നിങ്ങളുടെ ബന്ധം തകര്‍ക്കുന്ന വില്ലന്‍ നിങ്ങള്‍ തന്നെയാണോ? തിരിച്ചറിയാന്‍ ചില കാരണങ്ങള്‍

ഒരു ദാമ്പത്യബന്ധത്തില്‍ തകര്‍ച്ചയുടെ പ്രധാന വില്ലന്‍ ആരായിരിക്കും. ചിലപ്പോള്‍ അത് അവനവന്‍ തന്നെയായിരിക്കാം. ആശയവിനിമയത്തിലെ ചില തകരാറുകള്‍ ബന്ധം തകരുന്നതിലേക്കു വരെ എത്തിക്കും. എങ്കില്‍ എന്തായിരിക്കും ആ തകരാറുകള്‍. പൊതുവായ ചില ആശയവിനിമയ ശീലങ്ങള്‍ താഴെ പറയുന്നു. ഇവയില്‍ അല്‍പം ശ്രദ്ധചെലുത്തിയാല്‍ ദാമ്പത്യം തകരാതെ മുന്നോട്ടു കൊണ്ടുപോകാനാകും.

പങ്കാളിയുമായി സംസാരിക്കുമ്പോള്‍ കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക

മിക്ക ആളുകളിലും പൊതുവായി കാണുന്ന ഒരു ശീലമാണിത്. പങ്കാളിയുമായി സംസാരിക്കുന്ന സമയങ്ങളില്‍ അവരുടെ കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുക എന്നത്. ബന്ധം തകരാന്‍ കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട കാരണവും ഇതുതന്നെയാണ്. പലപ്പോഴും സംയമനം വിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തില്‍ കണ്ണില്‍ നോക്കി സംസാരിക്കാതിരിക്കുന്നത്. അതുകൊണ്ട് ബന്ധം സുഗമമായി മുന്നോട്ടു പോകണമെങ്കിലും പങ്കാളിയുമായി സ്‌നേഹബന്ധം ശക്തമാക്കണമെങ്കിലും ഈ ശീലം പാടെ ഉപേക്ഷിക്കുക. ഇത് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയല്ല, മറിച്ച് രൂക്ഷമാക്കുകയേ ചെയ്യൂ.

പങ്കാളിക്കും തനിക്കുമിടയില്‍ മതില്‍ സൃഷ്ടിക്കാതിരിക്കുക

പോരടിക്കുമ്പോഴോ പിണങ്ങിയാലോ ആശയവിനിമയം മുടങ്ങിപ്പോകും. ഇരുവര്‍ക്കുമിടയില്‍ ഇത്തരം ഒരു മതില്‍ സൃഷ്ടിക്കാതിരിക്കുകയാണ് ആദ്യം വേണ്ടത്. അതായത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒന്നുകില്‍ മിണ്ടാതിരിക്കുയോ, തുടര്‍ച്ചയായ സംസാരം ഒഴിവാക്കുകയോ ചെയ്യും. അതല്ലെങ്കില്‍ ഫീലിംഗ്‌സ് പങ്കുവയ്ക്കുകയാണ് ചെയ്യേണ്ടത്. ഇഷ്ടമില്ലാത്ത വിഷയം ആണെങ്കില്‍ പോലും സംസാരം ഒഴിവാക്കുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല. തുടര്‍ച്ചയായി സംസാരിച്ച് ഒരു ശാശ്വതമായ പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

ക്ഷമാപണത്തിന് തയ്യാറാകാതിരിക്കുക

അവനവന്റെ ഭാഗത്തുനിന്ന് തെറ്റ് എന്തു സംഭവിച്ചാലും തെറ്റ് അംഗീകരിച്ച് ക്ഷമാപണം നടത്തുക. അതില്‍ യാതൊരു കുറവും വിചാരിക്കേണ്ടതില്ല. വെറുതെ ദുരഭിമാനി ചമയുകയും തെറ്റുകള്‍ അംഗീകരിക്കാന്‍ തയ്യാറാകാതെ നടക്കുകയും ചെയ്യരുത്. നിങ്ങളുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്തം നിങ്ങള്‍ തന്നെ ഏറ്റെടുക്കണം. അതിന്റെ ഭവിഷ്യത്ത് എന്തായാലും കാര്യമാക്കാതെ വിടുക. അമിതമായ ഈഗോ വെറുതെ കളഞ്ഞേക്കൂ.

കുത്തുവാക്ക് പറയുക

പങ്കാളിയുമായി വഴക്കുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ കുത്തുവാക്കുകള്‍ പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. പ്രശ്‌നം പരിഹരിക്കാനാണ് നോക്കേണ്ടത്. അല്ലാതെ കൂടുതല്‍ വഷളാക്കാനല്ല. കുത്തുവാക്കു പറയുക എന്നത് അഭിപ്രായപ്രകടനത്തിന്റെ ഏറ്റവും രൂക്ഷമായ ഒന്നാണ്. ചിലപ്പോള്‍ അത് തമാശയാണെങ്കില്‍ പോലും അസ്ഥാനത്തായി പോകാറുണ്ട്.

കലഹിക്കുക

നിസാരമായ കാര്യങ്ങള്‍ക്ക് പോലും വെറുതെ വഴക്കടിക്കുകയും പേശുകയും ചെയ്യുന്നതാണ് കലഹിക്കല്‍. ആരു എന്തു പറഞ്ഞു എന്നതല്ല കാര്യം. കാര്യങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ശ്രദ്ധിക്കണം. പങ്കാളിയെ മാത്രം കുറ്റം പറയാതെ അവനവന്റെ വീഴ്ചകള്‍ കൂടി ശ്രദ്ധിച്ചാല്‍ സ്ഥിതി വഷളാകാതെ നോക്കാം.

മുറിവിട്ട് ഇറങ്ങിപ്പോകുക

വാക്കുതര്‍ക്കത്തിനിടെ ആശയവിനിമയം നടത്താതെ മതില്‍ തീര്‍ക്കുന്നതിനു സമാനമാണ് മുറിവിട്ട് ഇറങ്ങിപ്പോകുന്നതും. പങ്കാളി സംസാരിക്കുമ്പോള്‍ ഒരിക്കലും മുറിവിട്ട് ഇറങ്ങിപ്പോകാതിരിക്കുക. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇതൊരിക്കലും നല്ല ആശയമല്ല. ചുരുങ്ങിയപക്ഷം അവിടെ തന്നെ ഇരുന്ന് പങ്കാളിക്ക് എന്താണെന്ന് ശ്രദ്ധിക്കുകയാണ് വേണ്ടത്. അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടാകും. അതൊരുപക്ഷേ പ്രശ്‌നപരിഹാരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതും ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here