അഗര്‍ത്തല: ത്രിപുരയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സമ്പൂര്‍ണ്ണ വിജയം. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇടതുഭരണം തുടരും. അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടതുപക്ഷം ഭരണം നിലനിര്‍ത്തി. 13 മുനിസിപ്പല്‍ കൗണ്‍സിലുകളിലും 6 നഗര പഞ്ചായത്തുകളിലും ഇടതുപക്ഷത്തിന് തന്നെയാണ് ഭരണം.
49 സീറ്റുകളുള്ള അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 45 ഇടത്തും ഇടതുപക്ഷം വിജയിച്ചു. അഗര്‍ത്തലയില്‍ സിപിഐഎം നോമിനിയും നിലവിലെ മേയറുമായ പ്രഫുല്ലജിത് സിന്‍ഹ വന്‍ വിജയം നേടി. ഡെപ്യൂട്ടി മേയര്‍ സമര്‍ ചക്രബര്‍ത്തി, ഫൂലന്‍ ഭട്ടാചാര്യ, ഗാര്‍ഗി റോയ് എന്നിവരും ഫോര്‍വേഡ് ബ്ലോക്കിലെ ബിശ്വനാഥ് സിന്‍ഹയും വിജയിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.
അഗര്‍ത്തലയിലെ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി അമര്‍ രഞ്ജന്‍ ഗുപ്ത, ബസന ദേബ്‌നാഥ്, പന്ന ദേബ് എന്നിവര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ തോറ്റു.
12 മുനിസിപ്പല്‍ കൗണ്‍സിലുകളും ആറ് നഗര പഞ്ചായത്തുകളും ഇടതുപക്ഷം തന്നെ ഭരിക്കും. നോര്‍ത്ത് ത്രിപുരയിലെ അംബാസ്സ മുനിസിപ്പല്‍ കൗണ്‍സില്‍ ഭരണം കോണ്‍ഗ്രസില്‍ നിന്നും ഇടതുമുന്നണി പിടിച്ചെടുത്തു. സബ്രൂം നഗര പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. സബ്രൂമില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാനും കോണ്‍ഗ്രസിന് കഴിഞ്ഞില്ല.
20 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 310 സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 291 എണ്ണത്തിലും സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുകക്ഷികള്‍ വിജയിച്ചു. 13 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാനായത്.
മത്സരിച്ച എല്ലായിടത്തും സമ്പൂര്‍ണ്ണ പരാജയമാണ് ബിജെപി ഏറ്റുവാങ്ങിയത്. ആകെ നാല് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. രണ്ടിടത്ത് സ്വതന്ത്രര്‍ വിജയിച്ചു.
കമല്‍പൂര്‍, ബെലോണിയ, മോഹന്‍പൂര്‍, ഖോവായ്, ടെലിയമുറ, റണീര്‍ബസാര്‍, ശാന്തിബസാര്‍, മേലാഘര്‍ എന്നിവ ഉള്‍പ്പെടെ 9 ഇടത്ത് ഇടതുഭരണത്തിന് പ്രതിപക്ഷമില്ല. ജിറാനിയ നഗരപഞ്ചായത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുഴുവന്‍ ഇടതുസ്ഥാനാര്‍ത്ഥികളും എതിരില്ലാതെ വിജയിച്ചിരുന്നു.
ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പം നിന്ന മുഴുവന്‍ ജനങ്ങളെയും സിപിഐഎം പൊളിറ്റ്ബ്യൂറോ അഭിവാദ്യം ചെയ്തു.
Get real time update about this post categories directly on your device, subscribe now.
Discussion about this post