ദില്ലി: ഇന്ത്യയില്‍ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടിക്കാനുള്ള പദ്ധതി ജപ്പാന്. ചൈനയെ പിന്തള്ളിയാണ് ജപ്പാന്‍ ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കാനുള്ള ടെണ്ടര്‍ സ്വന്തമാക്കിയത്. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കാണ് ആദ്യത്തെ സര്‍വീസ്. 98,000 കോടി രൂപയാണ് പദ്ധതി ചെലവ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ അതിവേഗ ട്രെയിന്‍ ദില്ലിയിലേക്ക് നീട്ടാനും ആലോചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം ജപ്പാന്റെ പദ്ധതിരേഖയ്ക്ക് അനുമതി നല്‍കി. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ ഇന്ത്യ സന്ദര്‍ശനത്തില്‍ പദ്ധതിയുടെ പ്രഖ്യാപനം ഉണ്ടാകും. ഷിന്‍കന്‍സെന്‍ സിസ്റ്റം ആണ് ഇന്ത്യയില്‍ അതിവേഗ ട്രെയിന്‍ നിര്‍മ്മിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള കമ്പനിയാണ് ഷിന്‍കെന്‍സെന്‍ സിസ്റ്റം എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അര്‍വിന്ദ് പനഗരിയ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ട്രെയിനിന്റെ ഭാഗങ്ങളില്‍ 70 മുതല്‍ 80 ശതമാനം വരെ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ബുള്ളറ്റ് ട്രെയിനിന്റെ സാങ്കേതിക സഹായം ജപ്പാന്‍ നല്‍കും. തദ്ദേശീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ടെക്‌നോളജി ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും ഒരു നിശ്ചിത കാലയളവില്‍ ജപ്പാന്‍ തന്നെ മുന്‍കയ്യെടുക്കും. 0.1 ശതമാനം പലിശ നിരക്കില്‍ ധനസഹായവും നല്‍കും. ഇന്ത്യ തീരുമാനിച്ചിരുന്നത് 0.3 ശതമാനമായിരുന്നു. 50 വര്‍ഷമാണ് വായ്പയുടെ കാലാവധി. ഇതില്‍ 10 മുതല്‍ 15 വര്‍ഷം വരെ മൊറട്ടോറിയം അനുവദിക്കും. ആകെ പദ്ധതി ചെലവില്‍ 18,000 കോടി രൂപ വരെ ഭൂമി ഏറ്റെടുക്കലിനാണ് ചെലവഴിക്കുക.
നേരത്തെ ചൈനയ്ക്കായിരുന്നു ബുള്ളറ്റ് ട്രെയിന്‍ നിര്‍മ്മിക്കുന്ന പദ്ധതി നല്‍കാന്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍, അടുത്തിടെ ചൈനയിലുണ്ടായ ബുള്ളറ്റ് ട്രെയിന്‍ അപകടത്തില്‍ 40 പേര്‍ കൊല്ലപ്പെടുകയും 200ല്‍ അധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. രൂപകല്‍പനയിലെ പിഴവും നടത്തിപ്പിലെ പോരായ്മയുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് സുരക്ഷയുടെ കാര്യത്തില്‍ അല്‍പം കൂടി കരുതലുള്ള ജാപ്പനീസ് സാങ്കേതികവിദ്യ ഇതിനായി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post