വെള്ളാപ്പള്ളി വിലക്കി; ആര്‍ ശങ്കര്‍ പ്രതിമാ അനാഛാദന ചടങ്ങില്‍നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി; പിന്നില്‍ ആര്‍എസ്എസ് എന്നു ചെന്നിത്തല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍ ശങ്കറിന്റെ പ്രതിമ അനാഛാദനം ചെയ്യുന്ന പരിപാടിയില്‍നിന്നു സംഘാടകരുടെ അഭ്യര്‍ഥന മാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി. സംഘാടകരുടെ ആവശ്യപ്രകാരം പരിപാടിയില്‍നിന്നു പിന്‍മാറുന്നാതായി വാര്‍ത്താക്കുറിപ്പിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയെ ക്ഷണിച്ചത് സംഘാടകരായ എസ്എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. ഇപ്പോള്‍ വെള്ളാപ്പള്ളിതന്നെ ഫോണില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ഉമ്മന്‍ചാണ്ടി ചടങ്ങില്‍നിന്നു പിന്‍മാറിയത്.

ഈ മാസം പതിനഞ്ചിന് കൊല്ലത്താണ് പ്രതിമ അനാഛാദനച്ചടങ്ങു നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ ചില കേന്ദ്രങ്ങളില്‍നിന്ന് എതിര്‍പ്പുണ്ടെന്നും പരിപാടിയില്‍നിന്ന്് പിന്‍മാറുന്നതായും കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പു പുറപ്പെടുവിച്ചത്. അധ്യക്ഷനായിട്ടായിരുന്നു മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ താന്‍ രണ്ടു വിധത്തില്‍ ബാധ്യസ്ഥനായിരുന്നു. ആര്‍ ശങ്കര്‍ കെപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയും ആയിരുന്നു. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ പ്രോട്ടോക്കോള്‍ പ്രകാരവും പൊതു മര്യാദ അനുസരിച്ചും താന്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതാണ്. ക്ഷണിച്ച സംഘാടകര്‍ തന്നെ മറ്റൊരു നിലപാടു സ്വീകരിച്ചതിനാലാണ് തനിക്ക് ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടിവന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം പ്രധാനമന്ത്രിയെ അറിയിക്കും. അദ്ദേഹമാണ് പ്രതിമ അനാഛാദനം ചെയ്യുന്നത്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ കൊച്ചിയില്‍ മുഖ്യമന്ത്രി ഉണ്ടാകുമെന്നും തിരുവനന്തപുരത്തുനിന്നു യാത്രയാകുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്നു കേരളത്തിന്റെ കാര്യങ്ങള്‍ അദ്ദേഹത്തോട് ഉന്നയിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബിജെപിയുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയോട് വെള്ളാപ്പള്ളി ചടങ്ങില്‍നിന്നു പിന്‍മാറാന്‍ ആവശ്യപ്പെട്ടതെന്നു സൂചനയുണ്ട്. തങ്ങള്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും കാരണമെന്താണെന്നു വ്യക്തമാക്കേണ്ടതു വെള്ളാപ്പള്ളി തന്നെയാണെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം എം ടി രമേശ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here