ആലപ്പുഴ: ശിവഗിരി സന്യാസിമാര്‍ക്കെതിരെ പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റം പറയുന്നവര്‍ നേരത്തെ പലപ്പോഴും അദ്ദേഹത്തിന്റെ ഔദാര്യം പറ്റിയവരാണെന്നും ശിവഗിരിയില്‍ ക്ഷണിക്കാതെ തന്നെ ആര്‍ക്കും പോകാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ശിവഗിരിയിലെ സന്യാസിമാര്‍ക്ക് പ്രധാനമന്ത്രിയേക്കാള്‍ വലിയവരെന്ന് അഹങ്കാരമാണെന്നും അവരില്‍ ചിലര്‍ സൂപ്പര്‍ താരങ്ങളാകാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മോഡി ശിവഗിരി മഠത്തില്‍ വരുന്നത് തങ്ങളുടെ ക്ഷണമില്ലാതെയാണെന്ന സന്യാസി സമൂഹത്തിന്റെ പ്രസ്താവന അനവസരത്തില്‍ ആയിപ്പോയെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മോഡി ക്ഷണിക്കാതെയാണ് വരുന്നതെന്നും, അദ്ദേഹത്തിന്റ വരവിന് വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും ട്രസ്റ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വിവാദമായതോടെ മഠത്തിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും, മഠത്തിന്റെ കത്ത് താനാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അതേസമയം, ബിഡിജെഎസിന്റെ ചിഹ്‌നം കൂപ്പുകൈ തന്നെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കൈപ്പത്തി ചിഹ്നവും കൂപ്പുകൈ ചിഹ്നവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അരിവാള്‍ ചുറ്റിക നക്ഷത്രവും അരിവാള്‍ നെല്‍കതിരും തമ്മിലും സാമ്യമുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

Get real time update about this post categories directly on your device, subscribe now.