ജയരാജിന്റെ ഒറ്റാലിന് സുവര്‍ണ ചകോരം ഉള്‍പ്പെടെ നാലു പുരസ്‌കാരങ്ങള്‍; സനല്‍കുമാര്‍ ശശിധരന്‍ മികച്ച നവാഗത സംവിധായകന്‍; തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയ്ക്കു പ്രൗഢഗംഭീര സമാപനം

തിരുവനന്തപുരം: അനന്തപുരിയുടെ ദിനരാത്രങ്ങള്‍ക്കു സിനിമയുടെ ആവേശവും ആശയവും പകര്‍ന്ന ദിനരാത്രങ്ങള്‍ക്കു സമാപനം. പ്രൗഢഗംഭീരമായ ചടങ്ങില്‍ ഇരുപതാമത് രാജ്യാന്തര ചലച്ചിത്രമേള സമാപിച്ചു. മികച്ച സംവിധായകനുള്ള സുവര്‍ണ ചകോരം ഉള്‍പ്പെടെ മൂന്നു പുരസ്‌കാരങ്ങള്‍ ജയരാജിന്റെ ഒറ്റാലിന് ലഭിച്ചു. ഷാഡോ ബിഹൈന്‍ഡ് ദ മൂണിനാണ് രജത ചകോരം. സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ഇറാനിയന്‍ സംവിധായകന്‍ ദാരുഷ് മെഹ്‌റോജിക്കു സമ്മാനിച്ചു. ആദ്യമായാണ് മലയാള സിനിമ സുവര്‍ണചകോരം സ്വന്തമാക്കുന്നത്.

പ്രേക്ഷകര്‍ തിരഞ്ഞെടുത്ത ചിത്രം, മികച്ച ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം, മികച്ച മലയാള ചിത്രം എന്നീ പുരസ്‌കാരങ്ങളാണ് ഒറ്റാല്‍ നേടിയത്. നവാഗത സംവിധായകനുള്ള പുരസ്‌കാരം ഒഴിവുദിവസത്തെ കളിയുടെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ലഭിച്ചു. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പായ്ക്ക് പുരസ്‌കാരം യോന നേടി.

ഗവര്‍ണര്‍ പി സദാശിവം പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിദേശ ചിത്രങ്ങള്‍ കേരളത്തിലെത്തിച്ചു പ്രദര്‍ശിപ്പിക്കുന്നതു പോലെ മലയാള ചിത്രങ്ങള്‍ക്കുവിദേശത്തും പ്രദര്‍ശനത്തിന് അവസരമുണ്ടാക്കുകയാണു വേണ്ടതെന്നു വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here