മലയാളികള്‍ പ്രിഥ്വിരാജിനെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ട്?

അഭിനയരംഗത്തെത്തിയതു മുതല്‍ മലയാളികളില്‍ ഏറെപ്പേരുടെയും ഇഷ്ടനടനാണ് പ്രിഥ്വിരാജ്. തൊട്ടതെല്ലാം പൊന്നാക്കുന്ന നടന്‍ എന്നുവരെ പ്രിഥ്വിരാജിനെ ചിലര്‍ വിളിക്കുന്നു. എന്തുകൊണ്ടാണ് മലയാളികള്‍ പ്രിഥ്വിയെ ഇഷ്ടപ്പെടുന്നത്.

അവിശ്വസനീയമായ അഭിനയചാതുരി

2001 ല്‍ നന്ദനത്തിലൂടെയാണ് പ്രിഥ്വിരാജിന്റെ സിനിമാപ്രവേശം. തുടര്‍ന്നിങ്ങോട്ട് പ്രിഥ്വിയുടെ ഓരോ ചുവടും വിജയത്തിന്റേതായിരുന്നു. ക്ലാസ്‌മേറ്റ്‌സ്, പുതിയമുഖം, അന്‍വര്‍, ഇന്ത്യന്‍ റുപ്പീ, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ് എന്നിങ്ങനെ പ്രിഥ്വിയുടെ ബാഗില്‍ നിറയെ ജൈത്രയാത്രകള്‍. 2006-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം വാസ്തവത്തിലെ അഭിനയത്തിലൂടെയും 2012ല്‍ അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനികളിലൂടെയും ലഭിച്ചു. ഒടുവില്‍ പുറത്തിറങ്ങിയ എന്നു നിന്റെ മൊയ്തീനും പ്രിഥ്വിയുടെ ഹിറ്റുകളില്‍ ഒന്നായി മാറി.

പെണ്‍കുട്ടികളുടെ പ്രിയപ്പെട്ട സുന്ദരന്‍

പ്രിഥ്വിരാജിന്റെ ആരാധകരിലേറെയും പെണ്‍കുട്ടികളാണ്. തെന്നിന്ത്യയിലെ ആരാധികമാരെക്കൂടാതെ അയ്യ, ഔറംഗസേബ് എന്നീചിത്രങ്ങളിലെ അഭിനയത്തിലൂടെ ബോളിവുഡില്‍നിന്നും പ്രിഥ്വിക്ക് ആരാധികമാരെക്കിട്ടി. സിനിമയിലെ കാണാന്‍ കൊള്ളാവുന്ന നായകനായി കുറഞ്ഞകാലം കൊണ്ടാണ് പ്രിഥ്വിരാജ് മാറിയത്.

കഴിവുകളുടെ ആവനാഴി

അഭിനയം മാത്രമല്ല, പാട്ടും തനിക്കു വഴങ്ങുമെന്നു പ്രിഥ്വിരാജ് തെളിയിച്ചിട്ടുണ്ട്. പുതിയമുഖത്തിലാണ് പ്രിഥ്വി ആദ്യം പാടിയത്. പിന്നീട് ഉറുമി, അന്‍വര്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രിഥ്വിരാജ് പാടി. ഇന്ത്യന്‍ റുപ്പീ സിനിമയുടെ നിര്‍മാണത്തിലും പ്രിഥ്വിരാജ് പങ്കാളിയായി.

മികച്ച കുടുംബനാഥന്‍

എത്ര തിരക്കുകളിലും കുടുംബത്തടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ പ്രധാനിയാണ് പ്രിഥ്വിരാജ്. കുടുംബം മുഴുവന്‍ സിനിമാക്കാരാണെന്നതും പ്രത്യേകതയാണ്. പിതാവ് സുകുമാരനും മാതാവ് മല്ലിക സുകുമാരനും ഏറെക്കാലം മലയാളികളുടെ പ്രിയതാരങ്ങളായിരുന്നു. ജ്യേഷ്ഠന്‍ ഇന്ദ്രജിത്താകട്ടെ സിനിമയില്‍ പ്രിഥ്വിരാജിനോളം പേരെടുത്തില്ലെങ്കിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരന്‍. ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമയും പ്രിയതാരം തന്നെ. ബിബിസിയുടെ റിപ്പോര്‍ട്ടറായിരുന്നു പ്രിഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോന്‍. ഏകമകള്‍: അലംകൃത മേനോന്‍.

ബോളിവുഡിലും ശ്രദ്ധേയന്‍

2012-ല്‍ പുറത്തിറങ്ങിയ അയ്യയാണ് പ്രിഥ്വിരാജിനെ ബോളിവുഡില്‍ ശ്രദ്ധേയനാക്കിയ ആദ്യ ചിത്രം. സമ്മിശ്ര പ്രതികരണം നേടിയ അയ്യയ്ക്കു ശേഷം ഔറംഗസേബിലെ അഭിനയവും പ്രിഥ്വിരാജിനെ പ്രിയങ്കരനാക്കി. ഗുഡ്ഗാവിലെ ഒരു പൊലീസുകാരന്റെ വേഷമായിരുന്നു പ്രിഥ്വിക്ക് ഈ സിനിമയില്‍. ഐബിഎന്‍ ലൈവ് സിനിമാ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ പ്രിഥ്വിരാജിനെത്തേടിയെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News