സഞ്ചിയില്‍ നിന്ന് സിഡിയും പെന്‍ഡ്രൈവും ആരോ മോഷ്ടിച്ചെന്ന് ബിജു; കണ്ടെത്തിയത് സിംകാര്‍ഡുകളും ടീം സോളാര്‍ ഫയലുകളും; സരിത മൂന്നു ദിവസം മുന്‍പ് കോയമ്പത്തൂരില്‍; തെളിവുകള്‍ ലഭിക്കാതെ കമ്മീഷന്‍ അംഗങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങി

കോയമ്പത്തൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും എതിരായ ലൈംഗികാരോപണത്തിന്റെ തെളിവു തേടി സെല്‍വപുരത്തെ സ്വര്‍ണപ്പണിക്കാരി സെല്‍വിയുടെ വീട്ടിലെത്തിയ സോളാര്‍ കമ്മീഷന്‍ അഭിഭാഷകന് സെല്‍വിയുടെ ബന്ധുക്കള്‍ രേഖകള്‍ കൈമാറി. ബിജു രാധാകൃഷ്ണന്‍ ഏല്‍പ്പിച്ച രേഖകളടങ്ങിയ ബാഗാണ് സെല്‍വിയുടെ ബന്ധുക്കള്‍ കൈമാറിയത്. എന്നാല്‍ താന്‍ കൈമാറിയ സിഡിയും പെന്‍ഡ്രൈവും അതില്‍ നിന്ന് എടുത്തുമാറ്റിയെന്ന് ബിജു ആരോപിച്ചു. ലാപ്പ്‌ടോപ്പിന് സമാനമായ കവറാണ് വീട്ടുകാര്‍ കൈമാറിയത്. ഇതില്‍ 28 സിം കാര്‍ഡുകളും വിസിറ്റിംഗ് കാര്‍ഡുകളും മാത്രമാണുള്ളത്. സിഡി ആരോ മോഷ്ടിച്ചതാണെന്ന് ബിജു പറഞ്ഞു. തെളിവുകള്‍ കണ്ടെടുക്കാന്‍ സാധിക്കാത്തതിനാല്‍ സോളാര്‍ കമ്മീഷന്‍ അംഗങ്ങള്‍ കൊച്ചിയിലേക്ക് മടങ്ങി.

രേഖകള്‍ കൈമാറിയ ചന്ദ്രന്‍, ബിജു രാധാകൃഷ്ണന്റെ പേഴ്‌സണല്‍ മാനേജറായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇയാളെ തമിഴ്‌നാട് ക്യൂബ്രാഞ്ച് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതേസമയം, സരിതാ എസ് നായര്‍ മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് കോയമ്പത്തൂരില്‍ എത്തിയിരുന്നെന്നും കണ്ടത്തിയിട്ടുണ്ട്. എന്നാല്‍ സെല്‍വിയുടെ വീട്ടില്‍ എത്തിയോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സെല്‍വിയെ അറിയാമെന്ന് സരിത നായര്‍ നേരത്തെ പറഞ്ഞിരുന്നു. ബിജുവിന്റെ അകന്ന ബന്ധുവാണ് സെല്‍വിയെന്നാണ് തന്റെ അറിവെന്ന് സരിത പറഞ്ഞു. ഒരുതവണ കോടതിയില്‍ വച്ച് സെല്‍വിയെ കണ്ടിട്ടുണ്ടെന്നും സരിത വ്യക്തമാക്കി.

സെല്‍വപുരത്തെ വടക്കേ കോളനിയിലെത്തിയപ്പോള്‍ ആദ്യം കൈമലര്‍ത്തുന്ന നിലപാടാണ് ബിജു രാധാകൃഷ്ണന്‍ സ്വീകരിച്ചത്. എല്ലാവരെയും കൂട്ടിപ്പോയാല്‍ സിഡി കിട്ടില്ലെന്ന് താന്‍ പറഞ്ഞിരുന്നതാണെന്ന് ബിജു പൊലീസിനോട് പറഞ്ഞു. ഇനി എങ്ങോട്ടാണ് പോകേണ്ടതെന്ന് തനിക്ക് അറിയില്ലെന്നും ബിജു പൊലീസിനോട് പറഞ്ഞു. ബിജു പറയുന്ന സെല്‍വിയെ തങ്ങള്‍ക്ക് അറിയില്ലെന്നും എന്നാല്‍ ബിജുവിനെ അറിയാമെന്നുമാണ് പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞത്. ഒരു സ്ഥലത്തു നിന്ന് സിഡി കണ്ടെത്താനായില്ലെങ്കില്‍ മറ്റൊരിടത്തു നിന്ന് സിഡി ലഭിക്കുമെന്ന് ബിജു സംഘത്തോട് പറഞ്ഞിരുന്നു. നാലു സ്ഥലങ്ങളില്‍ എവിടെയോ സിഡിയുണ്ടെന്നാണ് ബിജു പറഞ്ഞിട്ടുള്ളത്. ഇതനുസരിച്ച് തെരച്ചില്‍ തുടരും.

അഭിഭാഷകന്‍ ഹരികുമാറിന് പുറമെ നാലു പൊലീസുകാരും അടങ്ങുന്ന സംഘം അല്‍പസമയം മുമ്പാണ് കോയമ്പത്തൂരെത്തിയത്. സിഡി എടുക്കാന്‍ പോകുന്ന സംഘത്തിലെ പൊലീസുകാര്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഫോണ്‍ നിരോധിക്കണം എന്ന ബിജുവിന്റെ ആവശ്യം കമ്മീഷന്‍ തളളിയിരുന്നു. സിഡി സൂക്ഷിക്കുന്ന ആള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നും കമ്മീഷന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.

തെളിവുകള്‍ കയ്യില്‍ ഉണ്ടെന്നു തന്നെ ബിജു രാധാകൃഷ്ണന്‍ യാത്ര പുറപ്പെടാന്‍ നേരം മാധ്യമങ്ങളോട് ആവര്‍ത്തിച്ചു. ആരെയും ദ്രോഹിക്കാനല്ല ആരോപണം ഉന്നയിച്ചത്. 56 കോപ്പികള്‍ അടങ്ങിയ മൂന്ന് സെറ്റ് സിഡിയാണ് കയ്യില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരു സെറ്റ് മുമ്പ് കോയമ്പത്തൂരില്‍ നിന്ന് പിടികൂടിയപ്പോള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. മറ്റൊരു സെറ്റ് ഇന്ത്യക്ക് പുറത്താണുള്ളത്. ബാക്കിയുള്ളതാണ് കോയമ്പത്തൂരെ വിശ്വസ്തനായ ഒരാളെ ഏല്‍പിച്ചിട്ടുള്ളത്. ഒരിടത്തു നിന്ന് തെളിവു നഷ്ടപ്പെട്ടാലും മറ്റൊരിടത്തു നിന്ന് ശേഖരിക്കാന്‍ സാധിക്കുമെന്നും ബിജു വ്യക്തമാക്കി.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കു ബന്ധമുണ്ടെന്നതിന് തെളിവായി സിഡി ഹാജരാക്കാന്‍ ബിജു രാധാകൃഷ്ണന് സമയം നല്‍കാമെന്നും സിഡി പിടിച്ചെടുക്കാന്‍ അധികാരമുണ്ടെന്നും സോളാര്‍ കേസ് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. പത്തു മണിക്കൂര്‍ സമയം നല്‍കാമെങ്കില്‍ കാറില്‍പോയി സിഡി കൊണ്ടുവരാമെന്ന ബിജു രാധാകൃഷ്ണന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. ബിജുവിന് വേണ്ട എല്ലാ സുരക്ഷയും നല്‍കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സരിത എസ് നായരുമായി മുഖ്യമന്ത്രിയടക്കം അഞ്ചു നേതാക്കള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈയിലുണ്ടെന്നാണ് ബിജു കഴിഞ്ഞ സിറ്റിംഗില്‍ പറഞ്ഞിരുന്നത്. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും എല്ലാ തെളിവുകളും കമ്മീഷനില്‍ ഹാജരാക്കുമെന്നും ബിജു രാവിലെ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ബിജുവിനെ ഹാജരാക്കാനെത്തിച്ചപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ പൊലീസ് കൈയേറ്റം ചെയ്തു.

താന്‍ പറഞ്ഞ കാര്യങ്ങള്‍ ഉത്തമബോധ്യമുള്ളതാണെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായുമാണ് ബിജു പറഞ്ഞത്. എല്ലാ തെളിവുകളും പക്കലുണ്ട്. അതു ഹാജരാക്കും. താന്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെ ചില മാധ്യമങ്ങള്‍ തന്നെ അവഹേളിക്കുകയാണ്. തന്നെ ഭ്രാന്തനായി ചിത്രീകരിക്കുകയാണെന്നും ബിജു പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News