തിരുവനന്തപുരം: ഡിജിപി ജേക്കബ്ബ് തോമസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് വീക്ഷണം മുഖപ്രസംഗം. കന്നിമാസം പിറക്കുമ്പോള്‍ പട്ടികള്‍ക്ക് കാമത്വര എന്ന പോലെയാണ് ചില ഉദ്യോഗസ്ഥ മേധാവികള്‍ക്ക് തെരഞ്ഞെടുപ്പു കാലത്ത് സര്‍ക്കാര്‍ വിരുദ്ധജ്വരം പടര്‍ന്നു പിടിക്കുന്നതെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. ജേക്കബ്ബ് തോമസിന് സര്‍ക്കാര്‍ വിരുദ്ധ പനി തുടങ്ങിയിട്ട് കുറച്ചു നാളുകളായി. ആശിച്ച പദവി കിട്ടാതെ പോയതിലുള്ള നിരാശയാണ് ജേക്കബ്ബ് തോമസില്‍ അണ്ണാ ഹസാരെ പരകായ പ്രവേശനം നടത്തിയത്. വിരമിക്കാന്‍ പ്രായമായപ്പോഴാണ് ജേക്കബ്ബ് തോമസ് അഴിമതിക്കെതിരെ ഹരിശ്രീ കുറിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. അച്ചടക്കലംഘനം നടത്തി രക്തസാക്ഷി പരിവേഷത്തോടെ പടിയിറങ്ങാനാണ് ജേക്കബ്ബ് തോമസ് ലക്ഷ്യമിടുന്നത്.
പൊലീസ് വകുപ്പില്‍ ഡിജിപി പദവിയാണ് വഹിക്കുന്നതെങ്കിലും ജേക്കബ്ബ് തോമസ് പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷ നേതാവിനെ പോലെയാണ്. സര്‍വീസ് ചട്ടം നോക്കാതെയാണ് പ്രസംഗിക്കുന്നതും പ്രസ്താവനയിറക്കുന്നതും. താനൊഴികെ മറ്റുള്ളവരെല്ലാം രോഗബാധിതരാണെന്നു കരുതുന്ന മനോരോഗമാണ് ഇദ്ദേഹത്തിന്. ഉദ്യോഗസ്ഥന്റെ യൂണിഫോം അണിഞ്ഞ് സര്‍ക്കാരിന്റെ നെഞ്ചത്തേക്ക് തോക്കു ചൂണ്ടുന്ന ഈ രോഗത്തിന് ചീഫ്‌സെക്രട്ടറിയല്ല ചികിത്സ നല്‍കേണ്ടത്. മറിച്ച് ഊളന്‍പാറയിലോ കുതിരവട്ടത്തോ കൊണ്ടുപോയി ഷോക്കടിപ്പിക്കുകയാണ് വേണ്ടതെന്നും മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നുണ്ട്.
ജേക്കബ്ബ് തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ അച്ചടക്കലംഘനത്തിന്റെ പാരമ്യത്തിെത്തിയിരിക്കുന്നു. ധിക്കാരിയായ ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ എന്തിനാണ് വച്ചുപൊറുപ്പിക്കുന്നത്. അച്ചടക്കലംഘനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അല്ല, മുക്കാലിയില്‍ കെട്ടി ചാട്ടവാറടി നല്‍കുകയാണ് വേണ്ടത്. അമ്മയെ തല്ലിയും ന്യൂസ് മേക്കറാവാന്‍ മോഹിക്കുന്ന പ്രശസ്തി മോഹികള്‍ പൊലീസ് വകുപ്പിനു തന്നെ അപമാനമാണ്. പെരുമാറ്റചട്ടങ്ങളുടെ പരിധിയില്‍ നില്‍ക്കുന്നില്ലെങ്കില്‍ ജേക്കബ്ബ് തോമസിനെ പുകച്ചു പുറത്തുചാടിക്കുകയാണ് വേണ്ടതെന്നു കൂടി പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here