പത്തനംതിട്ട: അടൂരില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നടന്നത് ക്രൂരമായ പീഡനമാണെന്ന് പൊലീസുകാരന്റെ വെളിപ്പെടുത്തല്‍. വിദ്യാര്‍ത്ഥിനികളുടെ കൈയും കാലും ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടി തറയില്‍ വലിച്ചിഴച്ച് മുറിക്കകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആദ്യം ദിവസം നാലു പേരും അടുത്ത ദിവസം അഞ്ചു പേരുമാണ് വിദ്യാര്‍ത്ഥിനികളെ ക്രൂരപീഡനത്തിനിരയാക്കിയത്. അതിന് ശേഷം ഇരുവര്‍ക്കും 3000 രൂപ വീതം നല്‍കി. തുടര്‍ന്ന് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥിനികളെയും കൊണ്ടു വരണമെന്ന് സംഘം ആവശ്യപ്പെട്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പീഡനവിവരം ആദ്യം പുറത്തുകൊണ്ടു വന്ന ഉദ്യോഗസ്ഥാനാണ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ബീച്ച് കാണിച്ചുതരാമെന്നു പറഞ്ഞ് കുടുംബസുഹൃത്താണ് കുട്ടികളെ കൂട്ടിക്കൊണ്ടുപോയത്.
9, 10 ക്ലാസുകളിലെ കുട്ടികളെയാണ് കുടുംബസുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് കെട്ടിയിട്ട് ബലാല്‍സംഗം ചെയ്തത്. ഈമാസം 4, 5 തിയ്യതികളിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി, വള്ളിക്കാവ് സ്വദേശികളായ 9 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രതികള്‍ക്ക് കരുനാഗപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.
കുടുംബസുഹൃത്ത് കുട്ടികളെ കടല്‍ കാണിക്കാനെന്ന വ്യാജേന കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് കടമ്പനാട്ടെത്തിയപ്പോള്‍ ഒരു സുഹൃത്തിന്റെ വീടാണെന്നു പറഞ്ഞ് കുട്ടിയെയും കൊണ്ട് ഒരു വീട്ടിലേക്ക് കയറുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഇയാളും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്ത കുട്ടിയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടിയിട്ട ശേഷം പീഡനത്തിനിരയാക്കി. പിറ്റേദിവസം വീണ്ടും കുട്ടികളെ വിളിച്ചു കൊണ്ടുപോയി. കൂടെയുണ്ടായിരുന്ന കുട്ടിയെ തൊട്ടടുത്ത ഹോട്ടലിലേക്ക് കൊണ്ടുപോകാന്‍ ശ്രമമുണ്ടായെങ്കിലും എതിര്‍ത്തതിനാല്‍ നടന്നില്ല. പിറ്റേദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും കൊണ്ടുപോയി മറ്റു 5 സുഹൃത്തുക്കള്‍ക്ക് കാഴ്ചവയ്ക്കുകയായിരുന്നു. കുട്ടികള്‍ പരസ്പരം സംസാരിച്ചപ്പോള്‍ അടുത്തിരുന്ന കുട്ടി സംഭവം കേട്ട് സ്‌കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here