ലൈംഗികബന്ധത്തിലെ താല്‍പര്യമില്ലായ്മയും പരസ്പര വിശ്വാസം നഷ്ടപ്പെടലും; ദാമ്പത്യം തകരാറിലാണോ എന്നു തിരിച്ചറിയാന്‍ ചില എളുപ്പ വഴികള്‍

ദാമ്പത്യബന്ധം പരിപാലിക്കുക എന്നത് ജീവിതത്തില്‍ അത്രയേറെ പ്രാധാന്യമുള്ള ഒന്നാണ്. ദാമ്പത്യം എന്നു പറയുന്നത് എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ബന്ധത്തില്‍ ഉണ്ടാകാവുന്ന ഏതൊരു ഉലച്ചിലും നേരത്തെ കണ്ടു തിരിച്ചറിഞ്ഞില്ലെങ്കില്‍ അതു പിന്നീട് വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങും. മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ചില ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ബന്ധം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കും. അവയില്‍ ചിലതാണ് പരസ്പര വിശ്വാസവും ബഹുമാനവും നഷ്ടപ്പെടല്‍, പരസ്പരം താദാത്മ്യം പ്രാപിക്കാതിരിക്കുക, ഓരോ ചെറിയ വാക്കുതര്‍ക്കങ്ങള്‍ പോലും അടിപിടിയില്‍ കലാശിക്കുക എന്നീ കാര്യങ്ങളാണ് ബന്ധത്തിന്റെ തകര്‍ച്ചയുടെ ലക്ഷണങ്ങളായി പറയപ്പെടുന്നത്. അതുകൊണ്ട് താഴെ പറയുന്ന ചില ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിച്ച് മുന്നോട്ടു പോയാല്‍ ഗുണകരമായിരിക്കും.

ലൈംഗികബന്ധത്തിലെ വ്യക്തമായ താല്‍പര്യക്കുറവ്

ലൈംഗികബന്ധം എന്നുപറയുന്നത് ദാമ്പത്യത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഏടാണ്. അതുകൊണ്ടു തന്നെ ലൈംഗികബന്ധത്തില്‍ ഉണ്ടാകുന്ന നേരിയ താല്‍പര്യക്കുറവു പോലും ദാമ്പത്യബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്ന് പ്രമുഖ ലൈംഗികരോഗ വിദഗ്ധര്‍ പറയുന്നു. പങ്കാളി മറ്റേയാളില്‍ നിന്ന് അകന്നു നില്‍ക്കുകയോ അവനോ അല്ലെങ്കില്‍ അവളോ ഒന്നു തൊടാന്‍ പോലും സമ്മതിക്കുന്നും ഇല്ലെങ്കില്‍ ബന്ധം അകന്നു തുടങ്ങിയതിന്റെ സൂചനയായി കണക്കാക്കാം എന്ന് ലൈംഗികരോഗ വിദഗ്ധര്‍ പറയുന്നു. ചിലപ്പോള്‍ ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെങ്കിലും പരസ്പരം സുഖം ലഭിക്കുന്നില്ലെങ്കില്‍ അതും മാനസിക ഐക്യമില്ലായ്മയായി കണക്കാക്കണം. പ്രണയവും സ്പര്‍ശനവും തന്നെയാണ് ആരോഗ്യകരമായ ബന്ധത്തിന്റെ ഉത്തമ ലക്ഷണം.

പരസ്പര വിശ്വാസം ഇല്ലാതിരിക്കല്‍

പരസ്പര വിശ്വാസം ഇല്ലെങ്കില്‍ ഒരു ബന്ധവും മുന്നോട്ടു പോകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. സാമ്പത്തികമായോ വൈകാരികമായോ ലൈംഗികമായോ ഉള്ള വഞ്ചന പരിഹരിക്കപ്പെടാനാകാത്തതാണ്. പങ്കാളിയോട് വിശ്വാസം ഇല്ലെങ്കില്‍ അത് തകര്‍ച്ചയുടെ പാതയിലാണെന്നു തന്നെ പറയാം.

ആരോപണവും വിമര്‍ശനവും ശക്തമാകുമ്പോള്‍

പരസ്പരം വാക്കുതര്‍ക്കങ്ങള്‍ വല്ലാതെ അതിരുകടക്കുമ്പോള്‍ ഒന്നിച്ചിരുന്ന് സമാധാനത്തോടെ ഒന്നു ചര്‍ച്ച ചെയ്യേണ്ട സമയമായെന്നാണ് അര്‍ത്ഥം. തുറന്ന വിമര്‍ശനങ്ങളും ആരോപണങ്ങളും ഉണ്ടെങ്കില്‍ തീര്‍ച്ചയായും പരസ്പരം തുറന്നു സംസാരിക്കുന്നത് ഏറെ ഗുണം ചെയ്യും. ഉദാഹരണത്തിന് ഒരു ടേബിള്‍ വൃത്തിയാക്കണമെങ്കില്‍ പോലും അതൊന്നു വൃത്തിയാക്കാമോ എന്നു ചോദിക്കുന്നതിനു പകരം നീയെന്താ പൊട്ടിയാണോ, നിനക്ക് ഞാന്‍ പറഞ്ഞതു മനസ്സിലായില്ലേ എന്നൊന്നും പറയാതിരിക്കുക. ലളിതമായി കാര്യങ്ങള്‍ പറയുന്നതാണ് എപ്പോഴും ഉചിതം.

