ചെസില്‍ പ്രതിയോഗിയെ അദ്ഭുതപ്പെടുത്താനാവും; മനുഷ്യന് പ്രകൃതിയെ അഭ്ദുതപ്പെടുത്താനാവില്ലെന്നു ചെന്നൈ പ്രളയം തെളിയിച്ചതായി വിശ്വനാഥന്‍ ആനന്ദ്

ചെന്നൈ: ചതുരംഗക്കളത്തില്‍ എതിരാളിയെ അദ്ഭുതപ്പെടുത്താന്‍ കഴിയും എന്നാല്‍ പ്രകൃതിയെ അദ്ഭുതപ്പെടുത്താന്‍ മനുഷ്യനു കഴിയില്ലെന്നു തെളിയിക്കുന്നതായിരുന്നു ചെന്നൈ തകര്‍ത്തുമുക്കിയ പ്രളയമെന്ന് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ്. ടൈംസ് ഓഫ് ഇന്ത്യക്കു നല്‍കിയ അഭിമുഖത്തിലാണ് ചെന്നൈ പ്രളയം മനുഷ്യസൃഷ്ടിയാണെന്ന് ആനന്ദ് അഭിപ്രായപ്പെട്ടത്.

താന്‍ ഒരിക്കലും ചെന്നൈയില്‍ പ്രളയമുണ്ടാകുമെന്ന് കരുതിയതല്ല. വളരെ ദൗര്‍ഭാഗ്യകരമായ കാലാവസ്ഥാ സംവിധാനത്തിലാണു നമ്മള്‍ ഉള്ളത്. തുടര്‍ച്ചയായ മഴയും ചെമ്പരംപാക്കം ജലസംഭരണി തുറന്നുവിട്ടതും നഗരത്തെ വെള്ളത്തിനടിയിലാക്കി. നമ്മുടെ നഗരവികസനം സാധ്യതകളെയും മറികടന്നുള്ളതാണ്. കെട്ടിടങ്ങള്‍ പലതും അനുമതിയില്ലാതെ കെട്ടിപ്പൊക്കുന്നു. മാലിന്യ നിര്‍മാര്‍ജനത്തിനു മാര്‍ഗമില്ലാതാകുന്നു.

ചെസില്‍ നിങ്ങള്‍ക്കു പ്രതിയോഗിയെ നിഷ്പ്രയാസം അദ്ഭുതപ്പെടുത്താനാകും. എന്നാല്‍ പ്രകൃതിയെ അദ്ഭുതപ്പെടുത്താനാകുമെന്നു കരുതേണ്ട. അതാണു ചെന്നൈയില്‍ സംഭവിച്ചത്. എല്ലാ തലത്തിലും മികച്ച ആസൂത്രണം, മികച്ച നിലയിലെ മാലിന്യ നിര്‍മാര്‍ജനം, കെട്ടിടങ്ങളുടെ ശാസ്ത്രീയമായ നിര്‍മാണം എന്നിവയാണ് നഗരനിര്‍മിതിക്ക് ആവശ്യമായ കാര്യങ്ങള്‍. – ആനന്ദ് ചൂണ്ടിക്കാട്ടി

സ്വന്തം വീട്ടിലേക്കു തെരുവില്‍നിന്നുള്ള കുട്ടികളെ ക്ഷണിച്ചതിനെക്കുറിച്ചുള്ള ടൈംസ് ലേഖകന്റെ ചോദ്യത്തിന് ഇങ്ങനെയായിരുന്നു മറുപടി. അവരാരും തെരുവിന്റെ കുട്ടികളല്ല. നിരത്തിലും അപായകരമായ ചുറ്റുപാടിലും കഴിയുന്നവരാണ്. അവര്‍ സ്‌കൂളില്‍ പോകുന്നുണ്ട്. നല്ല നിലയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരാണ്. ഈ പ്രളയത്തിന് ശേഷം ഞങ്ങളുടെ വീട്ടിലെ സഹായിയുടെ വീട് ജീവിക്കാന്‍ കഴിയാത്ത നിലയിലായി. അവരും ഭാഗികമായി ഞങ്ങളുടെ വീടാണ് ഉപയോഗിക്കുന്നത്. ഡിസംബര്‍ ഒന്നിനു വീണ്ടും പ്രളയമെത്തിയപ്പോള്‍ വൈദ്യുതി പോലും ഇല്ലാതായി. ഞങ്ങളുടെയൊക്കെ വീടുകളില്‍ വെള്ളം കയറി. ഈ അവസ്ഥയില്‍ പെട്ടവരൊക്കെ സുരക്ഷിത സ്ഥാനങ്ങള്‍ തേടി. ഇതോട, അയല്‍വാസികളായ ചില കുട്ടികള്‍ കൂടി ഞങ്ങളുടെ അടുത്തെത്തി. എത്രപേര്‍ ആശ്വാസം തേടിയെത്തിയെന്നറിയുകപോലുമില്ല.

ഞങ്ങളുടെ വീട്ടിലെത്തിയ കുട്ടികള്‍ ഒന്നിച്ചു ദോശ കഴിച്ചു. സ്ത്രീകള്‍ ചോറും രസവും ഉണ്ടാക്കിക്കഴിച്ചു. വീട്ടിലെത്തിയ കുട്ടികള്‍ മകന്‍ അഖിലിന് കൂട്ടുകാരായി. പരസ്പരം സഹായിക്കുന്നവരുടെ ഒരു കൂട്ടമായി മാറുകയായിരുന്നു ഇവരെല്ലാം. ഭരണകൂടത്തിന്റെ പ്രവര്‍ത്തനം അത്ര കാര്യക്ഷമതയോടെയാണെന്നു പറയാനാകില്ല. എന്നാല്‍, വൈദ്യുതി ഉദ്യോഗസ്ഥരെ പ്രശംസിക്കാനും ആനന്ദ് മറന്നില്ല. മുട്ടോളം വെള്ളത്തില്‍ നിന്നുകൊണ്ടാണ് നഗരത്തില്‍ വെളിച്ചം തിരിച്ചുകൊണ്ടുവരാന്‍ വൈദ്യുതി ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്നും അവരെ പ്രശംസിക്കേണ്ടതുണ്ടെന്നും ആനന്ദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News