വാഹനമിടിപ്പിച്ചു കൊലപാതകം: സല്‍മാന്‍ ഖാനെ വെറുതെ വിട്ടു; കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ലെന്നു ബോംബെ ഹൈക്കോടതി

മുംബൈ: വാഹനമിടിപ്പിച്ചു കൊലപാതകക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വെറുതെ വിട്ടു. ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ ബോംബെ ഹൈക്കോടതിക്കു സാധിച്ചില്ലെന്നു കാട്ടിയാണ് ബോംബെ ഹൈക്കോടതിയുടെ വിധി. കീഴ്‌ക്കോടതി വിധിച്ച അഞ്ചുവര്‍ഷത്തെ ശിക്ഷയില്‍നിന്ന് ഇതോടെ സല്‍മാന്‍ മുക്തനായി. സല്‍മാന്റെ അപ്പീലിലാണ് ഹൈക്കോടതി വിധി. സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കണക്കാനാവില്ലെന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിരവധി വീഴ്ചകളുണ്ടായെന്നും അന്തിമവാദത്തില്‍ കോടതി നിരീക്ഷിച്ചു. വിധി കേള്‍ക്കാന്‍ സല്‍മാന്‍ കോടതിയിലെത്തിയിരുന്നു.

ബാന്ദ്രയില്‍ 2002 സെപ്റ്റംബര്‍ 28നു പുലര്‍ച്ചെ സല്‍മാന്‍ ഖാന്റെ കാര്‍ റോഡരികില്‍ ഉറങ്ങിക്കിടന്ന ഒരാളെ ഇടിച്ചു കൊന്നത്. മൂന്നു പേര്‍ക്കു പരുക്കേറ്റിരുന്നു. മദ്യലഹരിയിലായിരുന്നു സല്‍മാന്‍ എന്നാണ് കേസ്. അപകടത്തിനു ശേഷം കാറിന്റെ ടയര്‍ പൊട്ടിയ നിലയിലായിരുന്നു. ടയര്‍ പൊട്ടിയാണോ അപകടം അതോ അപകടത്തില്‍ ടയര്‍ പൊട്ടുകയായിരുന്നോ എന്നു വ്യക്തമായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. സല്‍മാന്റെ അംഗരക്ഷകനായി നിയോഗിച്ചിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴിയിലും കോടതി അവിശ്വാസം പ്രകടിപ്പിച്ചു.

സല്‍മാന്‍ മദ്യപിച്ചിരുന്നതായി ആദ്യം നല്‍കിയ മൊഴിയില്‍ പാട്ടില്‍ പറഞ്ഞിരുന്നില്ല. പിന്നീട് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാറ്റിപ്പറഞ്ഞ മൊഴി പൂര്‍ണമായി വിശ്വസിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. 2007-ല്‍ രവീന്ദ്ര പാട്ടീല്‍ മരണമടഞ്ഞതിനാല്‍ വിചാരണക്കോടതിയില്‍ വിസ്തരിക്കാനായിരുന്നില്ല. സല്‍മാനൊപ്പം കാറിലുണ്ടായിരുന്ന ഗായകന്‍ കമാല്‍ ഖാനെ പ്രോസിക്യൂഷന്‍ വിസ്തരിക്കേണ്ടിയിരുന്നുവെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. മേയില്‍ ശിക്ഷിക്കപ്പെട്ട സല്‍മാന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. സല്‍മാന് ശിക്ഷ വിധിച്ച ദിവസം തന്നെ കോടതി പ്രത്യേക താല്‍പര്യമെടുത്തു ജാമ്യം നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here