മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനം; വീണ്ടും മലക്കം മറിഞ്ഞ് കേരള ഹൗസ്; മുഖ്യമന്ത്രിക്ക് വിജ്ഞാന്‍ ഭവനില്‍ പരിപാടി ഉണ്ടായിരുന്നെന്ന് പുതിയ വിശദീകരണം

ദില്ലി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദില്ലി സന്ദര്‍ശനത്തെ കുറിച്ച് വീണ്ടും കേരള ഹൗസ് അധികൃതരുടെ മലക്കം മറിച്ചില്‍. ഉമ്മന്‍ചാണ്ടി-സരിത കൂടിക്കാഴ്ച നടന്നു എന്നു പറയുന്ന 2012 ഡിസംബര്‍ 27 ന് മുഖ്യമന്ത്രി ദില്ലിയില്‍ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു എന്നാണ് പുതിയ വിശദീകരണം. ആദ്യം നല്‍കിയ വിവരാവകാശ മറുപടിയില്‍ മുഖ്യമന്ത്രിക്ക് അന്നേ ദിവസം ഔദ്യോഗിക പരിപാടികള്‍ ഇല്ലായിരുന്നു എന്നാണ് കേരള ഹൗസ് വ്യക്തമാക്കിയിരുന്നത്. 2012 ഡിസംബര്‍ 27 ന് വിജ്ഞാന്‍ ഭവനില്‍ നടന്ന വികസന സെമിനാറിനിടെ സരിത ഉമ്മന്‍ചാണ്ടിയെ കണ്ടു എന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഡിസംബര്‍ 27 ലെ ദില്ലി സന്ദര്‍ശനത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ട് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ പരസ്പര വിരുദ്ധമായ രണ്ട് മറുപടികളാണ് കേരള ഹൗസ് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രി ഡിസംബര്‍ 27ന് ദില്ലിയില്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ ഔദ്യോഗിക പരിപാടികളില്‍ ഒന്നും പങ്കെടുത്തിട്ടില്ലെന്നുമായിരുന്നു ആദ്യം നല്‍കിയ മറുപടി. ഈ മറുപടി വിവാദമായതോടെയാണ് പുതിയ മറുപടി നല്‍കിയത്. വിവരാവകാശ അപേക്ഷ നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്റെ ഓഫീസില്‍ നേരിട്ടെത്തിയാണ് കേരള ഹൗസ് അധികൃതര്‍ പുതിയ മറുപടി കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഡിസംബര്‍ 27 ന് വിജ്ഞാന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ രാവിലെ മുതല്‍ പങ്കെടുത്തു എന്നാണ് പുതിയ മറുപടിയില്‍ ഉള്ളത്. മുഖ്യമന്ത്രി ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തു എന്ന് കേരള ഹൗസ് പിആര്‍ഡി വിഭാഗം പത്രക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ കൂടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ താമസിച്ചിട്ടില്ല എന്ന് ആദ്യം മറുപടി നല്‍കിയ കേരള ഹൗസ് പുതിയ മറുപടിയില്‍ അതും തിരുത്തി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെകട്ടറി ദിനേശ് ശര്‍മ്മ ഉണ്ടായിരുന്നു എന്നാണ് പുതിയ മറുപടിയില്‍ ഉള്ളത്.മുഖ്യമന്ത്രിയുടെ ദില്ലി സന്ദര്‍ശനത്തെ കുറിച്ച് തെറ്റിദ്ധാരണാ ജനകവും പരസ്പരവിരുദ്ധവുമായ മറുപടികള്‍ നല്‍കുന്നത് ഉമ്മന്‍ ചാണ്ടി സരിത കൂടിക്കാഴചയെക്കുറിച്ചുള്ള ദൂരൂഹതകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News