ഒസ്മാനിയയിലെ ബീഫ് ഫെസ്റ്റ് നിരോധിച്ചില്ലായിരുന്നെങ്കില്‍ ദാദ്രി ആവര്‍ത്തിക്കുമായിരുന്നെന്ന് സാധ്വി പ്രാചി; വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍; നടപടി കോടതി ഉത്തരവ് ലംഘിച്ചതിനാല്‍

ഹൈദരാബാദ്: ഒസ്മാനിയ സര്‍വകലാശാല ക്യാമ്പസില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്താന്‍ തയ്യാറെടുത്ത 16 വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് ഫെസ്റ്റ് നടത്താന്‍ തയ്യാറെടുത്തതിനെ തുടര്‍ന്ന് ഇന്ന് രാവിലെയായിരുന്നു അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് ക്യാമ്പസിനുള്ളിലുള്ളത്.

ഫെസ്റ്റിനെതിരെ ഗോസേവാ ദിവസ്പശു സംരക്ഷണ ദിവസം ആചരിക്കുമെന്ന് പ്രഖ്യാപിച്ച ബിജെപി എംഎല്‍എയെ പൊലീസ് കരുതല്‍ തടങ്കലില്‍ വയ്ക്കുകയും ചെയ്തു. ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ അതിനെതിരെ പോര്‍ക്ക് ഫെസ്റ്റിവല്‍ നടത്തുമെന്നും സംഘപരിവാര്‍ അനുകൂല സംഘടനകള്‍ അറിയിച്ചിരുന്നു. ഫെസ്റ്റിവലിനെ അനുകൂലിച്ച് വിദ്യാര്‍ത്ഥികള്‍ നടത്താനിരുന്ന രണ്ടു കിലോമീറ്റര്‍ ഓട്ടവും പൊലീസ് തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബീഫ് ബിരിയാണിയും കബാബും ക്യാമ്പസിനുള്ളില്‍ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്നും മൃഗസംരക്ഷണനിയമം ലംഘിക്കുന്നതാണെന്നും പറഞ്ഞായിരുന്നു കോടതി നിര്‍ദ്ദേശം. തിങ്കളാഴ്ചയാണ് ബീഫ് ഫെസ്റ്റിവലിന് ഹൈദരബാദ് സിവില്‍ കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്.

അതേസമയം, ബീഫ് ഫെസ്റ്റ് നിരോധിച്ചില്ലായിരുന്നെങ്കില്‍ ദാദ്രി സംഭവം ആവര്‍ത്തിക്കുമായിരുന്നെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രാചി അഭിപ്രായപ്പെട്ടു. കോടതി തീരുമാനം ദേശവിരുദ്ധ ശക്തികള്‍ക്ക് തിരിച്ചടിയായെന്ന് സാധ്വി പ്രാചി പറഞ്ഞു. ഹിന്ദുക്കള്‍ എവിടെയും കലാപം സൃഷ്ടിക്കുന്നില്ലെന്നും എന്നാല്‍ ചില ആളുകള്‍ മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel