്കിലും സൂക്ഷ്മമായിട്ടാണെങ്കിലും നേരത്തേ ഉണ്ടായിരുന്ന കഥകളിലെടുത്ത രാഷ്ട്രീയ നിലപാടുകളുടെ തുടര്‍ച്ചയും വളര്‍ച്ചയും വികാസവും തന്നെയാണ് ഇതിലുള്ളത്.

മീര: എല്ലാ കഥകളിലുമുള്ളത്. ഇതിലും അങ്ങനെത്തന്നെയാണ്.

എന്‍പിസി: ഈ പ്രശ്‌നം, അസഹിഷ്ണുത എന്നപേരില്‍ ഇപ്പോള്‍ നമ്മള്‍ ഒരു ടാഗ്‌ലൈന്‍ ഒക്കെ കൊടുത്തു വിശേഷിപ്പിക്കുന്ന ഈ അവസ്ഥ, ഇന്ത്യയില്‍ ഇപ്പോള്‍ പരക്കേ ചര്‍ച്ച ചെയ്യപ്പടുന്നതാണ്. അതില്‍ പല നിലപാടുകളും ഏറ്റുമുട്ടുന്നുണ്ട്. ആ ഘട്ടത്തിലും ഇങ്ങനെയൊരു കഥ എഴുതേണ്ടതുണ്ട് എന്നു തോന്നാന്‍ എന്താണു കാരണം.

മീര: ഈ ഘട്ടത്തിലാണ് ഇങ്ങനെയൊരു കഥ വരേണ്ടത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതു മറ്റാരെങ്കിലും എഴുതിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചുപോയ ഒരു കഥയാണ്. മറ്റാരും എഴുതാതെ പോയതുകൊണ്ടാണ് ആരോഗ്യപ്രശ്‌നങ്ങളൊക്കെ വകവയ്ക്കാതെ ഞാന്‍ തന്നെ അത് എഴുതാന്‍ ശ്രമിച്ചതും അതിനുവേണ്ടി പ്രയത്‌നിച്ചതും. കാരണം, ഇതു കേവലം അസഹിഷ്ണുതയുടെ മാത്രം പ്രശ്‌നമല്ല. നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ അസഹിഷ്ണുത എന്ന്് എഴുതിത്തള്ളാന്‍ എന്നെപ്പോലെ ഒരു എഴുത്തുകാരിക്ക്, കുറേക്കാലം പത്രപ്രവര്‍ത്തകയായി ജോലി ചെയ്ത ഒരാള്‍ക്കു സാധിക്കുന്നതേയല്ല. നമുക്കു ചുറ്റും കുറ്റകൃത്യങ്ങളുടെ ഒരു വലിയ ലോകം പടുത്തുയര്‍ത്തുപ്പെടുന്നതു വളരെ ഭീതിയോടെ കാണേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ എന്നെപ്പോലെ ഒരു എഴുത്തുകാരിക്കു ഇതല്ലാതെ മറ്റെന്താണു മാര്‍ഗം.

meera-lead-2

എന്‍പിസി: ഈ പ്രശ്‌നത്തില്‍ എവിടെയെങ്കിലും പരോക്ഷമായോ പ്രത്യക്ഷമായിത്തന്നെയോ ചിലപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുത്തരമായി ഒരാനുഷംഗിക പരാമര്‍ശം എന്ന നിലയ്ക്ക് ഒക്കെ അഭിപ്രായം പറഞ്ഞ ആളുകള്‍ക്ക്, അതില്‍ ഷാരൂഖ് ഖാന്‍ മുതല്‍ ആമിര്‍ ഖാന്‍ വരെയുള്ള ആളുകള്‍ നിരന്തരം ആക്രമിക്കപ്പെട്ട്, അവരുപോലും പതറിപ്പോകുന്നതരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായ ഒരു സ്ഥിതി കൂടി മീര മുന്നില്‍ കാണുന്നുണ്ടായിരുന്നോ?

മീര: തീര്‍ച്ചയായും. പ്രത്യേകിച്ചും എം എം കല്‍ബുര്‍ഗിയുടെ മരണം വല്ലാതെ പിടിച്ചുലച്ചുകളഞ്ഞ ഒരു സംഭവമാണ്. കാരണം, അതു മരണങ്ങളുടെ പരമ്പരയില്‍ മൂന്നാമത്തെതോ നാലാമത്തെതോ ആണ്. വയോധികരായ പണ്ഡിതന്‍മാര്‍ക്കു നേരേയുള്ള അതിക്രമങ്ങള്‍, ആക്രമണങ്ങള്‍ വര്‍ധിച്ചു വരുമ്പോള്‍ അതു നമ്മളെ വല്ലാതെ വേദനിപ്പിക്കാതിരിക്കില്ലല്ലോ? എന്നെപ്പോലെ ഒരു എഴുത്തുകാരി അത്തരം പ്രശ്‌നങ്ങളോടു സെന്‍സിറ്റീവല്ലെങ്കില്‍ നമുക്കെങ്ങനെയാണ് മനുഷ്യപക്ഷത്തുനിന്ന് എഴുതാന്‍ സാധിക്കുക.

എന്‍പിസി: ഈ ആക്രമണങ്ങള്‍ക്കെതിരെ എന്തെങ്കിലും ആരെങ്കിലും പറഞ്ഞപ്പോള്‍ ഒക്കെ ഒരേപോലെ ഉയര്‍ന്നുവന്ന ഒരു വാദമുണ്ടായിരുന്നു. ഇതൊക്കെ എവിടെയെങ്കിലും നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളാണ്. അതെടുത്തു സാമാന്യവല്‍കരിക്കുന്നു. അതൊരു തെറ്റായ സന്ദേശമാണ് രാജ്യത്തിനു നല്‍കുന്നത് എന്നു പലരും വാദിച്ചിരുന്നു. ആ വാദത്തോട് എങ്ങനെയാണ് എന്തു പറയുന്നു.

മീര: എനിക്ക് അതിനോടു യോജിപ്പില്ല. കാരണം ഇത് ഒറ്റപ്പെട്ട സംഭവങ്ങളായി നമുക്കു തള്ളിക്കളയാമായിരുന്നു. ഇത് ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്തുമാത്രം ഒരു പ്രത്യേക ദേശ രാഷ്ട്രീയ സംവിധാനത്തില്‍ മാത്രം സംഭവിച്ച കാര്യങ്ങളായിരുന്നെങ്കില്‍. പക്ഷേ, ഇതിപ്പോള്‍ അങ്ങനെയല്ല. രാജ്യത്തിന്റെ പലഭാഗത്തും കാണുന്നു. ദക്ഷിണേന്ത്യയില്‍ കാണുന്നു, ഉത്തരേന്ത്യയില്‍ കാണുന്നു, മധ്യേന്ത്യയില്‍ കാണുന്നു. അപ്പോള്‍ നമ്മള്‍ അതെക്കുറിച്ചു വ്യാകുലപ്പെടാതിരിക്കുക എന്നു പറയുന്നതു വലിയ വിഡ്ഢിത്തമാണ്. ഈ സമയത്തെങ്കിലും നമുക്കുണര്‍ന്ന് അതിനെതിരേ പ്രതികരിച്ചേതീരൂ.

എന്‍പിസി: ചുറ്റും നടക്കുന്ന പ്രശ്‌നങ്ങളില്‍ ഒരു നിലപാടെടുക്കുന്ന ആളുകളെ ആ നിലപാടിന്റെ പേരില്‍ ആക്രമിച്ചു കൊല്ലുന്നതു വഴി എന്താണ് ഇതിന്റെ സംഘാടനം, ആസൂത്രണം ചെയ്ത ആളുകള്‍ ഉദ്ദേശിക്കുന്നതെന്നാണ് നമുക്കു മനസിലാക്കാന്‍ കഴിയുന്നത്?

മീര: രാഷ്ട്രീയ ആക്രമണങ്ങളും കൊലപാതകങ്ങളും നമുക്കു ചുറ്റും കേരളത്തില്‍തന്നെ ധാരാളമായിട്ടുണ്ടായിട്ടുണ്ട്. ഇന്ത്യയിലൊട്ടാകെ ഉണ്ടായിട്ടുണ്ട്. എതിര്‍കക്ഷികളെ കൊലപ്പെടുത്തുക എന്നു പറയുന്നതു നമുക്കു കുടുംബവഴക്കുകളില്‍പോലും സംഭവിച്ചു കാണാം. പക്ഷേ, വിമതശബ്ദങ്ങളെ ഒന്നാകെ ഉന്‍മൂലനം ചെയ്യാനുള്ള ഒരു ശ്രമം വളരെ സംഘടിതമായി ആസൂത്രിതമായി ഉണ്ടാകുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുമ്പോള്‍ നമുക്കു ഭയപ്പെടാതിരിക്കാന്‍ വയ്യല്ലോ? ഭയം എന്നു പറയുന്നതു ഭയമല്ല, ജാഗ്രത പാലിക്കണം എന്ന ഒരു ഓര്‍മപ്പെടുത്തലാണ്. അതിനെയാണ് ഞാന്‍ ഇപ്പോള്‍ ഭയം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

meera-lead-4

എന്‍പിസി: ഭയം എന്ന വാക്കും ദയവ് എന്ന വാക്കും രണ്ട് വിപരീത വാക്കുകളായിട്ട് ഉപയോഗിക്കുന്നുണ്ട്. നമ്മള്‍ പരക്കെ പറഞ്ഞുകൊണ്ടിരുന്ന സഹിഷ്ണുത, അസഹിഷ്ണുത എന്നീ വാക്കുകള്‍ക്കു പകരം വയ്ക്കുന്നതാണോ ഈ വാക്കുകള്‍?

മീര: എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും എല്ലാ മനുഷ്യര്‍ക്കും ബാധകമായ ചില പ്രശ്‌നങ്ങളിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിക്കാന്‍ കൂടിയാണ് എന്റെ ആഗ്രഹം. ദയവ് എവിടെയാണു നമുക്കു നഷ്ടപ്പെടുന്നത്. ഒരു സമൂഹം എന്ന നിലയില്‍ ഇന്ത്യക്കാര്‍ക്കു ദയവു നഷ്ടപ്പെടുന്നു എന്നതു കുറേക്കാലമായി എന്നെ വ്യാകുലപ്പെടുത്തുന്ന കാര്യമാണ്. സമൂഹത്തില്‍ മറ്റൊരാളുടെ ഇടം അപഹരിക്കാന്‍ നമുക്കൊന്നും ഒരുതരത്തിലുമുള്ള മനസാക്ഷിക്കുത്ത് അനുഭവപ്പെടുന്നില്ല എന്നതാണ് എന്നെ അലട്ടുന്ന പ്രശ്‌നം. അത് അപഹരിക്കാന്‍, അതിനെ ചോദ്യം ചെയ്യാനും കടന്നുകയറാനും സാമാന്യജനത്തിന് യാതൊരു വിഷമവും തോന്നുന്നില്ല എന്നൊരു അവസ്ഥയിലേക്കു നാമെത്തിപ്പെട്ടിരിക്കുന്നു. സ്വന്തം അറിവുകേടിനെക്കുറിച്ച് ഇത്രയും അഭിമാനത്തോടെ സംസാരിക്കുന്ന ഒരുകൂട്ടം മനുഷ്യരെ നാം അടുത്തകാലത്താണു കണ്ടുവരുന്നത്.

എന്‍പിസി: ഈ അസഹിഷ്ണുത എന്നു പറയുന്ന രാഷ്ട്രീയത്തിന്റെ പ്രയോഗത്തിന് ഉപയോഗിക്കപ്പെടുന്ന ആളുകളൊക്കെ തെറ്റിദ്ധരിക്കപ്പെട്ടവരാണ്. അവരെ ദയവിലൂടെ പരിരക്ഷിക്കാന്‍ കഴിയും എന്ന ഒരു സന്ദേശം ആണോ ഈ കഥയ്ക്കു പുറകില്‍.

മീര: അതു മാത്രമല്ല അതിലെ സന്ദേശം. ഏതു തരത്തിലുള്ള അതിക്രമങ്ങളോ ശാരീരികമായ ഉന്‍മൂലനങ്ങളോ വഴി യാതൊന്നും മാറുന്നില്ല എന്ന സത്യം ഓര്‍മിപ്പിക്കുക എന്നതു കൂടാതെ ബഹുസ്വരതയാണ് നമ്മുടെ സമൂഹത്തിന്റെ നിലനില്‍പിന് ഏറ്റവും അത്യാവശ്യം എന്നതുകൂടി ആ കഥയിലൂടെ പറയാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

എന്‍പിസി: അമരയുടെ പരിവര്‍ത്തനത്തില്‍, ഭഗവാന്റെ നിലപാടു മുതല്‍ അവിടെക്കൂടിയ ആളുകളുടെ സ്‌നേഹം അടക്കം ഉണ്ട്. പക്ഷേ, അതിനപ്പുറം ഒരു കാര്യം കാവേരിക്കു സംഭവിക്കുന്ന രാഷ്ട്രീയ ദുരന്തമാണ്. കാവേരി എന്ന കഥാപാത്രത്തെ കഥാകാരി എങ്ങനെ കാണുന്നു?

മീര: കാവേരി എന്ന കഥാപാത്രത്തെ ഒരുപക്ഷേ, എന്റെതന്നെ പ്രതിഫലനമായിട്ടാണ് എനിക്കു തോന്നിയത്. കാരണം, കാവേരി എന്ന കഥാപാത്രം എന്റെ മനസില്‍ കടന്നുകയറിയത് ഒരു ദിവസം പത്രത്തില്‍ കണ്ട, ആക്രമിക്കപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ ചിത്രത്തില്‍നിന്നാണ്. അത് ആ കഥയില്‍ വിവരിച്ചതു പോലെതന്നെ ഒറ്റനോട്ടത്തില്‍ ഞാന്‍ വിചാരിച്ചത് ആ കുട്ടി ഒരു സുതാര്യമായ ചുവന്ന തുണികൊണ്ടു ശരീരം മൂടിയിരിക്കുന്നു എന്നാണ്. പിന്നീടാണ് മനസിലായത് അതു രക്തക്കറകളാണ് എന്ന്. അതു ദിവസങ്ങളോളം നമ്മുടെ ഉറക്കം കെടുത്തുന്ന ചിത്രമായിരുന്നു. അത്തരം അതിക്രമങ്ങള്‍ സ്വാതന്ത്ര്യലബ്ധിയുടെ ആറു പതിറ്റാണ്ടിനു ശേഷവും ഈ രാജ്യത്ത് അരങ്ങേറുന്നുണ്ടെങ്കില്‍ സമൂഹമെന്ന നിലയില്‍ നമ്മുടെ ഏറ്റവും വലിയ പരാജയത്തെ കാണിക്കുന്നതാണ്. അതില്‍നിന്ന് ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഈ ഭൂമി ആരുടേതായിരുന്നു എന്ന ഓര്‍മ നമുക്കു മറന്നു പോകരുത്. അത് അംബാനിയുടേതും അദാനിയുടേതും ആയിരുന്നില്ല. അത് ആദിവാസികളുടേതും ദളിതരുടേതുമായിരുന്നു. കാരണക്കാരായിരുന്നാലും, അതിന്റെ കാരണമെന്തായിരുന്നാലും മരണം നടന്നില്ല എന്നു പറയാനാകില്ല. മരണങ്ങള്‍ സംഭവിച്ചതുതന്നെയാണ്. അതിക്രമങ്ങള്‍ സംഭവിച്ചതുതന്നെയാണ്. ഏതുവിധത്തിലാണ് ഈ നാട്ടിലെ സ്ത്രീ ശരീരങ്ങള്‍ ആക്രമിക്കപ്പെടുന്നത് എന്നുള്ളത് ആലോചിക്കുമ്പോള്‍ നമുക്കു ഭയം തോന്നും. അതൊക്കെ മതത്തിന്റെ പേരിലാകുമ്പോഴാണ്, എന്നിട്ട് മതത്തിന്റെ പേരില്‍ നാം അഭിമാനിക്കുമ്പോഴാണ് മറ്റൊന്നിന്റെ പേരിലും അഭിമാനിക്കാന്‍ അവകാശമില്ലാത്ത ഒരാള്‍ക്ക് അല്ലെങ്കില്‍ അവകാശമില്ല എന്നു സ്വയം തോന്നുന്ന ഒരാള്‍ക്ക്, അതിന്റെ പേരില്‍ അപകര്‍ഷത ഉള്ള ഒരാള്‍ക്ക് മാത്രമേ, ഞാന്‍ ഒരു പുരുഷനാണ് ഞാന്‍ ഇന്ന മതക്കാരനാണ് എന്നപേരില്‍ അഭിമാനിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് എന്റെ വിശ്വാസം.

എന്‍പിസി: കേന്ദ്രകഥാപാത്രം അമര, ആദ്യം അക്രമിയായും പിന്നീട് അനുനയിക്കപ്പെട്ടവനുമൊക്കെയായി മാറുന്ന ആ കഥാപാത്രം, ഫലത്തില്‍ ആരും ഇല്ലാത്തവനാണ്. അനാഥനാണ്. ചേച്ചിയെപ്പോലെ ചില ബന്ധങ്ങള്‍ മാത്രമുള്ളവനാണ്. ആ അനാഥാത്വത്തിന് എന്തെങ്കിലും അര്‍ഥമുണ്ടോ? സ്‌നേഹം കിട്ടാതെ വളര്‍ന്നവരാണോ ഇത്തരത്തില്‍ വഴിപിഴയ്ക്കപ്പെട്ടുപോകുന്നത്?

മീര: ഒരു പക്ഷേ, സ്‌നേഹം എന്നതിനെ നമ്മള്‍ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നത് അനുസരിച്ചിരിക്കും. അമര സ്‌നേഹിക്കപ്പെട്ടില്ല, സ്‌നേഹിക്കപ്പെടാത്ത ഒരാളാണ് എന്നല്ല അതിന് അര്‍ഥം. വേണ്ടവിധത്തില്‍ സ്‌നേഹിക്കപ്പെട്ടിട്ടില്ല. ഏതാണു നല്ലത് മോശം എന്നു പറഞ്ഞുകൊടുക്കാന്‍ മാത്രം അയാളെ ആരും സ്‌നേഹിച്ചിട്ടില്ല. നമുക്കു ചുറ്റുപാടും കാണുന്ന പല പൗരന്‍മാരുടെയും അവസ്ഥ ഇതാണ്. അതിക്രമങ്ങള്‍. വെറുതെ നില്‍ക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍. ഈ നാട്ടിലെ ചെറിയ പെണ്‍കുട്ടികളും ആണ്‍കുട്ടികളും അതിഭയങ്കരമായി പീഡിപ്പിക്കപ്പെടുന്ന സാഹചര്യം. ഇതിനെക്കുറിച്ചൊക്കെ ചിന്തിക്കുമ്പോള്‍ ശരിക്കും അരുത് എന്നു പറയാന്‍ ആരുമില്ലാത്ത ഒരവസ്ഥ സമൂഹത്തില്‍ മൊത്തമായി കാണുന്നുണ്ട്.

