ദില്ലി: പ്രതിരോധ ഉപകരണക്കൈമാറ്റവും സൈനികേതര ആവശ്യങ്ങള്‍ക്കുള്ള ആണവോര്‍ജ സഹകരണവും ഉള്‍പ്പെടെ നാലു തന്ത്രപ്രധാന കരാറുകളില്‍ ഇന്ത്യയും ജപ്പാനും ധാരണയായി. ദില്ലിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കരാറുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും ഒപ്പുവച്ചു. ഇന്ത്യയില്‍ ബുളറ്റ് ട്രെയിനുകള്‍ ഓടിക്കുന്നതിനുള്ള പദ്ധതി ജപ്പാന്‍ നടപ്പാക്കും. ആണവകരാറിനെതിരേ സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രംഗത്തെത്തി.
98000കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ കരാറിനാണ് ഇന്ത്യയും ജപ്പാനും ധാരണയായത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഇന്ത്യന്‍ റെയില്‍വേയില്‍ വിപ്ലവാത്മകമായ മാറ്റമുണ്ടാക്കുമെന്നും സാമ്പത്തിക പരിവര്‍ത്തനത്തിന്റെ പ്രേരകശക്തിയായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനില്‍ 505 കിലോമീറ്റര്‍ ഇപ്പോള്‍ യാത്ര ചെയ്യാന്‍ വേണ്ട എട്ടു മണിക്കൂര്‍ മൂന്നു മണിക്കൂറായി കുറയുമെന്നും മോദി പറഞ്ഞു.
ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍നിന്നു മാരുതി കാറുകള്‍ ഇറക്കുമതി ചെയ്യാനും ജപ്പാന്‍ സന്നദ്ധമായതായി മോദി പറഞ്ഞു. ഇന്ത്യയില്‍ ജാപ്പനീസ് കമ്പനി നിര്‍മിക്കുന്ന കാറുകള്‍ ജപ്പാനിലേക്കു കയറ്റി അയക്കുകയാണു ചെയ്യുക. ഇന്ത്യയും ജപ്പാനും തമ്മില്‍ അതിവേഗ ട്രെയിനിനു മാത്രമല്ല, അതിവേഗ വളര്‍ച്ചയ്ക്കും ധാരണയായിരിക്കുകയാണെന്നും കരാറുകളില്‍ ഒപ്പിട്ടശേഷം മോദി വ്യക്തമാക്കി.
ഇന്ത്യ-ജപ്പാന്‍ ബന്ധം പുതിയ തലത്തിലേക്ക് ഉയരുകയാണെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ ജപ്പാന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കുമെന്നും ആബേ പറഞ്ഞു.
ഇന്ത്യയും ജപ്പാനും ഒപ്പുവച്ച ആണവകരാര്‍ ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് എതിരാണെന്നു സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. അമേരിക്കയുടെ നയങ്ങളെ സാധൂകരിക്കുന്നതാണ് കരാര്‍. ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കാരാട്ട് പറഞ്ഞു. കരാറില്‍ ഒപ്പിട്ടതിനെതിരേ ദില്ലിയില്‍ സിപിഐഎമ്മിന്റെയും സിപിഐഎംഎല്ലിന്റെയും നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post