പരീക്ഷ എഴുതിയത് 12,000 പേര്‍; ജയിച്ചത് 20,000 പേര്‍; അന്തംവിട്ട് അംബേദ്കര്‍ സര്‍വകലാശാല

ആഗ്ര: ബിആര്‍ അംബേദ്കര്‍ സര്‍വകലാശാല നടത്തിയ ബി-എഡ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ ഞെട്ടിയത് സാക്ഷാല്‍ സര്‍വകലാശാല തന്നെയായിരുന്നു. കാരണം എന്തെന്നല്ലേ. ആകെ 12,800 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഫലം വന്നപ്പോള്‍ വിജയിച്ചവരുടെ എണ്ണം 20,000-ല്‍ അധികം. ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പേ പിഴവ് ശ്രദ്ധയില്‍ പെട്ടതിനാല്‍ കാര്യമായ നാണക്കേടില്ലാതെ കാര്യങ്ങള്‍ ഒഴിവായിക്കിട്ടി. ഫലം പിടിച്ചുവയ്ക്കുകയും ചെയ്തു. സംഭവം അന്വേഷിക്കാന്‍ യൂണിവേഴ്‌സിറ്റി ഉത്തരവിറക്കുകയും ചെയ്തു. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണം നടക്കുന്നുണ്ട്. പല സ്വകാര്യ കോളജ് അധികൃതരും ക്രമക്കേടിന് ജയിലില്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പരീക്ഷ എഴുതിയവരുടെ ഫലം പുറത്തുവന്നപ്പോള്‍ ജയിച്ചവരുടെ എണ്ണം 20,089 എന്നാണ് കണ്ടത്. എല്ലാ അഫിലിയേറ്റഡ് കോളജുകളില്‍ നിന്നുമായി 12,800 വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിരുന്നത്. സ്വകാര്യ കോളജുകള്‍ക്ക് സര്‍വകലാശാല കത്തയച്ചിട്ടുണ്ട്. അധികംവന്ന കുട്ടികള്‍ ഏതെങ്കിലും സ്വകാര്യ കോളജുകളിലേതാണോ എന്ന് അന്വേഷിച്ചാണ് കത്തയച്ചിട്ടുള്ളത്. 7,000-ഓളം വരുന്ന വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് സംശയമുള്ളത്. പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്ന സ്വകാര്യ ഏജന്‍സിയാണ് വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവു കണ്ടെത്തിയത്. ഇതോടെ ഫലം പ്രസിദ്ധീകരിക്കാനാവില്ലെന്ന് ഏജന്‍സി സര്‍വകലാശാലയെ അറിയിക്കുകയായിരുന്നു.

രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പട്ടികയുമായി ഹാജരാകാന്‍ വൈസ് ചാന്‍സലര്‍ സ്വകാര്യ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒഴിഞ്ഞു കിടന്ന പല സീറ്റുകളും സ്വന്തം നിലയ്ക്ക് നികത്തിയതായും ഈ വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് ഹാജരായതായും സ്വകാര്യ കോളജുകള്‍ സര്‍വകലാശാലയ്ക്ക് മറുപടി നല്‍കി. 2013-14 അക്കാദമിക് വര്‍ഷത്തില്‍ 191 ബി-എഡ് കോളജുകളാണ് ബിആര്‍ അംബേദ്കര്‍ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരുന്നത്. സ്വകാര്യ കോളജുകള്‍ പറയുന്നത് അവരുടെ 40 ശതമാനം സീറ്റുകളും വേക്കന്റ് ആയിരുന്നെന്നാണ്. അതിനാല്‍ അവര്‍ക്ക് നഷ്ടം ഉണ്ടായതായും കോളജുകള്‍ മറുപടി നല്‍കി. ഒരു ഹൈക്കോടതി വിധിയുടെ മറപിടിച്ചാണ് സ്വകാര്യ കോളജുകള്‍ തങ്ങളുടെ ഡപിഴവിനെ ന്യായീകരിക്കുന്നത്.

അധികമായി വന്ന വിദ്യാര്‍ത്ഥികള്‍ എല്ലാം ഈ ഹൈക്കോടതി വിധിയുടെ സമയത്ത് കോളജില്‍ ചേരുകയോ അല്ലെങ്കില്‍ ഫൈനല്‍ പരീക്ഷയ്ക്ക് തൊട്ടുമുമ്പോ ചേര്‍ന്നതാകാം എന്നാണ് സര്‍വകലാശാല അധികൃതര്‍ നല്‍കുന്ന വിവരം. അവര്‍ കോളജുകളില്‍ പഠിക്കുകയോ എന്‍ട്രന്‍സ് പരീക്ഷ പാസാകുകയോ ചെയ്തിട്ടുണ്ടാവില്ലെന്ന് സര്‍വകലാശാല കണക്കാക്കുന്നു. ഇതിനായി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുകയും കൗണ്‍സലിംഗ് സെഷന്റെ സിഡി ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel