പാലക്കാടന്‍ കാറ്റിലും ഉലയാതെ എറണാകുളത്തിന് കായികകിരീടം; ഫോട്ടോഫിനിഷില്‍ പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍ സ്‌കൂള്‍

കോഴിക്കോട്: കൗമാര കേരളത്തിന്റെ കരുത്ത് മാറ്റുരച്ച സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കിരീടം വിട്ടുകൊടുക്കാതെ എറണാകുളം. ഒരു പാലക്കാടന്‍ കാറ്റിലും ഇളകാതെ നിന്ന എറണാകുളത്തിന്റെ കരുത്തിനു മുന്നില്‍ ഇത്തവണ എങ്കിലും കിരീടം നേടാമെന്ന് മോഹിച്ചുവന്ന പാലക്കാടിന് വീണ്ടും അടിപതറി. 241 പോയിന്റുമായാണ് എറണാകുളം ഓവറോള്‍ ചാമ്പ്യന്‍പട്ടം നിലനിര്‍ത്തിയത്. 225 പോയിന്റുമായി പാലക്കാട് ജില്ല രണ്ടാമതെത്തി. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് 124 പോയിന്റാണുള്ളത്. 25 സ്വര്‍ണവും 28 വെള്ളിയും 18 വെങ്കലവും അടക്കമാണ് എറണാകുളം 241 പോയിന്റ് കരസ്ഥമാക്കിയത്. 24 സ്വര്‍ണവും 23 വെള്ളിയും 21 വെങ്കലവും അടക്കം പാലക്കാട് 225 പോയിന്റ് നേടി. 16 സ്വര്‍ണവും 9 വെള്ളയും 8 വെങ്കലവും അടക്കമാണ് കോഴിക്കോടിന് 130 പോയിന്റ്. മീറ്റിലുടനീളം 24 റെക്കോര്‍ഡുകള്‍ പിറന്നു.

സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായി. കഴിഞ്ഞ വര്‍ഷം ഒരു പോയിന്റിന് കൈവിട്ട കിരീടം മാര്‍ ബേസില്‍ തിരിച്ചുപിടിക്കുകയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പാലക്കാട് പറളി സ്‌കൂളിനെ അഞ്ച് പോയിന്റുകള്‍ക്ക് പിന്നിലാക്കിയാണ് മാര്‍ ബേസില്‍ സ്‌കൂള്‍ ചാമ്പ്യന്‍മാരായത്. മാര്‍ ബേസില്‍ 9 സ്വര്‍ണവും 13 വെള്ളിയും 7 വെങ്കലവും അടക്കം 91 പോയിന്റ് നേടിയാണ് ചാമ്പ്യന്‍മാരായത്. 13 സ്വര്‍ണവും 6 വെള്ളിയും 8 വെങ്കലവും അടക്കമാണ് പറളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തിയത്. അവസാന ഇനമായ 800 മീറ്ററില്‍ അനുമോള്‍ തമ്പി വെള്ളി മെഡല്‍ നേടിയതോടെയാണ് പറളിയെ പിന്തള്ളി മാര്‍ ബേസില്‍ ചാമ്പ്യന്‍സ്‌കൂള്‍ പട്ടം സ്വന്തം സ്‌കൂളിലെത്തിച്ചത്. 67 പോയിന്റുമായി കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി.

കോഴിക്കോട് ഉഷ സ്‌കൂളിലെ ജിസ്‌ന മാത്യുവാണ് മീറ്റിന്റെ താരം. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ നാലു മെഡലുകളാണ് ജിസ്‌ന നേടിയത്. സ്പ്രിന്റ് ഡബിള്‍ അടക്കം നാലു മെഡലുകളാണ് ജിസ്‌നയുടെ സമ്പാദ്യം. 100, 200, 400, 4×400 മീറ്റര്‍ റിലേ എന്നീ ഇനങ്ങളിലാണ് ജിസ്‌നയുടെ സ്വര്‍ണനേട്ടം. ഇതില്‍ മൂന്നും റെക്കോര്‍ഡ് മറികടന്ന പ്രകടനത്തോടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News