ഫേസ്ബുക്കും വാട്‌സ്ആപ്പും ട്വിറ്ററും ഒന്നുമല്ല. ഇത് പുതിയ ഒരു ആപ്ലിക്കേഷനാണ്. ആഫ്റ്റര്‍ സ്‌കൂള്‍ എന്നു പേര്. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ആപ്ലിക്കേഷന്‍ പ്രചാരം നേടിയിരിക്കുന്നത്. കൗമാരക്കാര്‍ക്ക് അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കാനും സ്വകാര്യതകള്‍ സംസാരിക്കാനും ക്ലാസ്‌മേറ്റ്‌സുമായി എന്തുകാര്യവും സംസാരിക്കാനും എല്ലാം ഈ ആപ്ലിക്കേഷനില്‍ പറ്റും. ചുരുക്കത്തില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ചെയ്യുന്നതു പോലെ തന്നെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാം. ടെക്‌സ്റ്റ് അയയ്ക്കാം. അങ്ങനെ എന്തും. ഒരു വ്യത്യാസം മാത്രം. ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും സ്വകാര്യതയ്ക്ക് പരിധിയുണ്ടെങ്കില്‍ ഇവിടെ അതില്ല. ആപ്ലിക്കേഷന്‍ എന്താണെന്നോ എങ്ങനെയെന്നോ പ്രവര്‍ത്തനരീതി എന്തെന്നോ മനസ്സിലാകാതെ അന്തംവിട്ട് ഇരിക്കുകയാണ് മുതിര്‍ന്നവരും രക്ഷിതാക്കളും.
ഈ സ്‌കൂള്‍ വര്‍ഷം മുതലാണ് കൗമാരക്കാര്‍ക്കിടയില്‍ ആപ്ലിക്കേഷന്റെ പ്രചാരം വര്‍ധിച്ചത്. ഏകദേശം 22,300 ഹൈസ്‌കൂളുകളിലായി ദശലക്ഷക്കണക്കിന് കുട്ടികള്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നു. ഏറ്റവും രസകരമായ വസ്തുത കൗമാരക്കാര്‍ക്ക് മാത്രം ആക്‌സസ് ചെയ്യാവുന്ന തരത്തിലാണ് ആപ് ഡിസൈന്‍ ചെയ്തിട്ടുള്ളതെന്നതാണ്. മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ലെന്നര്‍ത്ഥം. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും അടക്കം എല്ലാവരും ഇത് എന്തുതരം ആപ്ലിക്കേഷനാണ് എന്ന് മനസ്സിലാകാതെ മിഴിച്ചിരിക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വകാര്യതകള്‍ പരസ്പരം പങ്കുവയ്ക്കാന്‍ സുരക്ഷിതമായ ഒരിടം എന്നാണ് ആപ്ലിക്കേഷനെ സംബന്ധിച്ച് ഡിസൈനര്‍മാര്‍ അവകാശപ്പെടുന്നത്.
വിദേശത്തു പ്രചരിക്കുന്ന യിക്-യാക് എന്ന ആപ്പിനു സമാനമാണ് ഇതും എന്നാണ് അറിയുന്നത്. സ്വന്തം പേരു പോലും വെളിപ്പെടുത്താതെ ഇതില്‍ അംഗമാകാം വിവരങ്ങള്‍ പങ്കുവയ്ക്കാം എന്നതാണ് ഒരു പ്രത്യേകത. അതുകൊണ്ടു തന്നെ പലപ്പോഴും ഇത് ഭയപ്പെടുത്തുക, ഭീഷണിപ്പെടുത്തുക, മറ്റു ക്രിമിനല്‍ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുക എന്നീ കാര്യങ്ങള്‍ക്കും ദുരുപയോഗം ചെയ്യപ്പെട്ടേക്കും. കമന്റുകള്‍ പോസ്റ്റു ചെയ്യാനും ഇമേജുകള്‍ പോസ്റ്റു ചെയ്യാനും ഇതുവഴി സാധിക്കും. ഓരോ സ്‌കൂളുമായും സഹകരിച്ച് പോസ്റ്റു ചെയ്യാം. എന്നാല്‍, വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി വെളിപ്പെടുകയുമില്ല.
എന്നാല്‍, ആപ്പിള്‍ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ നിരോധിച്ചിരിക്കുകയാണ്. തുടക്കത്തില്‍ നല്ല ആപ്ലിക്കേഷനാണെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്വഭാവത്തില്‍ മാറ്റം വന്നെന്നാണ് പറയപ്പെടുന്നത്. ആദ്യം നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കപ്പെട്ടിരുന്ന ആപ്ലിക്കേഷന്‍ പിന്നീട് ഭീഷണിപ്പെടുത്തലുകള്‍ക്കും മറ്റും വഴിമാറിയതായി ഒരു കൗമാരക്കാരി പരാതിപ്പെടുന്നു. മിയയുടെ ഫോണ്‍ നമ്പര്‍ ആരോ ആപ്പില്‍ പോസ്റ്റു ചെയ്തു. ബന്ധപ്പെട്ടാല്‍ ഫോട്ടോ അയച്ചു തരുമെന്നായിരുന്നു സന്ദേശം. ഒപ്പം ഒരു ബിക്കിനി ഫോട്ടോയും. കോളുകള്‍ വന്നു തുടങ്ങുകയും പീഡനം ആരംഭിക്കുകയും ചെയ്തതോടെ മിയയ്ക്ക് ഫോണ്‍നമ്പര്‍ മാറ്റേണ്ടി വന്നു.
ആഫ്റ്റര്‍ സ്‌കൂളില്‍ അംഗമാകണമെങ്കില്‍ ഫേസ്ബുക്കിലൂടെ സ്‌കൂളില്‍ പഠിക്കുകയാണെന്ന് വെരിഫൈ ചെയ്തതിനു ശേഷം മാത്രമേ പറ്റൂ. അതിനുശേഷം ഓരോ സ്‌കൂള്‍ ക്യാംപസിനും പ്രത്യേകം നിയന്ത്രിത മെസേജ് ബോര്‍ഡുകള്‍ ലഭിക്കും. രക്ഷിതാക്കള്‍ക്ക് ഇതില്‍ കയറണമെങ്കില്‍ ഇതുപോലെ വെരിഫൈ ചെയ്യണം. പക്ഷേ എന്നാല്‍ പോലും അത് അഭിനിയിക്കുന്നതാണെന്ന് മനസ്സിലായാല്‍ രക്ഷിതാക്കളെ ബ്ലോക്ക് ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗും ആപ്പില്‍ തന്നെയുണ്ട്. 20 ലക്ഷം മുതല്‍ ഒരു കോടി ആളുകള്‍ വരെ ഇത് ഉപയോഗിക്കുന്നുണ്ടെന്നാണ് അറിവ്. കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ സ്‌കൂളുകളിലാണ് ആപ്ലിക്കേഷന്‍ പ്രചരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here