പുക പിടിച്ച ശ്വാസകോശത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത് കെജ്‌രിവാള്‍; ദില്ലിയിലെ മലിനീകരണം മരണം വിളിച്ചുവരുത്തുന്നെന്നു കാട്ടാന്‍ മുഖ്യമന്ത്രിയുടെ ട്വിറ്റര്‍ പ്രചാരണം

ദില്ലി: ദില്ലിയിലെ അന്തരീക്ഷ മലിനീകരണം മരണകാരണമാകുന്നെന്നു സമര്‍ഥിക്കാന്‍ പുക പിടിച്ച ശ്വാസകോശത്തിന്റെ ചിത്രം ട്വീറ്റ് ചെയ്തു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഹിമാചല്‍ പ്രദേശില്‍ ജീവിക്കുന്ന ഒരാളുടെയും ദില്ലിയില്‍ ജീവിക്കുന്ന ഒരാളുടെയും ശ്വാസകോശത്തിന്റെ ചിത്രങ്ങള്‍ താരതമ്യത്തിനായെന്ന നിലയിലാണ് കെജ്‌രിവാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

പ്രശസ്ത കാര്‍ഡിയോ വാസ്‌കുലര്‍ സര്‍ജന്‍ ഡോ നരേഷ് ത്രെഹാനാണ് കെജ്‌രിവാളിന് ചിത്രങ്ങള്‍ അയച്ചുനല്‍കിയത്. ദില്ലിയില്‍ ജീവിക്കുന്നയാളിന്റെ ശ്വാസകോശം പുകപിടിച്ചു കറുത്ത നിറത്തിലായും ഹിമാചലില്‍ ജീവിക്കുന്നയാളിന്റേത് സാധാരണ നിറത്തിലായും കാണപ്പെടുന്ന ചിത്രങ്ങളാണിത്. അന്തരീക്ഷ മലിനീകരണം മൂലമാണ് ദില്ലി നിവാസിയുടെ ശ്വാസകോശം കരിയടിഞ്ഞ നിലയിലായതെന്നു ഡോ. നരേഷ് ത്രെഹാനെ ഉദ്ദരിച്ചു കെജ്‌രിവാള്‍ വിശദീകരിക്കുന്നുണ്ട്.

അപകടകരമായ നിലയിലാണ് ദില്ലിയിലെ വായു മലിനീകരണം വര്‍ധിക്കുന്നത്. കഴിഞ്ഞദിവസം ദില്ലി നഗരം ഒരു ഗ്യാസ് ചേംബറിന് സമാനമാണെന്ന നിലയില്‍ ഹൈക്കോടതി വരെ പരാമര്‍ശം നടത്തിയിരുന്നു. ഒരു ദിവസം ദില്ലി നഗരത്തിലെ വായു ശ്വസിക്കുന്നയാളുടെ ഉള്ളില്‍ നാല്‍പതു സിഗരറ്റിലൂടെ എത്തുന്ന പുകയുണ്ടാകുമെന്നും കണക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here