മോദിയുടെ വിസാരേഖകള്‍ ഹാജരാക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന് അമേരിക്കന്‍ കോടതിയുടെ നിര്‍ദ്ദേശം; സന്ദര്‍ശന നിരോധനം നീക്കിയതിന് വിശദീകരണവും നല്‍കണം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് യുഎസ് കോടതിയുടെ നിര്‍ദ്ദേശം. നേരത്തെ നടത്തിയ അമേരിക്കന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ ആണ് ഹാജരാക്കേണ്ടത്. നരേന്ദ്ര മോദിക്ക് അമേരിക്ക സന്ദര്‍ശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഒബാമ ഭരണകൂടം നീക്കിയതിന് വിശദീകരണം നല്‍കാനും സര്‍ക്കാരിന് ന്യൂയോര്‍ക്കിലെ സതേണ്‍ ജില്ലാ ജഡ്ജി നിര്‍ദ്ദേശിച്ചു.

ജഡ്ജി ജോണ്‍ കോയേല്‍ടെല്‍ ഡിസംബര്‍ ഒന്‍പതിന് ആണ് ഉത്തരവിട്ടത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോടാണ് നിര്‍ദ്ദേശം നല്‍കിയത്. രേഖകള്‍ ഒരുമാസത്തിനകം ഹാജരാക്കണം. വരുന്ന ഫെബ്രുവരി 29ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

അമേരിക്കന്‍ വിവരാവകാശ നിയമം അനുസരിച്ച് സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടന മോദിയുടെ വിസാ രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. 2013 ജൂണ്‍ മുതലുള്ള രേഖകള്‍ ആണ് ആവശ്യപ്പെട്ടത്. എന്നാല്‍ രേഖകള്‍ നല്‍കാന്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല. തുടര്‍ന്നാണ് എസ്എഫ്‌ജെ ജില്ലാ കോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here