ബാര്‍ കോഴ; ബാബുവിനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കം നടന്നെന്ന് വിഎസ് അച്യുതാനന്ദന്‍; പൊലീസ് വകുപ്പു തന്നെ രണ്ടുതട്ടിലാണെന്നും വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ വഴിവിട്ട നീക്കം നടന്നു എന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ത്വരിതാന്വേഷണം വേണ്ട എന്ന രമേശ് ചെന്നിത്തലയുടെ വാക്കുകളില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. ത്വരിതാന്വേഷണം നടത്തിയാല്‍ നടന്ന കാര്യങ്ങള്‍ വ്യക്തമാകും. അതുകൊണ്ട് ബാബുവിനെതിരെ ക്വിക് വെരിഫിക്കേഷന്‍ നടത്താന്‍ തയ്യാറാകണമെന്ന് രമേശ് ചെന്നിത്തലയെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കുകയാണ്. മന്ത്രിമാര്‍ ഓരോരുത്തരും പരസ്പരം രക്ഷിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു.

ഡിജിപി സെന്‍കുമാറിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തു വിഎസ് അച്യുതാനന്ദന്‍. ബാര്‍ കോഴക്കേസില്‍ പൊലീസ് വകുപ്പും സര്‍ക്കാരും രണ്ടുതട്ടില്‍ നില്‍ക്കുകയാണ്. കേസില്‍ അഴിമതിയുണ്ടെന്ന് ജേക്കബ്ബ് തോമസ് പറയുമ്പോള്‍ സെന്‍കുമാര്‍ ഞഞ്ഞാ പിഞ്ഞാ പറയുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പോലും രണ്ടു തട്ടിലാണ്. ഇതിനെല്ലാം പുറമേയാണ് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം. ഇതിനുമുമ്പ് പല മുഖ്യമന്ത്രിമാര്‍ കേരളം ഭരിച്ചിട്ടുണ്ട്. എന്നാല്‍, ഒരു മുഖ്യമന്ത്രിക്കെതിരെ പോലും ഇത്തരം ഒരു ആരോപണം ഉണ്ടായിട്ടില്ല.

ലജ്ജ എന്ന രണ്ടക്ഷരം തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ലജ്ജയുണ്ടെങ്കില്‍ രാജിവച്ച് പുറത്തു പോകുകയാണ് ചെയ്യേണ്ടത്. പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിക്കെതിരെയാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് കേരളത്തിന്റെ മുഖ്യമന്ത്രിക്കെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നും എല്‍ഡിഎഫിന്റെ സമരത്തോടൊപ്പം ബഹുജനങ്ങള്‍ അണിനിരക്കണമെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെയും ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News