റിയാദ്: സൗദി അറേബ്യയിലെ സ്ത്രീകള്‍ ഇന്ന് ചരിത്രം കുറിക്കും. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും വോട്ടു ചെയ്യാനും ഒരുങ്ങുകയാണ് ഇവിടത്തെ സ്ത്രീകള്‍. ആകെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 900 സ്ത്രീകളാണ് വിവിധ കൗണ്‍സിലുകളിലായി മത്സരിക്കുന്നത്. 6,000 പുരുഷന്‍മാരും മത്സരരംഗത്തുണ്ട്. സ്ത്രീകള്‍ക്ക് വോട്ടവകാശം രേഖപ്പെടുത്താനും അധികാരമുണ്ട്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നാളെ ഉണ്ടാകും. സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതോടെ ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലും സ്ത്രീകള്‍ക്ക് വോട്ടവകാശം എന്ന സ്ഥിതി കൈവരും. സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കാത്ത അവസാനത്തെ രാഷ്ട്രമായിരുന്നു സൗദി അറേബ്യ.
40 ലക്ഷം വോട്ടര്‍മാരാണ് ആകെ സൗദിയിലുള്ളത്. ഇതില്‍ 1.3 ലക്ഷം സ്ത്രീകള്‍ വോട്ടര്‍പട്ടികയില്‍ പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്കു മാത്രമായി 424 പോളിംഗ് സ്‌റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് അവകാശം നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരംഭിച്ചത് അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവായിരുന്നു. വനിതകള്‍ക്കും വോട്ടവകാശം നല്‍കുന്നതിനെ സ്വാഗതം ചെയ്ത് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ അപ്പോഴും പ്രചാരണരംഗത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രചാരണത്തിനായി സ്വന്തം ഫോട്ടോകള്‍ നോട്ടീസിലോ മറ്റോ ഉപയോഗിക്കാന്‍ പാടില്ല.
സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതിനെ ഇനിയും അംഗീകരിക്കാന്‍ രാജ്യത്തെ പുരുഷന്‍മാര്‍ക്കായിട്ടില്ല. വാഹനമോടിക്കാന്‍ പോലും സ്ത്രീകളെ അനുവദിക്കാത്ത സൗദിയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. 2005-ലാണ് സൗദിയില്‍ ആദ്യത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നത്. ആറുവര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുള്ള രാജാവ് സ്ത്രീകള്‍ക്ക് വോട്ടവകാശം വൈകാതെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനമാണ് ഇപ്പോള്‍ നടപ്പാകുന്നത്. ഇതിനു പുറമേ ഷുറാ കൗണ്‍സിലിലും വനിതകള്‍ക്ക് അബ്ദുള്ള രാജാവ് അംഗത്വം നല്‍കിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post