സുഷമ സ്വരാജ് പാകിസ്താനില്‍; പാക് പ്രധാനമന്ത്രിയുമായും സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച നടത്തും; ഏഷ്യന്‍ ഹൃദയരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കും

ഇസ്ലാമാബാദ്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പാകിസ്താന്‍ സന്ദര്‍ശനം തുടങ്ങി. ഇസ്ലാമബാദില്‍ എത്തിയ സുഷമ സ്വരാജ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവുമായും കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒന്നര വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ – പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പാകിസ്ഥാന്‍ പര്യടനം.

ഇന്ത്യാ പാക്ക് സുരക്ഷാ ഉപദേഷ്ടാക്കളുടെയും വിദേശകാര്യ സെക്രട്ടറിമാരുടെയും ചര്‍ച്ച നടക്കാതിരുന്ന സാഹചര്യം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ഇന്ത്യാ പാക്ക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ വച്ച് രഹസ്യ ചര്‍ച്ച നടത്തി. ഇതിനുപിന്നാലെയാണ്
ഏഷ്യന്‍ ഹൃദയരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഷമ സ്വരാജ് ഇസ്ലാമബാദില്‍ എത്തിയത്.

സുഷമസ്വരാജ് ആദ്യം പാക് പ്രധാനമന്ത്രി നവാഷ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തും. കാശ്മീര്‍ പ്രശ്‌നം, ഭീകരവാദം, അതിര്‍ത്തിയിലെ പ്രശനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. ഇന്ത്യാ – പാക് ക്രിക്കറ്റ് പരമ്പര ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും.

തുടര്‍ന്ന് പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും. ചൈനയും ഇറാനുമുള്‍പ്പെടെ 27 രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളാണ് വിഷയം. എങ്കിലും പാക് നേതൃത്വവുമായുള്ള ചര്‍ച്ചയാണ് അതിലേറെ പ്രാധാന്യം എന്ന് സുഷമാ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും രഹസ്യമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, നിയന്ത്രണ രേഖയിലെ സമാധാനം, കാശ്മീര്‍ പ്രശ്‌നം തുടങ്ങിയവയാണ് വിഷയമായത്.

പാരീസ് കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെറീഫും നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News