meera-lead-5

എന്‍പിസി: ഈ വിവാദങ്ങള്‍ക്കിടയില്‍ വധഭീഷണി നേരിട്ട ഒരു എഴുത്തുകാരന്റെ പേരും ഈ കഥയിലെ കേന്ദ്ര കഥാപാത്രത്തിന്റെ പേരും ഭഗവാന്‍ എന്നാണ്. പ്രൊഫസര്‍ ഭഗവാന്‍. അതിലപ്പുറം ഭഗവാന്‍ ഒരു പ്രതീകമായി ഈ കഥയില്‍ വളരുന്നുമുണ്ട്. എന്താണ് ഭഗവാന്‍ എന്ന കഥാപാത്രത്തിന്റെ വിവക്ഷ?

മീര: ഭഗവാന്‍ എന്ന കഥാപാത്രത്തിന്റെ വിവക്ഷ, ആലോചിച്ചു നോക്കിയാല്‍തന്നെ അറിയാം. ഭഗവാന്‍ എന്ന സങ്കല്‍പം മതവുമായി ബന്ധപ്പെട്ടത്. ഭഗവാന്‍ എന്നു പറയുന്നത് ഈശ്വരന്‍എന്നുതന്നെയാണ്. ഈശ്വരന്‍ ഇല്ലാതെ മതമില്ല. ഓരോ മതത്തിനും ഒരു ഈശ്വരന്‍ കൂടിയേ തീരൂ. ആ വിധത്തില്‍ നോക്കുമ്പോള്‍ ഭഗവാന്‍ ഒരു വലിയ പ്രതീകമാണ്. 2013-ല്‍ കൊല്ലപ്പെട്ട ധബോല്‍കര്‍ എന്ന ഡോ. നരേന്ദ്ര ധബോല്‍കറുടെയും 2015 ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ഗോവിന്ദ് പന്‍സാരെയുടെയും 2015-ല്‍തന്നെ കൊല്ലപ്പെട്ട ഡോ കല്‍ബുര്‍ഗിയുടെയും ഒക്കെ ഒരു പ്രതീകമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന വധഭീഷണി നേരിടുന്ന ഡോ. കെ എസ് ഭഗവാന്‍.

എന്‍പിസി: ഡോ. കെ എസ് ഭഗവാനെ മീര ഇതിനുശേഷം കണ്ടുവെന്നും അദ്ദേഹം കഥയെക്കുറിച്ച് അറിഞ്ഞിരുന്നുവെന്നും പറയുന്നു. ആ കൂടിക്കാഴ്ചയെക്കുറിച്ച്?

