ഐഎസ്എല്‍ ആദ്യസെമിയില്‍ ബ്രസീലിയന്‍ പോര്; ഗോവ-ഡല്‍ഹി മത്സരത്തോടെ സെമിപോരാട്ടങ്ങള്‍ക്ക് തുടക്കം

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആവേശപ്പോരിലേക്ക് കടക്കുന്നു. ആദ്യസെമി പോരാട്ടത്തില്‍ മുന്‍ ബ്രസീലിയന്‍ ഇതിഹാസങ്ങളായ സീക്കോയും റോബര്‍ട്ടോ കാര്‍ലോസും മുഖാമുഖം വരും. രണ്ടു വ്യത്യസ്ത ഫുട്‌ബോള്‍ കളിക്കുന്ന പരിശീലകരാണ് കാര്‍ലോസും സീക്കോയും. കാര്‍ലോസ് പന്ത് കാലിലൊതുക്കി പ്രതിരോധത്തിലൂന്നി കളിക്കുമ്പോള്‍ സീക്കോയുടേത് ആക്രമണ ഫുട്‌ബോളാണ്. ഇരുടീമുകള്‍ക്കും ഓരോ ഹോം മത്സരങ്ങളും ഓരോ എവേ മത്സരങ്ങളും ഉണ്ട്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മത്സരം.

ഗോള്‍ശരാശരിയില്‍ അല്‍പം പിന്നിലാണ് ഡല്‍ഹി ടീം. ആക്രമണ നിരയാണ് അവര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. അവസാന മൂന്ന് ലീഗ് മത്സരങ്ങളില്‍ അത് ശരിക്ക് കണ്ടതുമാണ്. അവസാന മൂന്ന് മത്സരങ്ങളില്‍ എട്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട് കാര്‍ലോസിന്റെ കുട്ടികള്‍. ലക്ഷ്യത്തിലേക്ക് ഏറ്റവും കൂടുതല്‍ തവണ ഷോട്ടുതിര്‍ത്തതും ഡല്‍ഹി തന്നെ. 107 തവണയാണ് ഡല്‍ഹി ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത്. ഗോവയാകട്ടെ ലക്ഷ്യത്തിലേക്ക് നിറയൊഴിച്ചത് 105 തവണയും. എന്നാല്‍, ഹോം ഗ്രൗണ്ടില്‍ ഡല്‍ഹിയുടെ പ്രകടനം അത്ര ഭേദമല്ല. ഏഴില്‍ രണ്ട് ഹോം മത്സരങ്ങള്‍ മാത്രമാണ് അവര്‍ വിജയിച്ചത്. ഫ് ളോറന്റ് മലൂദ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.

സീക്കോയുടെ ഗോവ ലീഗിലെ ചാമ്പ്യന്‍മാരായാണ് സെമിയിലെത്തിയത്. എവേ മത്സരങ്ങളില്‍ തന്നെയാണ് ഗോവയും കരുത്ത് തെളിയിച്ചിട്ടുള്ളത്. ലിയോ മോറ സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് തിരിച്ചെത്തുന്നത് ഗോവന്‍ നിരയെ കരുത്തരാക്കും. ഗോളടിക്കുക എന്നതിലുപരി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും എതിര്‍ പ്രതിരോധത്തെ ഛിന്നഭിന്നമാക്കുന്നതിലുമാണ് മോറയുടെ കഴിവ്. ഒപ്പം ജോഫ്രി മത്തേയുവും കൂടി ചേരുമ്പോള്‍ ഗോവയുടെ കരുത്ത് ഇരട്ടിക്കും. ഡുഡു ഒമഗ്ബമി, റെയ്‌നാള്‍ഡോ, ഹോകിപ് എന്നിവരും ആക്രമണനിരയുടെ കരുത്ത് വര്‍ധിപ്പിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News