ആര്‍എസ്പി ദേശീയ സമ്മേളനത്തിന് ഇന്നു തുടക്കം; കേരളത്തിലെ കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയാകും

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനം ഇന്ന് ദില്ലിയില്‍ തുടങ്ങും. ദേശീയനയത്തിനു വിപരീതമായി കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘടനാ പ്രതിസന്ധി സമ്മേളനത്തില്‍ മുഖ്യചര്‍ച്ചാ വിഷയമാകും. ഇതിനെതിരെ പശ്ചിമബംഗാളില്‍ അടക്കം സംസ്ഥാന സമ്മേളനങ്ങളില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടതുസഖ്യം ശക്തിപ്പെടുത്തുക എന്ന നയത്തിന് തുരങ്കം വയ്ക്കുന്നതാണ് കേരള ഘടകത്തിന്റെ നടപടിയെന്ന് കേന്ദ്രകമ്മിറ്റിയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ദേശീയ സമ്മേളനത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് കേന്ദ്രനേതൃത്വം സ്വീകരിച്ചത്. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയത്തില്‍ കേരളത്തിലെ പ്രത്യേക സാഹചര്യം എന്ന പേരില്‍ വിഷയം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ നടപടിക്കെതിരെ കേരളത്തില്‍ നിന്നുളള ചില പ്രതിനിധികള്‍ തന്നെ പ്രതിഷേധം അറിയിക്കുമെന്നാണ് സൂചന. ദേശീയതലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഖ്യം വേണമോ എന്ന കാര്യവും ദേശീയ സമ്മേളനം പരിശോധിക്കും. പ്രാദേശിക തലത്തില്‍ സഖ്യം രൂപീകരിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്ക് അധികാരം വേണമെന്ന ആവശ്യം കേരള ഘടകം ഉന്നയിക്കും. പല്‍വാല്‍ തീവണ്ടി അപകടത്തെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി പല നേതാക്കള്‍ക്കള്‍ക്കും ചൊവ്വാഴ്ച ദില്ലിയിലെത്താന്‍ കഴിയാത്തതിനാല്‍ മാറ്റിവച്ച കേന്ദ്രകമ്മിറ്റി, സെക്രട്ടറിയേറ്റ് യോഗങ്ങള്‍ രാവിലെ ചേരും. സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ക്ക് അംഗീകാരം നല്‍കിയതിനു ശേഷം ഉച്ചയോടു കൂടി സമ്മേളനം ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here