പ്രധാനമന്ത്രി അടുത്തവര്‍ഷം പാകിസ്താനിലേക്ക്; ഉഭയകക്ഷിചര്‍ച്ച പുനരാരംഭിക്കും

ഇസ്ലാമാബാദ്: സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത വര്‍ഷം പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും. ഇന്ത്യാ പാക്ക് ഉഭയകക്ഷി ചര്‍ച്ച പുനരാംഭിക്കാനും ധാരണയായി. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍. എന്നാല്‍ ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യം കൂടിക്കാഴ്ച്ചയില്‍ വിഷയമായില്ല.

ബാങ്കോക്കില്‍ ഇന്ത്യാ – പാക് സുരക്ഷാ ഉപദേഷ്ടാക്കളുടെ രഹസ്യ ചര്‍ച്ചക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തിയത്. അടുത്ത വര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി ഇസ്ലാമബാദിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാംരംഭിക്കാന്‍ ധാരണയായതായും വിദേശകാര്യ മന്ത്രി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യവസായിക സാമ്പത്തിക സഹകരണം ശക്തമാക്കുമെന്നും ഇന്ത്യയുമായുള്ള മികച്ച ബന്ധമാണ് പാക്കിസ്ഥാനും ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

ഭീകരതയെ പിന്തുണയക്കുന്ന പാക്ക് നിലപാടില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചപ്പോള്‍ ഭീകരത തുടച്ചുനീക്കാന്‍ ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രതിരോധിക്കണമെന്നായിരുന്നു പാക്ക് നിലപാട്. ഭീകരത തുടച്ച് നീക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.

മുംബൈ ഭീകരാക്രമണത്തിലെ പ്രതികളുടെ ലാഹോറിലെ വിചാരണ നടപടികള്‍ വേഗത്തില്‍ ആക്കണമെന്നും ഇന്ത്യ പാക്ക് നേതൃത്വവുമായുള്ള കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യാ പാക്ക് ക്രിക്കറ്റ് പരമ്പര പുനരാംരംഭിക്കുന്ന കാര്യത്തില്‍ മന്ത്രി തല ചര്‍ച്ചയില്‍ തീരുമാനമായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News