മീര: അതു വളരെ യാദൃച്ഛികവും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ വലിയൊരു അവിശ്വസനീയതയുമാണ്. ഞാന്‍ ലഖ്‌നൗ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ലഖ്‌നൗവില്‍ എത്തുമ്പോള്‍ അവിടെ ലഖ്‌നൗ സര്‍വകലാശാലയുടെ ആദ്യത്തെയും അവസാനത്തെയും വനിതാ വൈസ് ചാന്‍സിലറായ ഡോ. രൂപ് രേഖാ വര്‍മ സംഘടിപ്പിച്ച ഫാസിസത്തിനെതിരേയുള്ള ഒരു യോഗത്തില്‍ പങ്കെടുക്കാന്‍ ഡോ. കെ എസ് ഭഗവാനും ഡോ നായിക്കുമെത്തി. ഈ കഥ എഴുതി മലയാളം വാരികയ്ക്ക് അയച്ചുകൊടുത്തിട്ടാണ് ഞാന്‍ അവിടെയെത്തുന്നത്. ഞാന്‍ ഇങ്ങനെയൊരു കഥയെഴുതിയിട്ടുണ്ടെന്ന് ഒരു സുഹൃത്തു പറഞ്ഞ് ഡോ. രൂപ് രേഖാ വര്‍മ അറിയുകയും അവര്‍ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. അദ്ദേഹം വളരെ സ്‌നേഹത്തോടെ ഇടപെട്ടു. കഥയെക്കുറിച്ചു ചോദിച്ചു. അതു വലിയൊരു അനുഭവമായിരുന്നു. ഈ കഥയെഴുതാന്‍ കാരണമായത് മലയാളത്തിലെ ഒരു പണ്ഡിത ശ്രേഷ്ഠനായ പ്രൊഫ. എംകെ സാനുമാഷാണ്. അദ്ദേഹം എന്റെ അടുത്തു ഗ്രന്ഥാലോകം പ്രസിദ്ധീകരണത്തിന് ഒരു കഥ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ അദ്ദേഹം ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഞാന്‍ ഒരു ചെറുകഥ എഴുതാന്‍ ആരോഗ്യപ്രശ്‌നങ്ങളൊക്കെ അവഗണിച്ച് ഇരുന്നതും ഇങ്ങനെ ഒരു കഥയിലേക്കു പെട്ടെന്നു മാറിപ്പോകുന്നതും. ഡോ. കല്‍ബുര്‍ഗിയുടെ മരണം വല്ലാതെ അലട്ടിയ ഒരു സംഭവമായിരുന്നു. അതിനെക്കുറിച്ചു വായിച്ചു വന്നപ്പോള്‍ വചനങ്ങളിലേക്കു പോകുന്നു. വചനങ്ങള്‍ ഞാന്‍ നേരത്തേ വായിക്കാന്‍ ഇടയായിട്ടുണ്ട്. വചനങ്ങളുള്ള പുസ്തകം ഞാന്‍ ഒരിക്കല്‍കൂടി എടുത്തു വായിക്കുന്നു. പിന്നീട്, സമകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും നല്ല ചിത്രം ഇതിലൂടെ ചുരുള്‍ നിവരുന്നുണ്ടല്ലോ എന്നു തിരിച്ചറിയുന്നു. അങ്ങനെയാണ് ആ കഥയുണ്ടാകുന്നത്. പക്ഷേ, അതിനു ശേഷമാണു ഞാന്‍ വിചാരിക്കുന്നത്. ബസവണ്ണ പറഞ്ഞ പല വചനങ്ങളും ശ്രീനാരായണഗുരുവും മലയാള ഭാഷയില്‍ നമ്മളോടു പറഞ്ഞിട്ടുള്ളതാണ്. കേരളത്തിന്റെ സാഹചര്യങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ്. ഗുരുവിന്റെ വചനങ്ങള്‍ ഗുരുവിന്റെ അനുയായികള്‍ എങ്ങനെയാണ് അട്ടിമറിക്കുന്നത് എന്നുള്ളതു മറ്റൊരു ദുരന്തം. അല്ലെങ്കില്‍ നമ്മളെ വേവലാതിപ്പെടുത്തുന്ന മറ്റൊരു അവസ്ഥ. സാനുമാഷ് തന്നെ എഴുതിയ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രം വായിക്കുമ്പോള്‍ അതില്‍ വളരെ രസകരമായ ഭാഗമുണ്ട്. ഗുരു വളരെ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്. ഹിന്ദുമതം എന്നൊരു മതമില്ല. വാസ്തവത്തില്‍ ഹിന്ദുമതം എന്നു നമ്മള്‍ വിവക്ഷിക്കുന്ന മതങ്ങള്‍ എന്തെല്ലാമാണെന്ന് അദ്ദേഹം വിവരിച്ചിട്ടുണ്ട്. സാംഖ്യ മതം, ദ്വൈത മതം, അദ്വൈത മതം, വിശിഷ്ടാദ്വൈത മതം, ശൈവമതം, ശാക്തേയമതം, വൈഷ്ണവ മതം ഇങ്ങനെ പ്രത്യക്ഷത്തില്‍ വളരെ ഭിന്നരൂപങ്ങളാണു ധാരാളം വിശ്വാസങ്ങളെ ഏകോപിപ്പിച്ചാണ് നാം ഹിന്ദുമതം എന്നു വിളിക്കുന്നതെങ്കില്‍ എന്തുകൊണ്ട് ഒരു രാജ്യത്തു ജീവിക്കുന്ന എല്ലാവര്‍ക്കും ഒരു മതം എന്ന സങ്കല്‍പത്തിലേക്കു വന്നുകൂടാ എന്നായിരുന്നു ഗുരുവിന്റെ ഒരു പ്രധാനവാദം.

meera-lead-6

എന്‍പിസി: ഗുരുവിന്റെ വചനങ്ങളില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്നു പറയുന്നവര്‍ വളരെയധികം മാറിപ്പോയി

മീര: ഇന്ന് അവര്‍ ഹിന്ദു മതത്തെക്കുറിച്ചു പറയുന്നതു കേള്‍ക്കുമ്പോള്‍, സമുദായ നേതാക്കളെങ്കിലും സമുദായത്തിന്റെ സ്വന്തമായി അവര്‍ വച്ചുകൊണ്ടിരിക്കുന്ന ഗുരുവിന്റെ വചനങ്ങള്‍ വായിക്കുന്നില്ല, പഠിക്കുന്നില്ല എന്നു പറയുന്നത് എത്ര രസകരമായ അവസ്ഥയാണ്. ഗുരു ആരുടെയും സ്വന്തമല്ല.

