ലാത്തിച്ചാര്‍ജില്‍ കാണാതായയാള്‍ കിണറ്റില്‍ മരിച്ച നിലയില്‍; മൃതദേഹം പുറത്തെടുത്തില്ല; നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

മലപ്പുറം: പത്തപ്പിരിയത്ത് ടാര്‍ മിക്‌സിംഗ് കേന്ദ്രത്തിനെതിരെ നടത്തിയ സമരത്തിനിടെ നാട്ടുകാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെ കാണാതായയാളെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കീര്‍ത്തിയില്‍ അയ്യപ്പനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അയ്യപ്പന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. പത്തപ്പിരിയത്ത് ബേക്കലക്കണ്ടിയിലെ ടാര്‍മിക്‌സിംഗ് പ്ലാന്റിനെതിരെയാണ് നാട്ടുകാര്‍ സമരം നടത്തിയത്. പ്ലാന്റിലേക്കുള്ള സാമഗ്രികള്‍ കൊണ്ടുവന്ന മൂന്നു ലോറികള്‍ നാട്ടുകാര്‍ കത്തിച്ചിരുന്നു. വാഹനങ്ങള്‍ തടയാനെത്തിയ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പൊലീസ് മര്‍ദിച്ചിരുന്നു. ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനിടെയാണ് അയ്യപ്പനെ കാണാതായത്. തുടര്‍ന്ന് പ്രദേശത്തെ കിണറ്റില്‍ നിന്നും അയ്യപ്പന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നെല്ലാണി റോഡില്‍ നിന്നവരെയാണ് വണ്ടൂര്‍ സിഐ കെ സി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചത്. എടവണ്ണ, പാണ്ടിക്കാട്, മേലാറ്റൂര്‍, കാളികാവ് എസ്‌ഐമാരും മലപ്പുറത്ത് നിന്നുള്ള പൊലീസും സംഘത്തിലുണ്ടായിരുന്നു. രാത്രിയും പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. പത്തപ്പിരിയം ബേക്കലക്കണ്ടിയില്‍ ടാര്‍മിക്‌സിങ് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ ഒറ്റക്കെട്ടായി സമരം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായി. ജനകീയ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. എടവണ്ണ പഞ്ചായത്ത് പ്ലാന്റിന് നല്‍കിയ അനുമതി റദ്ദാക്കണമെന്ന് കല്‍പ്പാലം പതിനാറാം വാര്‍ഡ് ഗ്രാമസഭ ഐകകണ്‌ഠ്യേന പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് ഭരണസമിതി ഇതിന് തയ്യാറായില്ല. നവംബര്‍ 30ന് ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി യോഗം പ്രദേശവാസികള്‍ ഉപരോധിക്കുകയും ചെയ്തു. പഞ്ചായത്തംഗം വടക്കന്‍ സൈനുദ്ദീന്‍ വിഷയം ഭരണസമിതി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു. പ്രമേയം തള്ളിയതിനെ തുടര്‍ന്ന് സമരം ശക്തമാക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here