ആര്‍എസ്പി സമ്മേളനത്തിന് ഇന്ന് സമാപനം; കേരള ഘടകത്തിന് രൂക്ഷവിമര്‍ശനം; പ്രശ്‌നപരിഹാരത്തിന് പ്രത്യേക പ്ലീനം വിളിക്കാമെന്ന് കേന്ദ്രനേതൃത്വം

ദില്ലി: ആര്‍എസ്പി ദേശീയ സമ്മേളനത്തിന് കേരള ഘടകത്തിന് രൂക്ഷവിമര്‍ശനം. പശ്ചിമബംഗാള്‍, ത്രിപുര, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ദേശീയനയത്തിനു വിപരീതമായി കേരളഘടകം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയതിനെതിരെ ആഞ്ഞടിച്ചത്. അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ പ്രത്യേക പ്ലീനം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാമെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ദേശീയ സമ്മേളനം ഇന്നു സമാപിക്കും.

സ്ഥാനമാനങ്ങള്‍ക്കു വേണ്ടി പാര്‍ട്ടി തത്വങ്ങള്‍ കേരള ഘടകം ലംഘിച്ചുവെന്നാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെട്ടത്. നിലനില്‍പിനു വേണ്ടിയാണ് ഇടതുമുന്നണി വിട്ട് യുഡിഎഫിനൊപ്പം ചേരേണ്ടി വന്നതെന്ന കേരള ഘടകത്തിന്റെ വിശദീകരണം അംഗീകരിക്കാനാകില്ല. നിലനില്‍പെന്നാല്‍ അധികാരസ്ഥാനങ്ങളിലുള്ള പാര്‍ട്ടിയുടെ പ്രാതിനിധ്യം മാത്രമാണെന്ന് കരുതുന്നത് വിഢിത്തമാണ്. 19-ാം സംസ്ഥാന സമ്മേളനം അംഗീകരിച്ച നയത്തിനു വിപരീതമായാണ് കേരള ഘടകം പ്രവര്‍ത്തിച്ചത്. ഇടതു ഐക്യം ശക്തിപ്പെടുത്തുക എന്ന നയത്തിന് തുരങ്കം വയ്ക്കുന്നതാണ് കേരള ഘടകത്തിന്റെ നടപടിയെന്നും പശ്ചിമബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ കുറ്റപ്പെടുത്തി.

വിഷയം കൈകാര്യം ചെയ്യുന്നതില്‍ ദേശീയ നേതൃത്വം പരാജയപ്പെട്ടുവെന്നും ചില പ്രതിനിധികള്‍ ആരോപിച്ചു. നയം സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ പാര്‍ട്ടി പ്ലീനം ചേര്‍ന്ന് വിഷയം വിശദമായി ചര്‍ച്ച ചെയ്യാമെന്ന നിലപാടിലാണ് ഇപ്പേള്‍ കേന്ദ്ര നേതൃത്വം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News