ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഇന്നും ചര്‍ച്ച തുടരും. കോണ്‍ഗ്രസും ബിജെപിയുമായി സമദൂരമെന്ന ദേശീയ നയം പുനഃപരിശോധിക്കണമെന്ന പ്രമേയത്തിലെ നിര്‍ദ്ദേശത്തെ ആദ്യദിന ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അനുകൂലിച്ചു.
കോണ്‍ഗ്രസ് – ബി ജെ പി തുടങ്ങിയ ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഖ്യം വേണ്ടതില്ലെന്നാണ് നിലവില്‍ ആര്‍എസ്പി തുടരുന്ന ദേശീയ നയം. എന്നാല്‍ ദില്ലിയില്‍ ചേരുന്ന ഇരുപതാം ദേശീയ സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തില്‍ ഈ നയം പുനപരിശോധിക്കണമെന്ന നിര്‍ദ്ദേശമാണുള്ളത്. ബിജെപിയെ ചെറുക്കാന്‍ ദേശീയ തലത്തിലും പ്രാദേശിക തലത്തിലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാമെന്നാണ് ഈ നിര്‍ദേശം അംഗീകരിച്ചു കൊണ്ട് ആദ്യദിന ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്.
കേരളത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ സംസ്ഥാന ഘടകത്തിന്റെ നിലപാടിന് പിന്തുണ നല്‍കുന്നതാണ് കരട് രാഷ്ട്രീയ പ്രമേയം. കേരളഘടകത്തിന്റെ നിലപാടിനോട് ശക്തമായ വിയോജിപ്പുള്ള കേന്ദ്രകമ്മറ്റി അംഗങ്ങളെ അനുനയിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന്‍ ഇവരുമായി സമ്മേളന ഇടവേളയില്‍ അനൗദ്യേഗിക ചര്‍ച്ച നടത്തി. എന്നാല്‍ കേരള ഘടകത്തിന്റെ നിലപാടിനെതിരെ സ്വകാര്യ പ്രമേയം ഉയര്‍ന്നു വരുമെന്നാണ് സൂചന.കരട് രാഷ്ട്രീയ പ്രമേയം സംഘടനാ പ്രമേയം എന്നിവയില്‍ ചര്‍ച്ച പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും സ്വകാര്യ പ്രമേയങ്ങള്‍ അവതരിപ്പിക്കാനുള്ള സമയം.
Get real time update about this post categories directly on your device, subscribe now.
Discussion about this post