ദില്ലി: യൂബര്‍ ശൃംഖലയുടെ ടാക്‌സി കാറില്‍ ജനിച്ച കുട്ടിക്കു പേര് യൂബര്‍. ദില്ലിയില്‍ കഴിഞ്ഞദിവസം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യൂബര്‍ കാറില്‍ പ്രസവിച്ച യുവതിയുടെ കുട്ടിക്കാണ് യൂബര്‍ എന്നു പേരിട്ടത്. ആംബുലന്‍സിനായി ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ യൂബറില്‍ അഭയം തേടിയത്.
തെക്കന്‍ ദില്ലിയിലെ ദേവ്‌ലിയില്‍നിന്നാണ് യുവതി കാര്‍ വിളിച്ചത്. ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകാനാണ് ആവശ്യപ്പെട്ടത്. ഒപ്പം രണ്ടു സ്ത്രീകളുമുണ്ടായിരുന്നു. സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കു സഞ്ചരിക്കുന്നതിനിടയില്‍ യുവതിക്കു പ്രസവവേദന കലശലായി. കൂടെയുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായപ്പോള്‍ ഡ്രൈവര്‍ കാര്‍ നിര്‍ത്തി യുവതിക്കുവേണ്ട സൗകര്യം ചെയ്തു കൊടുക്കാന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നു കാബിനുള്ളില്‍ യുവതി പ്രസവിച്ചു.
കാറിലെ സീറ്റിലുണ്ടായിരുന്ന ടര്‍ക്കികള്‍ ഉപയോഗിച്ചു രക്തം തുടച്ചുകളയുകയും സൂക്ഷിച്ചിരുന്ന കുടിവെള്ളം യുവതിക്കു നല്‍കി ഡ്രൈവര്‍ ഷാനവാസ് മാതൃകയാവുകയും ചെയ്തു. തുടര്‍ന്നു പോകുന്നവഴിയിലുണ്ടായിരുന്ന സ്ത്രീകള്‍ക്കായുള്ള ആശുപത്രിയില്‍ യുവതിയെയും കുട്ടിയെയും പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവാണെന്ന രീതിയില്‍ ഡോക്ടര്‍മാര്‍ സംസാരിച്ചപ്പോള്‍ ഷാനവാസ് നടന്ന കാര്യങ്ങള്‍ പറയുകയായിരുന്നു. തുടര്‍ന്നു ഡോക്ടര്‍മാര്‍ ഷാനവാസിനെ അഭിനന്ദിക്കുകയും ചെയ്തു. ഇന്നലെ ഷാനവാസ് കുടുംബസമേതം യുവതിയെയും കുട്ടിയെയും കാണാനെത്തിയപ്പോഴാണ് കുട്ടിക്കു പേരിടാന്‍ യുവതി ഷാനവാസിനോട് ആവശ്യപ്പെട്ടത്. മറ്റൊന്നും ആലോചിക്കാതെ ഷാനവാസ് യൂബര്‍ എന്ന പേരു നിര്‍ദേശിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post