ആര്‍ദ്രതയും അനുകമ്പയും ഇല്ലാതാകുന്നു

പരസ്പരം കാര്യങ്ങള്‍ ഒന്നും തുറന്നു സംസാരിക്കുന്നില്ലെങ്കില്‍ പങ്കാളികള്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നു തന്നെ അനുമാനിക്കാം. പങ്കാളികള്‍ തമ്മില്‍ ശീതയുദ്ധം നടക്കുകയോ മനഃപൂര്‍വം വികാരങ്ങള്‍ പങ്കാളിയില്‍ നിന്ന് മറച്ചു പിടിക്കുകയോ ചെയ്യുന്നതും ഇതിന്റെ തെളിവാണ്. കോളുകള്‍ എടുക്കുകയോ തിരിച്ചു വിളിക്കാതിരിക്കുകയോ ചെയ്യുക, മെസേജുകള്‍ക്ക് മറുപടി നല്‍കാതിരിക്കുക എന്നീ കാര്യങ്ങളെല്ലാം ഇതിന്റെ തെളിവായി കാണാം.

അലക്ഷ്യ മനോഭാവം ഏറ്റവും പ്രഘധാനപ്പെട്ട ലക്ഷണം

പങ്കാളി നിങ്ങളുടെ ജീവിതത്തില്‍ അപ്രധാനമെന്നു തോന്നുകയും നിത്യജീവിതത്തില്‍ നിസാരമെന്നു തോന്നുകയും ചെയ്യുന്നത് ബന്ധത്തിന്റെ തകര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. പങ്കാളിയില്‍ നിന്ന് പ്രൊവോക്കേറ്റീവായ പെരുമാറ്റം ഉണ്ടാകുമ്പോഴും ദേഷ്യം തോന്നാതിരിക്കുകയും ഇതൊന്നും തന്നെ ബാധിക്കില്ല എന്ന മട്ടില്‍ ഇരിക്കുന്നതും ബന്ധത്തില്‍ താല്‍പര്യമില്ലെന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നു കരുതി വെറുതെ പോരടിക്കുന്നതും ഗുണകരമല്ല. പോരടിക്കുന്നതും ബഹളം വയ്ക്കുന്നതും നിഷേധഫലം ഉണ്ടാക്കുന്നു.

സ്‌നേഹത്തെടെയിരിക്കാന്‍ എന്തു ചെയ്യും?

-വിഷമിപ്പിക്കുകയും നിഷേധഫലം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തില്‍ എന്തെങ്കിലും സംസാരിച്ചാല്‍ ഓരോ വാക്കിനും പകരമായി നല്ല നാലു വാക്കു പറയുക. ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നതു അവസാനിപ്പിക്കുകയും സുഗമമായി ബന്ധം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യും.

-ആശയവിനിമയം പ്രധാനമാണ്. ഓരോ വഴക്കിന്റെയും മൂലകാരണം കണ്ടെത്തി അതേക്കുറിച്ച് സംസാരിച്ച് പ്രശ്‌നം പരിഹരിച്ചാല്‍ സ്‌നേഹത്തോടെ മുന്നോട്ടു പോകാം. അതല്ലെങ്കില്‍ ഒരു സുഹൃത്തിന്റെയോ മറ്റോ സഹായം മധ്യവര്‍ത്തിയായി ആവശ്യപ്പെടുകയും ചെയ്യാം.

-നഷ്ടമായ പരസ്പര വിശ്വാസം വീണ്ടെടുക്കുക എന്നുള്ളതു പ്രയാസകരമായ കാര്യമാണ്. അതിന് പരസ്പരം വിട്ടുവീഴ്ച ചെയ്യുകയും ചില സ്വകാര്യതകള്‍ എങ്കിലും പരസ്പരം പറയാന്‍ തയ്യാറാവുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പമാകും. പങ്കാളികള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തുടങ്ങിയാല്‍ പ്രശ്‌നങ്ങള്‍ പകുതി കുറയും.

-ലൈംഗികബന്ധത്തില്‍ പരസ്പരം ആശയവിനിമയം നടത്തുകയും താല്‍പര്യത്തോടെ അത് ആസ്വദിക്കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു. പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ താന്‍ മനഃപൂര്‍വം ഒഴിഞ്ഞു പോകുന്നു എന്നു പങ്കാളിക്കു തോന്നാതിരിക്കാന്‍ ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News