ഇസ്ലാമാബാദ്: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പാകിസ്താനിലെത്തിയ സുഷമ സ്വരാജ് ഇന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തും. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മില്‍ മന്ത്രിതല ചര്‍ച്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യ-പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ ബാങ്കോക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ബഹുരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ ഇസ്ലാമാബാദില്‍ എത്തിയ സുഷമ സ്വരാജ് നവാഷ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുന്നത്. കശ്മീര്‍ പ്രശ്‌നം, ഭീകരവാദം, അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍, ക്രിക്കറ്റ് പരമ്പര ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ വിഷയമാകും. പാക് സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസുമായും വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും.
ചൈനയും ഇറാനുമുള്‍പ്പടെ 27 രാജ്യങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച കാര്യങ്ങളാണ് വിഷയമെങ്കിലും പാക് നേതൃത്വവുമായുള്ള ചര്‍ച്ചയാണ് അതിലേറെ പ്രാധാന്യമെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജന്‍ജുവയും രഹസ്യമായി നടത്തിയ ചര്‍ച്ചയില്‍ തീവ്രവാദം, നിയന്ത്രണരേഖയിലെ സമാധാനം, കശ്മീര്‍ പ്രശ്‌നം തുടങ്ങിയവയാണ് വിഷയമായത്. പാരീസ് കാലാവസ്ഥ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post