എന്‍പിസി: ഹിന്ദുമതത്തില്‍പെട്ട വിവിധ സമുദായങ്ങള്‍ ഭൂരിപക്ഷ സമുദായത്തിന് കീഴില്‍ ഒന്നിക്കണമെന്നാണ് അവര്‍ പറയുന്നത്

മീര: അതേതാണ് ഈ ഭൂരിപക്ഷ സമുദായം? ഭൂരിപക്ഷ മതം ഏതാണ്? ഹിന്ദുമതം ഏതാണ്? ശൈവമതത്തിന്റെ പിന്തുടര്‍ച്ചക്കാരാണോ? ശാക്തേയ മതത്തിന്റെ പിന്തുടര്‍ച്ചക്കാരാണോ? ശിവനെ ആരാധിക്കുന്നവരാണോ? രാമനെ ആരാധിക്കുന്നവരാണോ? ചോദിക്കപ്പെടേണ്ട വലിയൊരു ചോദ്യമാണ്. അതിനുത്തരം കണ്ടെത്തേണ്ടതല്ലേ? ഗുരുദേവന്റെ ഒരു അഭിപ്രായപ്രകടനം വളരെ രസകരമായിരുന്നു. സഹോദരന്‍ അയ്യപ്പനുമായുള്ള സംവാദത്തിലായിരുന്നെന്നാണ് എന്റെ ഓര്‍മ. ശിവനും രാമനുമൊക്കെ അതതു കാലത്തു ജീവിച്ചിരുന്ന നാട്ടുപ്രമാണിമാരായിരുന്നവത്രേ. ഒരുപക്ഷേ, കാട്ടില്‍ ജീവിച്ചിരുന്നവര്‍ക്കിടയില്‍ നല്ല കായബലമുള്ള സല്‍സ്വഭാവമുള്ള ഒരാളായിരുന്നിരിക്കണം ശിവന്‍. പില്‍ക്കാലത്ത് അദ്ദേഹത്തെ ദൈവമായി ആരാധിച്ചിരുന്നതായിരിക്കണം. അത്ര ഒബ്‌ജെക്ടീവായി അത്ര ഉള്‍ക്കാഴ്ചയോടെ മതത്തെനിരീക്ഷിച്ചിരുന്ന ഒരു ദാര്‍ശനികന്റെ പിന്‍മുറക്കാരാണ് ഈ വിധത്തില്‍ സംസാരിക്കുന്നത്. ഈ വിധത്തില്‍ ഹിന്ദുമതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നത് എന്നതാണ് ദുഃഖകരം. ഇതേ ഗുരുവാണ് ഏറ്റവും വലിയ ശിവ കീര്‍ത്തനങ്ങളും ശിവശതകം പോലുള്ള രചനകളും മലയാളത്തിന് സമ്മാനിച്ചതെന്നോര്‍ക്കണം. അത്ര മഹാകവിയായിരുന്നു ശ്രീനാരായണഗുരു. അദ്ദേഹം പോലും താന്‍ ആരാധിച്ചിരുന്ന ദൈവങ്ങളെ, അദ്ദേഹം നടത്തിയ പ്രതിഷ്ഠകളെക്കുറിച്ചുപോലും അദ്ദേഹത്തിന്റെ പിന്‍മുറക്കാര്‍ മറന്നുപോകുന്നു. അദ്ദേഹം നടത്തിയ ആദ്യ പ്രതിഷ്ഠ പോലും ശിവലിംഗമായിരുന്നു. അങ്ങനെ കാണാന്‍ സാധിച്ചിരുന്ന തത്വജ്ഞാനി, ദാര്‍ശനികന്‍ ജീവിച്ചിരുന്ന ദേശത്താണ് നാം ഇത്തരം കെടുതികളും കൊടുമകളും കാണാന്‍ വിധിക്കപ്പെട്ടിരിക്കുന്നത് എന്നതു വളരെ വിചിത്രമാണ്. അദ്ദേഹത്തെ വിശ്വസിക്കുന്നവരിലും അനുഗാമികളായി നടക്കുന്നവരും ആരും ഗുരുവിനെ വായിച്ചിട്ടില്ല. ഇതുതന്നെ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്.

എന്‍പിസി: ഇപ്പോഴത്തെ നേതാക്കള്‍ പറയുന്നതു കേട്ടു പിന്നാലെ പോകുന്ന ആളുകളില്‍ ഗുരുദേവനെ ഒരു ദൈവമായിട്ടു കാണുകയും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ചേര്‍ന്ന് അത് ഒരു മതം പോലെ നടക്കേണ്ടതാണെന്നു കരുതുകയും ചെയ്യുന്നവര്‍ ഉണ്ടാകാം. ഇത്രയും കാര്യങ്ങള്‍ അന്വേഷിച്ച ഒരു എഴുത്തുകാരി എന്ന നിലയില്‍ അവരോട് എന്താണ് മീരയ്്ക്കു പറയാനുള്ളത്

മീര: അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വായിച്ചു പഠിച്ചാല്‍ മതി. വേറൊന്നും വേണ്ട. മതപരിവര്‍ത്തനത്തെക്കുറിച്ചുവരെ അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതു വായിക്കുന്ന ഗുരുദേവന്റെ അനുയായിക്ക് എങ്ങനെയാണു ഹിന്ദുവിനെയും മുസ്ലിമിനെയും വേറിട്ടു കാണാനാവുക. എങ്ങനെയാണ് എന്റെ അയല്‍പക്കക്കാരനു കൂടുതല്‍ കിട്ടി എനിക്കു കിട്ടിയില്ല എന്നു പരാതിപ്പെടാന്‍ സാധിക്കുക? അത്രയൊക്കെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്നെ പണ്ടൊരിക്കല്‍ വേറൊരു അവസരത്തില്‍ വിഷമിച്ചിട്ടുണ്ട്. ഈഴത്വത്തിന് അതീതമായി ഈഴവന്‍ ചിന്തിക്കുന്ന കാലം വരുമായിരിക്കും അല്ലേ എന്ന് അദ്ദേഹം പറഞ്ഞു എന്നാണു വായിച്ചിട്ടുണ്ട്. ആ വാക്കുകളെ വേറൊരു കാലത്തില്‍ ചരിത്രം തിരിച്ചടിക്കുന്നു എന്നും അദ്ദേഹത്തിന്റെ സമുദായത്തില്‍നിന്നുള്ളവര്‍തന്നെ അതിനു കൂട്ടുനില്‍ക്കുന്നു എന്നുള്ളതും വളരെ വേദനിപ്പിക്കുന്നതാണ്. ഞാനൊരു വ്യക്തിയെ അല്ലെങ്കില്‍ ഒരു സമുദായത്തെ എതിര്‍ത്തല്ല പറയുന്നത്. പക്ഷേ, എല്ലാവരെയും വഴിനടത്താന്‍ പറ്റുന്ന വാക്കുകളായിരുന്നു ഗുരുദേവദര്‍ശനം. എല്ലാ മതങ്ങള്‍ക്കും അന്യന്റെ ഇടം അപഹരിക്കരുതെന്നും അന്യന്റെ സ്ഥാനത്തെ ബഹുമാനിക്കണമെന്നുമുള്ള വലിയൊരു പാഠമാണ് ഗുരുദേവ ദര്‍ശനങ്ങളിലുടനീളം ഉള്ളത്. കേരളത്തിന്റെ മുഴുവന്‍ തത്വചിന്തകനായി സ്വീകരിക്കേണ്ടതിനു പകരം അദ്ദേഹത്തെ ചിലര്‍ രൂപക്കൂടുകളില്‍ ഒതുക്കി നിര്‍ത്തുന്നതു ദുരന്തക്കാഴ്ചയാണ്.

meera-lead-7

എന്‍പിസി: അവസാനമായി കഥയിലേക്കുതന്നെ തിരിച്ചു വന്നാല്‍, ഈ കഥയിലെ ആദ്യത്തെ കേന്ദ്ര കഥാപാത്രം ഭഗവാന്‍ കൊല്ലപ്പെടുകയാണ്. അതിനുശേഷം രണ്ടാമത്തെ ഭഗവാനായി അദ്ദേഹത്തെ അദ്യം വധിക്കാന്‍ നിയുക്തനായ അമര അവരോധിക്കപ്പെട്ട രീതിയില്‍ പെരുമാറുന്നു. ഒപ്പം തന്നെ ആ ഭഗവാനും പൂച്ചയുടെ കാലൊച്ചയ്ക്കു കാതോര്‍ത്തിരിക്കുന്ന ഒരവസ്ഥ. ധീരമായ ഗുരുവിന്റെ വചനങ്ങള്‍തന്നെ ഉരുവിട്ടുകൊണ്ട് ഇച്ഛാമരണത്തിന് അല്ലെങ്കില്‍ രക്തസാക്ഷിത്വത്തിന് തയാറായി നില്‍ക്കുന്ന അവസ്ഥയിലാണ് കഥ അവസാനിക്കുന്നത്. ഈ നിലപാടെടുക്കുന്ന എല്ലാവരെയും കൊലവാളുകളും രക്തസാക്ഷിത്വവും കാത്തുനില്‍ക്കുന്നു എന്നാണോ മീര ചിന്തിക്കുന്നത്.

മീര: കാത്തുനില്‍ക്കുന്നുണ്ടെങ്കില്‍തന്നെ ഭയപ്പെടാനില്ല. കാരണം ആ പരമ്പര തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം ആ പരമ്പര തുടര്‍ന്നുകൊണ്ടേയിരിക്കും. അറിവിനുവേണ്ടി കൂടുതല്‍ മെച്ചപ്പെട്ട ലോകത്തിനുവേണ്ടി മരിക്കാന്‍ തയാറായവരുടെ ലോകമാണ്.

എന്‍പിസി: ഭഗവാന്‍ മരിക്കുന്നില്ല?

മീര: ഭഗവാന്‍ ഒരിക്കലും മരിക്കുന്നില്ല. ഭഗവാന്‍ എന്ന പ്രതീകം ഒരിക്കലും മരിക്കുന്നില്ല. അതുതന്നെയാണ് കഥയിലൂടെ ഞാന്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News